ADVERTISEMENT

53 വര്‍ഷങ്ങൾ! കേരള നിയമസഭയിൽ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയെ പ്രതിനിധീകരിച്ച കാലയളവാണിത്. മറ്റാർക്കും അവകാശപ്പെടാനാവാത്ത നേട്ടം. പുതുപ്പള്ളിക്കാർക്ക് ഉമ്മൻ ചാണ്ടി ആരായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം നല്‍കാൻ ഇതിനപ്പുറം മറ്റൊരു വസ്തുത ആവശ്യമില്ല. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വോട്ടു ചെയ്യാനെത്തിയവരില്‍ മഹാഭൂരിപക്ഷവും അദ്ദേഹത്തെയല്ലാതെ മറ്റൊരു പ്രതിനിധിയെ പുതുപ്പള്ളിയിൽനിന്ന് കണ്ടിരിക്കില്ല. മകൻ ചാണ്ടി ഉമ്മന് വോട്ട് രേഖപ്പെടുത്തുമ്പോഴും ജനമനസ്സിൽ നിറഞ്ഞുനിന്നത് ആ നായകന്റെ മുഖം തന്നെയായിരിക്കണം. തലമുറ മാറ്റത്തോടെ പുതുപ്പള്ളിക്ക് ലഭിക്കുന്ന പുതിയ നായകന്, അതിനുള്ള എല്ലാ അർഹതയുമുണ്ടെന്ന് മനസ്സിലാക്കിത്തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ തിരഞ്ഞെടുപ്പ് ഗോദയിലിറക്കിയതും. 

കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ കെഎസ്‍യുവിലൂടെയാണ് ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ പ്രവേശനം. നിയമ പഠനത്തിനു ശേഷം 5 വർഷം മനു അഭിഷേക് സിങ്‌വിയുടെ ജൂനിയറായി പ്രവർത്തിച്ചു. കെപിസിസി അംഗവും യൂത്ത് കോൺഗ്രസിന്റെ ദേശീയ ഔട്ട്റീച്ച് സെൽ ചെയർമാനുമായിരിക്കെയാണ് ചാണ്ടി ഉമ്മനെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. കോൺഗ്രസിന്റെ ദേശീയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചാണ്ടി ഉമ്മൻ, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും സജീവമായിരുന്നു. പിതാവിന്റെ മരണശേഷം തന്നെ സ്ഥാനാർഥിയാക്കിയതിലൂടെ പാർട്ടി വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിച്ചതെന്നായിരുന്നു സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ചാണ്ടിയുടെ ആദ്യ പ്രതികരണം. ഇപ്പോൾ പാർട്ടിക്ക് ഉപരിയായി ജനവും ആ ഉത്തരവാദിത്തം അദ്ദേഹത്തെ ഏല്‍പിച്ചിരിക്കുകയാണ്.

മുൻ തിരഞ്ഞെടുപ്പുകളിൽ പിതാവിനു വേണ്ടി വോട്ടുതേടി പുതുപ്പള്ളി മണ്ഡലത്തിലുടനീളം സഞ്ചരിച്ചിട്ടുള്ള ചാണ്ടി, ഇത്തവണ സ്വന്തം വിജയത്തിനായാണ് പ്രചാരണരംഗത്തിറങ്ങിയത്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നു നടക്കുന്ന തിരഞ്ഞെടുപ്പിൽ ഏറെ മാനസിക ബുദ്ധിമുട്ടോടെയാണ് ചാണ്ടി ജനത്തെ അഭിമുഖീകരിച്ചത്. പുതുപ്പള്ളിയിലെ ജനതയും ഉമ്മൻ ചാണ്ടിയും തമ്മിലുണ്ടായിരുന്ന ആത്മബന്ധം അവർ തന്നോടും പ്രകടിപ്പിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് പ്രചാരണ ഘട്ടത്തിൽ ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. വികസനവും കരുതലും എന്ന ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനരീതി അതേപോലെ പിന്തുടരുകയെന്നത് പ്രായോഗികമായി വെല്ലുവിളിയാണെങ്കിലും, അത് പിന്തുടരാൻ താൻ പരമാവധി പരിശ്രമിക്കുമെന്ന ചാണ്ടിയുടെ വാക്കുകൾക്കുള്ള അംഗീകാരം കൂടിയാണ് ഈ വിജയം.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥി ചാണ്ടി ഉമ്മന് വരണാധികാരി വിജയിച്ചതായുള്ള സർട്ടിഫിക്കറ്റ് കൈമാറിയപ്പോൾ (Photo: Special Arrangement)
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥി ചാണ്ടി ഉമ്മന് വരണാധികാരി വിജയിച്ചതായുള്ള സർട്ടിഫിക്കറ്റ് കൈമാറിയപ്പോൾ (Photo: Special Arrangement)

ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്കൊപ്പം രാഷ്ട്രീയവും ചർച്ചയാകുന്ന തിര‍ഞ്ഞെടുപ്പാകും ഇതെന്ന ചാണ്ടി ഉമ്മന്റെ വാക്കുകൾ പ്രചാരണ സമയത്ത് യാഥാർഥ്യമായി. പ്രചാരണ രംഗത്ത് എൽഡിഎഫും എൻഡിഎയും സജീവമായിരുന്നു. യുഡിഎഫിനെ നിരന്തരം കുറ്റപ്പെടുത്തുക എന്നതായിരുന്നു ഇരു മുന്നണികളുടെയും സമീപനം. ഭരണകക്ഷിയായ എൽഡിഎഫിന്റെ കീഴിലാണ് മണ്ഡലത്തിലെ ആകെയുള്ള എട്ടിൽ ആറ് പഞ്ചായത്തുകളും. എന്നിട്ടും വികസനമെത്തിയില്ലെങ്കിൽ അതിന് എംഎൽഎയെ മാത്രം പഴിചാരുന്നതിൽ അർഥമില്ലെന്ന യാഥാർഥ്യം ജനം തിരിച്ചറിഞ്ഞെന്നു വേണം കരുതാൻ. ഓണക്കാലത്തുപോലും അവശ്യ സാധനങ്ങൾ ലഭ്യമാക്കാത്ത സർക്കാരിനെ ചാണ്ടി വിമർശിച്ചു. സൈബർ ഇടത്തിലെ വ്യക്തിപരമായ ആക്രമണങ്ങളിൽനിന്നും പരമാവധി മാറിനിൽക്കാൻ ചാണ്ടി ഉമ്മൻ ശ്രദ്ധിച്ചിരുന്നു. സഹോദരി അച്ചുവിനുനേരെ ഉയർന്ന ആക്രമണങ്ങളിൽ അവർ നേരിട്ടെത്തി പ്രതികരിച്ചു. 

തനിക്കെതിരെയുള്ള ആക്രമണങ്ങൾ വിഷമമുണ്ടാക്കുന്നതാണെന്നും അതിനുള്ള മറുപടി ജനം നൽകുമെന്നുമായിരുന്നു അച്ചുവിന്റെ  പ്രതികരണം. പുതുപ്പള്ളിയെ സ്നേഹിച്ച ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിക്കാര്‍ നൽകുന്ന ഏറ്റവും വലിയ യാത്രയയപ്പ് വോട്ടെടുപ്പ് ദിവസം ഉണ്ടാകുമെന്ന അച്ചു ഉമ്മന്റെ വാക്കുകള്‍ യാഥാർഥ്യമായിരിക്കുകയാണ്. നിയമസഭയിൽ ഉമ്മൻ ചാണ്ടി ഒഴിച്ചിട്ടു പോയ കസേരയിൽ ഇനി ചാണ്ടി ഉമ്മനുണ്ടാകും. പിതാവിനെപ്പോലെ ജനമനസ്സുകളിൽ കുടിയേറാൻ ചാണ്ടിക്കും കഴിയുമെന്ന പ്രതീക്ഷയോടെയാണ് പുതുപ്പള്ളിക്കാർ അദ്ദേഹത്തെ വിജയകിരീടം ചൂടിക്കുന്നത്. ഒരാൾ മറ്റൊരാള്‍ക്ക് പകരമാകില്ലെങ്കിലും തലമുറമാറ്റത്തിന്റെ ഈ വിജയം പുതുപ്പള്ളിക്കാർ ചാണ്ടി ഉമ്മന് സമ്മാനിക്കുമ്പോൾ, ഒരു നാടിനെ മുന്നോട്ടു നയിക്കാനുള്ള വലിയ ഉത്തരവാദിത്തമാണ് അദ്ദേഹത്തിൽ വന്നുചേരുന്നത്.

ഉമ്മൻ ചാണ്ടിയുടെ മൂന്നു മക്കളിൽ രണ്ടാമനാണ് ചാണ്ടി ഉമ്മൻ. തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂളിലും ലയോള സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽനിന്നു ചരിത്രത്തിൽ ബിരുദം നേടിയ ചാണ്ടി ഉമ്മൻ, ഡൽഹി സർവകലാശാലയിൽനിന്നു ക്രിമിനോളജി, കോൺസ്റ്റിറ്റ്യൂഷൻ ആന്‍ഡ് അഡ്മിനിസ്ട്രേഷനിൽ നിയമ ബിരുദം നേടി. ബംഗളുരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കോൺസ്റ്റിറ്റ്യൂഷണൽ ലോയിൽ എൽഎൽഎം പൂർത്തിയാക്കി.മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുഗ് ഭാഷകളിൽ പ്രാവീണ്യം നേടിയ അദേഹം ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് സമ്മർ കോഴ്‌സും പാസായിട്ടുണ്ട്.

സെന്റ് സ്റ്റീഫൻസ് കോളേജ് സ്റ്റുഡന്റ്‌സ് യൂനിയൻ പ്രസിഡന്റായിരുന്നു, എൻഎസ്‌യുഐ ദേശീയ തിരഞ്ഞെടുപ്പ് സമിതി അംഗം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കോമൺവെൽത്ത് ഗെയിംസ് സംഘാടക സമിതി അംഗം, മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ വർക്കേഴ്‌സ് യൂനിയൻ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. 2016 മുതൽ സുപ്രീം കോടതി അഭിഭാഷകനാണ്. 2017 മുതൽ 2020 വരെ വിവേകാനന്ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണൽ സ്റ്റഡീസിൽ അസിസ്റ്റന്റ് ഫാക്കൽറ്റിയായും പ്രവർത്തിച്ചു.

English Summary: Chandy Oommen's bypoll win brings generational change, new leader for Puthuppally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com