ADVERTISEMENT

കൊൽക്കത്ത ∙ ബുധനാഴ്ച രാത്രിയിലെ ആ ഫോൺ കോൾ, മകന്റെ ശബ്ദം കേൾക്കാനുള്ള അവസാന അവസരമായിരിക്കുമെന്ന് ആ അമ്മ ഒരിക്കലും കരുതിയിരിക്കില്ല. പതിവിൽനിന്ന് വിപരീതമായി ഏറെ പരിഭ്രമിച്ചാണ് അന്ന് വിളിച്ചതെങ്കിലും സർവകലാശാലാ ക്യാംപസിനകത്തുള്ള ഹോസ്റ്റൽ മുറിയിൽ അവൻ സുരക്ഷിതനായിരിക്കുമെന്ന പ്രതീക്ഷ ആ അമ്മയ്ക്ക് ഉണ്ടായിരുന്നു. എന്നാൽ പ്രതീക്ഷകൾക്ക് കേവലം ഒരു മണിക്കൂർ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. അടുത്ത പ്രഭാതത്തിൽ 18കാരനായ മകന്റെ വിയോഗമാണ് അവർക്ക് നേരിടേണ്ടിവന്നത്. റാഗിങ് ആണ് മകന്റെ ജീവനെടുത്തതെന്നാണ് മാതാപിതാക്കളുടെ പരാതി.

ജാദവ്പുർ സർവകലാശാലയിലെ ഒന്നാംവർഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന സ്വപ്നദിപ് കുണ്ടു ബുധനാഴ്ച രാത്രി 11.45നാണ് ഹോസ്റ്റലിന്റെ രണ്ടാംനിലയിലെ ബാൽക്കണയിൽനിന്ന് താഴേക്ക് വീണത്. സംഭവത്തിന് കഷ്ടിച്ച് ഒരു മണിക്കൂർ മുൻപാണ് സ്വപ്നദിപ് അമ്മയെ വിളിച്ചത്. ഫോൺ എടുത്തയുടനെ താൻ ഏറെ ഭയന്നിരിക്കുകയാണെന്നാണ് അവൻ അമ്മയോട് പറഞ്ഞത്. എന്താണു സംഭവിച്ചതെന്ന അവരുടെ ചോദ്യത്തിന് മറുപടിയായി തനിക്ക് പേടിയാണെന്നും അമ്മ എത്രയും വേഗം വരണമെന്നും ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും അവൻ ഇടറുന്ന സ്വരത്തിൽ പറഞ്ഞവസാനിപ്പിച്ചു. 

പിന്നീടവർ തിരിച്ചു വിളിച്ചെങ്കിലും സ്വപ്നദിപ് ഫോണെടുത്തില്ലെന്ന് അമ്മാവൻ അരുപ് കുണ്ടു പറഞ്ഞു. ഒരു മണിക്കൂറിനുശേഷം, മകൻ ബാൽക്കണിയിൽനിന്ന് വീണെന്നും കൊൽക്കത്തയിൽ എത്തണമെന്നും ആവശ്യപ്പെട്ട് ക്യാംപസിൽനിന്ന് ഫോൺ വന്നു. ആശുപത്രിയിൽ എത്തിയപ്പോൾ ശരീരത്തിൽ വിവിധയിടങ്ങളിൽ മുറിവുള്ളതായി ഡോക്ടർ പറഞ്ഞു. റാഗിങ് സംഭവിച്ചിരുന്നെങ്കിൽ മാത്രമേ ഇത്തരത്തിൽ മുറിവുകൾ ഉണ്ടാവുകയുള്ളൂ എന്നും അരുപ് കുണ്ടു പറയുന്നു. വ്യാഴാഴ്ച പുലർച്ചെ 4.30നാണ് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചത്.  

സ്വപ്നദിപിന്റെ മരണത്തിലേക്ക് നയിച്ചത് റാഗിങ് ആണെന്ന് സഹപാഠികളും ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സ്വപ്നദിപിന്റെ പിതാവ് പൊലീസിൽ പരാതി നൽകി. സർവകലാശാല അധികൃതരും പൊലീസും സംഭവത്തിൽ മൗനം തുടരുകയാണ്. അതേസമയം സർവകലാശാല ക്യാംപസിലെത്തിയ പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് സ്വപ്നദിപിന്റെ രക്ഷിതാക്കളെ കാണുകയും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

നാദിയ ജില്ലയിലെ ബോഗുലയാണ് സ്വപ്നദിപിന്റെ സ്വദേശം. കൊൽക്കത്തയിൽനിന്ന് 100 കിലോമീറ്റർ അകലെയാണിത്. സംഭവത്തിൽ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വെള്ളിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചു.

English Summary: "Scared, Come Fast": Jadavpur Student Told Mother Hour Before Fatal Fall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com