ഗുസ്തി ഫെഡറേഷന് സസ്പെൻഷൻ; ഇന്ത്യൻ പതാകയ്ക്കുകീഴിൽ താരങ്ങൾക്ക് മത്സരിക്കാനാകില്ല
Mail This Article
ന്യൂഡൽഹി∙ തിരഞ്ഞെടുപ്പ് യഥാസമയം നടത്താത്തതിനാൽ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്‌ഐ) അംഗത്വം യുണൈറ്റഡ് വേൾഡ് റസ്‌ലിങ് (യുഡബ്ല്യുഡബ്ല്യു) സസ്പെൻഡ് ചെയ്തു. ഇതോടെ, ഇന്ത്യൻ താരങ്ങൾക്ക് ലോകവേദികളിൽ ഇന്ത്യൻ പതാകയ്ക്ക് കീഴിൽ മത്സരിക്കാനാകില്ല. അതേസമയം, സ്വതന്ത്ര അത്‌ലീറ്റുകളായി മത്സരിക്കാം.
ഗുസ്തി ഫെഡറേഷൻ മുൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാരോപണങ്ങളും മുൻനിര ഗുസ്തി താരങ്ങളുടെ പ്രതിഷേധവും കാരണമാണ് തിരഞ്ഞെടുപ്പ് നീണ്ടത്. ഏപ്രിലിൽ, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒസി) ഗുസ്തി ഫെഡറേഷന്റെ കാര്യങ്ങൾ നിയന്ത്രിക്കാൻ ഒരു അഡ്‌ഹോക് കമ്മിറ്റിയെ നിയമിച്ചിരുന്നു.
45 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്താനും നിർദേശം നൽകി. എന്നാൽ, അതു പലതവണ വൈകി. തിരഞ്ഞെടുപ്പിനുള്ള 45 ദിവസത്തെ സമയപരിധി പാലിച്ചില്ലെങ്കിൽ അംഗത്വം റദ്ദാക്കിയേക്കാവുന്ന സാധ്യതയെക്കുറിച്ച് മേയിൽ യുഡബ്ല്യുഡബ്ല്യു മുന്നറിയിപ്പ് നൽകിയിരുന്നു.
English Summary: UWW suspends Wrestling Federation of India membership