ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനായി കംബോഡിയയിൽ പുതിയ തുറമുഖം നിർമിച്ച് ചൈന. മേഖലയിലെ ഇന്ത്യയുടെ മുന്നേറ്റത്തിന് വലിയ തടസ്സമാകാൻ സാധ്യതയുള്ള നീക്കമാണ് ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. കഴിഞ്ഞ വർഷം കിഴക്കൻ ആഫ്രിക്കയിലെ ജിബൂട്ടിൽ സൈനിക താവളം ഒരുക്കിയതിനു പിന്നാലെയാണ് ചൈന കംബോഡിയയിലെ തുറമുഖത്തിന്റെ നിർമാണവുമായി മുന്നോട്ടു പോകുന്നത്.

ഇന്ത്യൻ മഹാസമുദ്രത്തിൽ വിവിധയിടങ്ങളിൽ വിന്യസിച്ചിട്ടുള്ള ചൈനീസ് യുദ്ധക്കപ്പലുകൾക്ക് ആവശ്യമായ സഹായം പുതിയ തുറമുഖത്തിലൂടെ എത്തിച്ചു നൽകാൻ കഴിയും. ലോകത്തിലെ തിരക്കേറിയ കപ്പൽ പാതകളിലൊന്നായ മലാക്ക കടലിടുക്കിനു സമീപത്തായാണ് കംബോഡിയയിലെ തുറമുഖം വികസിപ്പിച്ചിരിക്കുന്നത്. ദക്ഷിണ ചൈനാക്കടലും ഇന്ത്യൻ മഹാസമുദ്രവും അതിരിടുന്ന പ്രദേശം കൂടിയാണിത്.

∙ വർധിക്കുന്ന ചൈനീസ് വെല്ലുവിളി

350 ലേറെ യുദ്ധക്കപ്പലുകളുള്ള ചൈനീസ് നാവികസേന ഇക്കാര്യത്തില്‍ ലോകത്തിൽ ഒന്നാമതാണ്. അടുത്ത മൂന്ന് വർഷത്തിനകം ഇത് 460 ആയി ഉയർത്താനാണ് ചൈന ലക്ഷ്യമിടുന്നത്. സമുദ്രത്തിൽ നിരീക്ഷണത്തിനു മാത്രമായി 85 കപ്പലുകൾ വിന്യസിക്കാനും ചൈന തയ്യാറെടുക്കുന്നുണ്ട്. ഇതിൽ നിരവധി കപ്പലുകളിൽ ആന്റി–ഷിപ് ക്രൂയിസ് മിസൈലുകളുമുണ്ട്.

കഴിഞ്ഞ വർഷം ഇന്ത്യയുടെ എതിപ്പുകൾ മറികടന്ന് ചൈനയുടെ നിരീക്ഷണക്കപ്പൽ യുവാങ് വാങ്–5 ശ്രീലങ്കയിലെ ഹമ്പൻടോട്ടയിൽ നങ്കൂരമിട്ടിരുന്നു. ഇന്ത്യയുടെ പല നീക്കങ്ങളും മനസ്സിലാക്കാൻ ഈ കപ്പൽവഴി സാധ്യമാകുമെന്ന് പ്രതിരോധ രംഗത്തെ വിദഗ്ധർ അന്ന് ആശങ്കപ്പെട്ടിരുന്നു. ആ കപ്പൽ പിന്നീട് തിരികെ പോയെങ്കിലും യുവാങ് വാങ്–6 നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കൻ ഭാഗത്ത് ഉണ്ടെന്നത് ഇന്ത്യയ്ക്ക് ആശങ്കയാണ്. ഇതുവരെ നിഷ്പക്ഷത പാലിച്ചുപോന്നിരുന്ന കംബോഡിയ ചൈനയുമായി സന്ധിയുണ്ടാക്കിയത് സാമ്പത്തിക നേട്ടങ്ങൾ മുന്നില്‍ക്കണ്ടാകാമെന്ന് വിദഗ്ധർ പറയുന്നു. ചൈനയുടെ വ്യാപാരം കൂടുതലും കടൽ മാർഗമാണന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. 

∙ ഇന്ത്യയുടെ മറുതന്ത്രം

ചൈനീസ് ഭീഷണി മറികടക്കുകയെന്ന ലക്ഷ്യത്തോടെ യുഎസ്, യുകെ. ഫ്രാൻസ്, ജപ്പാൻ തുടങ്ങി ലോകത്തിലെ പ്രധാന നാവിക‌ശക്തികളുമായി ഇന്ത്യ സഖ്യം രൂപവത്കരിച്ചിട്ടുണ്ട്. ജപ്പാൻ‌, യുഎസ്, ഓസ്ട്രേലിയ എന്നിവയുമായി ചേർന്ന് 'മലബാർ' എന്ന പേരിൽ സംയുക്ത നാവികാഭ്യാസവും ഇന്ത്യ നടത്തുന്നുണ്ട്.

ഭൂമിശാസ്ത്രപരമായി ഇന്ത്യയ്ക്ക് നിർണായക സ്വാധീനമാണ് ഇന്ത്യൻ മഹാസമുദ്രത്തിലുള്ളത്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ നാവികത്താവളം ഇന്ത്യയ്ക്ക് മേഖലയിൽ‌ മേൽക്കൈ നൽകുന്നു. നാവികസേനയുടെ എയർക്രാഫ്റ്റുകളും സമുദ്രനിരീക്ഷണത്തിനായി ഉപയോഗിച്ചുവരുന്നു. 

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് ആധിപത്യം ഉറപ്പാക്കാനായി മൗറീഷ്യസിൽ സൈനിക താവളം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇതിന്റെ നിർമാണ പ്രവൃത്തികൾ നടന്നുവരുന്നുണ്ട്. ചൈനീസ് ആധിപത്യത്തെ ചെറുക്കാൻ ഇക്കഴിഞ്ഞ ജുലൈയിൽ വിയറ്റ്നാമിന് ഇന്ത്യൻ നാവികസേനയുടെ ചെറു യുദ്ധക്കപ്പലായ ഐഎൻഎസ് ക്രിപാൺ സമ്മാനിച്ചിരുന്നു. സമാനമായ മറ്റൊരു നീക്കത്തിൽ ഇന്ത്യ അയൽരാജ്യമായ മ്യാൻമറിന് ഐഎന്‍എസ് സിന്ധുവിറും കൈമാറി. ഇതിനുപുറമെ ഫിലിപ്പിൻസുമായി 375 മില്യൻ ഡോളറിന്റെ മിസൈൽ വ്യാപാരക്കരാറിലും ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്. 

English Summary: India's Latest Maritime Headache: Cambodia's New China-Built Port

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com