ഇന്റർനെറ്റ് നിരോധിച്ചാൽ കലാപം തടയാനാവുമോ? ഡിജിറ്റൽ ഇന്ത്യയിൽ ചർച്ചയാവുന്ന പുതിയ വിഷയം
Mail This Article
തെറ്റായ വിവരങ്ങളുടെ പ്രചാരണം, വ്യാജവാർത്ത എന്നിവ നിയന്ത്രിക്കുന്നതിനായി പല രാജ്യങ്ങളിലും പലപ്പോഴും ഇന്റര്‍നെറ്റിനു പൂർണമായോ ഭാഗികമായോ നിരോധനം ഏർപ്പെടുത്താറുണ്ട്. തെറ്റിദ്ധാരണാജനകമായ വാർത്തകൾ അക്രമത്തിനും കലാപത്തിനും കാരണമാകാമെന്നതിനാലാണ് ഇത്.
ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തുന്ന രാജ്യങ്ങളിൽ മുന്നിലാണ് ഇന്ത്യ. ഏറ്റവുമൊടുവിൽ മണിപ്പുരിലും ഹരിയാനയിലും കലാപമുണ്ടായതിനു പിന്നാലെ ഭരണകൂടം ഇന്റർനെറ്റിന് കൂച്ചുവിലങ്ങിട്ടു. എന്നാൽ ഇന്റർനെറ്റ് വിലക്കുന്നതോടെ കലാപത്തിന് ശമനമുണ്ടാകുന്നുണ്ടോ എന്ന മറുചോദ്യം ഉന്നയിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇന്റർനെറ്റ് മൗലികാവകാശമാണെന്നു സുപ്രീം കോടതി വ്യക്തമാക്കിയ രാജ്യത്ത്, ഡിജിറ്റൽ ഇന്ത്യയെന്ന ആശയവുമായി മുന്നേറുന്ന സർക്കാരിന് ഇത്തരം നിരോധനം ഭൂഷണമാണോ എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നു.
∙ നിരോധനത്തിന്റെ പശ്ചാത്തലം
ഇക്കഴിഞ്ഞ മേയിലാണ് കുക്കി–മെയ്തി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ മണിപ്പുരിൽ ഇന്റർനെറ്റ് നിരോധിച്ചത്. ഹരിയാനയിലെ നൂഹിൽ രണ്ടു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് ഇന്റർനെറ്റിന് വിലങ്ങിട്ടു. എന്നാൽ ഈ നിരോധനങ്ങളും കലാപം നിയന്ത്രിക്കാൻ ഒരുതരത്തിലും ഉപകരിച്ചില്ലെന്നു തെളിയിക്കുന്നതാണ് പിന്നീടുവന്ന റിപ്പോർട്ടുകൾ. മണിപ്പുരിലെ കലാപബാധിത മേഖലകളിൽ എന്താണു സംഭവിക്കുന്നതെന്ന് പുറംലോകം അറിയാൻതന്നെ മാസങ്ങളെടുത്തു. ഇന്റർനെറ്റ് ലഭ്യമായിരുന്നെങ്കിൽ അവിടെ സർക്കാരിന് നേരത്തേ തന്നെ ഫലപ്രദമായി ഇടപെടാൻ കഴിയുമായിരുന്നുവെന്ന് രാഷ്ട്രീയ–സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരടക്കം പലരും പിന്നീട് പറയുകയുമുണ്ടായി.
രാജ്യത്ത് ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തുന്ന ആദ്യ സംഭവമല്ല മണിപ്പുരിലേത്. ‘ആക്സസ് നൗ’ കഴിഞ്ഞ വർഷം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2016 മുതൽ 2022 വരെ ലോകത്തെ 74 രാജ്യങ്ങളിലെ വിവിധയിടങ്ങളിലായി 931 ഇന്റർനെറ്റ് നിരോധനമാണുണ്ടായിട്ടുള്ളത്. ഇതിൽ 569 ഉം ഇന്ത്യയിലാണെന്നത് ശ്രദ്ധേയമാണ്. 2016ൽ 30 തവണ ഇന്റർനെറ്റ് നിരോധനമുണ്ടായപ്പോൾ 2021ൽ അത് 106 ആയി ഉയർന്നു. ജമ്മു കശ്മീർ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലാണ് ഏറ്റവുമധികം തവണ ഇന്റർനെറ്റ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിൽത്തന്നെ പകുതിയിലേറെയും കശ്മീരിലാണ്.
2019 ലെ പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്തു പോലും ഇന്റർനെറ്റിനു നിയന്ത്രണമേർപ്പെടുത്തിയിരുന്നു. നെതർലൻഡ്സ് ആസ്ഥാനമായുള്ള സർഫ് ഷാർക്കിന്റെ റിപ്പോർട്ട് പ്രകാരം 2023 ജൂൺ 30 വരെ ഇന്ത്യയില്‍ 9 തവണ ഇന്റർനെറ്റ് നിരോധിച്ചിട്ടുണ്ട്. ലോകത്താകമാനം 42 ഇന്റർനെറ്റ് നിരോധന സംഭവങ്ങളാണ് ഈ വർഷം ഉണ്ടായിട്ടുള്ളത്. 14 തവണ ഇന്റര്‍നെറ്റ് വിലക്കിയ ഇറാൻ പട്ടികയിൽ ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്. പ്രതിഷേധങ്ങളുടെ പേരിൽ പോലും ഇന്ത്യയിൽ ഇന്റർനെറ്റ് വിലക്കുകയാണെന്ന് സർഫ് ഷാർക്ക് വക്താവ് ഗബ്രിയേൽ ക്രാസോസ്ക് പറയുന്നു. 2012 മുതൽ 2023 ജൂൺ വരെ 422 തവണ കശ്മീരിൽ ഇന്റർനെറ്റ് വിലക്കിയതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. രാജസ്ഥാനും ഉത്തർപ്രദേശുമാണ് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങൾ.
രണ്ടു തരത്തിലാണ് രാജ്യത്ത് ഇന്റര്‍നെറ്റ് വിലക്കുന്നത്. ഒരു പ്രദേശത്തെ ഇന്റർനെറ്റ് സേവനം പൂർണമായി നിരോധിക്കലാണ് ആദ്യത്തേത്. നെറ്റ്‌വർക്കിന്റെ സ്പീഡ് കുറയ്ക്കലാണ് രണ്ടാമത്തെ രീതി. 4ജി നെറ്റ്‌വർക്കിനെ 2ജി ആക്കുന്നതു പോലുള്ള നടപടിയാണ് ഇതിലൂടെ സ്വീകരിക്കുക. ആളുകളിലേക്ക് വ്യാജ വാർത്തകൾ എത്തുന്നതിന്റെ വേഗം കുറയ്ക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.
∙ ഇന്റർനെറ്റ് മൗലികാവകാശം
ഇന്ത്യയിൽ ഇന്റർനെറ്റ് പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചത് 2020 ലാണ്. തൊട്ടുമുൻപത്തെ വർഷം ഭരണഘടനയുടെ 370–ാം അനുച്ഛേദം റദ്ദാക്കിയതിനു പിന്നാലെ കശ്മീരിൽ ഇന്റർനെറ്റിനു വിലക്കേർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ സുപ്രധാന നിരീക്ഷണം. അനിശ്ചിതമായ ഇന്റർനെറ്റ് നിയന്ത്രണം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അനുച്ഛേദം 19 (1)(എ) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനു കീഴിൽ ഇന്റർനെറ്റും ഉൾപ്പെടുമെന്നും ഭരണഘടന അനുശാസിക്കുന്ന പ്രത്യേക അവസരങ്ങളിൽ മാത്രമേ ഇതിന് നിയന്ത്രണമേർപ്പെടുത്താവൂ എന്നും കോടതി അന്നു പറഞ്ഞിരുന്നു.
ഇന്റർനെറ്റ് നിരോധനത്തെ മനുഷ്യാവകാശ ലംഘനമായി കണക്കാക്കാമെന്ന് ഐക്യരാഷ്ട്ര സംഘടനയും അഭിപ്രായപ്പെടുന്നു. വിവരാവകാശത്തെ പോലും ഹനിക്കുന്നതാണ് ഇന്റർനെറ്റ് നിരോധനമെന്നും ഇതിൽനിന്നു ഭരണകൂടങ്ങള്‍ പിന്മാറണമെന്നും യുഎൻ പറയുന്നു. വേഗത്തിലുള്ള വിവരവിനിമയം സാധ്യമാക്കാൻ ഇന്റർനെറ്റ് എല്ലാവർക്കും ലഭ്യമാകേണ്ടത് അനിവാര്യമാണ്. ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെ ഇന്ന് ലഭ്യമാക്കുന്ന സേവനങ്ങൾ നിരവധിയാണ്. അതിനുള്ള സൗകര്യം നിഷേധിക്കപ്പെടുന്നതിലൂടെ ലോക ജനതയ്ക്കിടയിൽ ഒരു വിഭാഗം മാറ്റിനിർത്തപ്പെടുമെന്നും മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
∙ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന നിരോധനം
ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായും അല്ലാതെയും രാജ്യത്ത് കഴിഞ്ഞ പതിറ്റാണ്ടിൽ എണ്ണമറ്റ ഇന്റർനെറ്റ് അധിഷ്ഠിത ബിസിനസ് സംരംഭങ്ങള്‍ ഉയർന്നു വന്നിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നത് ലാഭകരമായാണ്. എന്നാൽ സമീപകാലത്തെ ഇന്റർനെറ്റ് നിയന്ത്രണങ്ങളിലൂടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീമമായ നഷ്ടമുണ്ടായതായാണ് പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നത്. അടുത്തിടെ മണിപ്പുരിലും പഞ്ചാബിലുമുണ്ടായ ഇന്റർനെറ്റ് ഷട്ട്ഡൗൺ ഇരുനൂറു കോടിയോളം ഡോളറിന്റെ നഷ്ടമാണ് ഇന്ത്യയ്ക്കു വരുത്തിയതെന്ന് ബിസിനസ് ടുഡേ റിപ്പോർട്ടു ചെയ്തു. ഇതിനു പുറമെ 12 കോടി ഡോളറിന്റെ വിദേശനിക്ഷേപം നഷ്ടമായെന്നും ഐടി മേഖലയിൽ 21,268 പേർക്ക് ജോലി നഷ്ടപ്പെട്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഇന്റർനെറ്റ് ലഭ്യതയുടെ പ്രാധാന്യം അടിവരയിടുന്നതാണ് ഈ റിപ്പോർട്ടുകൾ.
ഡിജിറ്റൽ ഇന്ത്യയുെട ഭാഗമായി രാജ്യത്തെ ഏതാണ്ട് എല്ലാ ബാങ്കുകളെയും ഇന്റർനെറ്റ് ബാങ്കിങ്ങിന്റെ ഭാഗമാക്കിയിട്ടുണ്ട്. പണമിടപാടുകൾ ഏറെക്കുറെ യുപിഐ ഇടപാടുകളിലേക്ക് മാറി. യുവാക്കൾക്കൊപ്പം പഴയ തലമുറയിലുള്ള പലരും മൊബൈൽ ആപ്പുകൾ ഉപയോഗിച്ചാണ് ഇന്ന് പണമിടപാടു നടത്തുന്നത്. കൈയിൽ പണം കൊണ്ടുനടക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവർക്കു പോലും യുപിഐ പേമെന്റിലൂടെ പണം കൈമാറുന്നത് വ്യാപകമായിക്കഴിഞ്ഞു. ഇന്റർനെറ്റ് നിരോധനം വരുന്നതോടെ ഇത്തരം സാമ്പത്തിക ഇടപാടുകൾ സ്തംഭിക്കുന്ന സാഹചര്യമാണ് ഇതോടെ ഉണ്ടാകുന്നത്. സമ്പദ്‍വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന മറ്റൊരു പ്രശ്നമാണിത്.
കോവിഡ് മഹാമാരിക്ക് ശേഷം ഓൺലൈനായി പഠിക്കുന്നവരുടെ എണ്ണം പതിൻമടങ്ങ് വർധിച്ചിട്ടുണ്ട്. എവിടെയിരുന്നും എപ്പോൾ വേണമെങ്കിലും പഠനത്തിൽ ഏർപ്പെടാമെന്നത് വിദ്യാർഥികളെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. എന്നാൽ ഇതിനും ഇന്റർനെറ്റ് ലഭ്യത പ്രധാന ഘടകമാണ്. രാജ്യത്തിന്റെ ഭാവി വാഗ്ദാനമായ വിദ്യാർഥികൾക്ക് ആവശ്യമായ സൗകര്യം ലഭ്യമാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. വൈദ്യസഹായം പോലും ഓണ്‍ലൈനിൽ ലഭ്യമാക്കിയ സമയമായിരുന്നു കോവിഡിന്റേതെന്ന് ഇതോടൊപ്പം ചേർത്തുവായിക്കപ്പെടേണ്ടതാണ്.
∙ ഡിജിറ്റൽ ഇന്ത്യ നിയമം 2023
2000 ത്തിലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിന് ബദലായി സർക്കാർ അവതരിപ്പിച്ച പുതിയ നിയമമാണ് 'ഡിജിറ്റൽ ഇന്ത്യ നിയമം 2023'. സൈബർ ഇടങ്ങളിലെ വെല്ലുവിളികൾ കൂടുതൽ ഫലപ്രദമായി നേരിടുകയെന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. സൈബർ കുറ്റകൃത്യങ്ങൾ, ഡേറ്റ പ്രൊട്ടക്‌ഷൻ, ഡീപ്ഫേക്, ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകൾ തമ്മിലുള്ള മത്സരം, ഓൺലൈൻ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയെല്ലാം പുതിയ നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്. വ്യാജവാർത്തകളെയും തെറ്റായ വിവരങ്ങളെയും നേരിടാനുള്ള പ്രത്യേക സംവിധാനങ്ങളും നിയമത്തിൽ ഉൾപ്പെടുത്തും. എന്നാൽ ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാകുമോ എന്ന ആശങ്ക പങ്കുവയ്ക്കുന്നവരുമുണ്ട്. ബിൽ ചർച്ചയ്ക്ക് എത്തിയാൽ മാത്രമേ ഇതിൽ വ്യക്തത ഉണ്ടാവുകയുള്ളൂ. ഇതോടൊപ്പം, വരാനിരിക്കുന്ന ഡിജിറ്റൽ വ്യക്തി സുരക്ഷാ നിയമവും ഏറെ പ്രാധാന്യമുള്ളതാണ്. സൈബറിടത്തിലെ സുരക്ഷ ഉറപ്പാക്കണമെങ്കിൽ അതിന് നിയമപരിരക്ഷ അത്യാവശ്യമാണ്.
വ്യാജവാർത്തകൾ തടയാനായി സർക്കാർ ഇന്റര്‍നെറ്റിനു വിലക്ക് ഏർപ്പെടുത്തുമ്പോൾ ഉയരുന്ന ആശങ്കകളും കണക്കിലെടുത്തേ മതിയാകൂ. പൗരാവകാശം ഹനിക്കുന്ന രീതിയിലാവരുത് ഇക്കാര്യത്തിലെ ഇടപെടൽ. കൃത്യമായ സൈബർ അവബോധം പൊതുജനത്തിന് ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. ഇന്റർനെറ്റിന്റെ ദുരുപയോഗം തടയാൻ നിരോധനത്തിനപ്പുറം മറ്റു മാർഗങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. രാജ്യപുരോഗതിയിൽ ഇന്റർനെറ്റ് അധിഷ്ഠിത പ്രവർത്തന മേഖലകൾ നിർണായകമാകുന്നതിനാൽ ഇതിനായി പുതിയ നയം സ്വീകരിക്കേണ്ടിയിരിക്കുന്നു.
English Summary: Can internet ban prevent violence? Things to be consider when banning internet in Digital India