ADVERTISEMENT

ജയിക്കുമെന്ന് ഉറപ്പാണെങ്കിലും ഉഴപ്പാതെ കളിക്കണമെന്നുറപ്പിച്ചാണു കോൺഗ്രസും യുഡിഎഫും കളത്തിലിറങ്ങിയത്; ആ ഗെയിംപ്ലാനിന്റെ മികവാണു പുതുപ്പള്ളിയിലെ ഗംഭീര വിജയം. ഐക്യ ജനാധിപത്യ മുന്നണിക്കാകെ ആവേശവും ആത്മവിശ്വാസവും പകരുന്ന ഊർജസ്രോതസ്സായി വീണ്ടും പുതുപ്പള്ളി മാറി. കേരളത്തിലെ ഏറ്റവും വലിയ ജനകീയ നേതാക്കളിലൊരാളായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന്റെ നൊമ്പരച്ചൂട് മാറുംമുൻപായിരുന്നു ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം. പൊടുന്നനെ എത്തിയ തിരഞ്ഞെടുപ്പിനെയും കഷ്ടി ഒരു മാസത്തിൽ താഴെയുള്ള പ്രചാരണകാലത്തെയും ചടുലമായി നേരിട്ടപ്പോൾ ചാണ്ടി ഉമ്മന്റെ കന്നിയങ്കത്തിലും പുതുപ്പള്ളിയിൽ കോൺഗ്രസിനു സന്തോഷത്തുടർച്ച. 37,719 വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ സിപിഎമ്മിലെ ജെയ്ക് സി.തോമസിനെ പരാജയപ്പെടുത്തിയത്. ചാണ്ടി ഉമ്മൻ 80,144 വോട്ടും ജെയ്ക് സി.തോമസ് 42,425 വോട്ടും ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ 6,558 വോട്ടുമാണു നേടിയത്.

53 വർഷത്തെ പിരിയാത്ത കൂട്ടായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പുതുപ്പള്ളിയും തമ്മിൽ. ഉമ്മൻ ചാണ്ടിയുടെ പര്യായമായി പുതുപ്പള്ളിയും ആ നിയോജക മണ്ഡലത്തിന്റെ ആഗോള മേൽവിലാസമായി ഉമ്മൻ ചാണ്ടിയും കൈകോർത്തപ്പോൾ പിറന്നതു ചരിത്രമാണ്. തിരഞ്ഞെടുപ്പുവേളകളിൽ ഉമ്മൻ ചാണ്ടിയുടെ അവസാന പോയിന്റായിരുന്നു പുതുപ്പള്ളി. മണ്ഡലമാകെ ആത്മബന്ധമുള്ള കുഞ്ഞൂഞ്ഞ് പ്രത്യേകമായി വോട്ടു ചോദിക്കാൻ എത്തേണ്ടതില്ലെന്നു ജനം ആവർത്തിച്ചുപറഞ്ഞു. തുടർച്ചയായി 12 തവണ അവർ കുഞ്ഞൂഞ്ഞിനെ മാത്രം നിയമസഭയിലേക്ക് അയച്ചു. 2023 ജൂലൈ 18ന് മരിക്കുന്നതുവരെ 19,078 ദിവസം (52 വർഷം, 2 മാസം, 25 ദിവസം) എംഎൽഎ ആയ ഉമ്മൻ ചാണ്ടി കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നതിന്റെ റെക്കോർഡും സ്വന്തമാക്കി. ഈ ജനകീയന്റെ പിൻഗാമിയാകാനുള്ള പോരാട്ടത്തിൽ തരിമ്പും പിന്നിലാകരുതെന്ന ദൃഢനിശ്ചയത്തിലായിരുന്നു കോൺഗ്രസ്.

അതിവേഗം, ബഹുദൂരം എന്ന നയത്തിലൂന്നി പ്രവർത്തിച്ച ഉമ്മൻ ചാണ്ടിയെ മാതൃകയാക്കി അതിവേഗം സ്ഥാനാർഥിയെ പ്രഖ്യാപിച്ചാണ് കോൺഗ്രസ് ആദ്യമേതന്നെ ബഹുദൂരം മുന്നോട്ടു പോയത്. തൃക്കാക്കര മാതൃക നൽകിയ വിജയം പാഠമാക്കിയ പാർട്ടി, തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു 3 മണിക്കൂറിനകം സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. സ്വാഭാവികമായും ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാകും സ്ഥാനാർഥിയെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകാതിരിക്കാൻ പാർട്ടി ശ്രദ്ധിച്ചു. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നയുടൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. മുതിർന്ന നേതാക്കളായ എ.കെ.ആന്റണി, വി.എം.സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുമായും ആശയവിനിമയം നടന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനോടു ചർച്ചകളുടെ വിശദാംശം പങ്കുവച്ചു. തുടർന്ന്, കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ സ്ഥാനാർഥിപ്രഖ്യാപനം നടത്തി.

തുടർച്ചയായ രണ്ടാം തിരഞ്ഞെടുപ്പിലാണ് പ്രഖ്യാപനം വന്ന അന്നുതന്നെ സ്ഥാനാർഥിയെ കോൺഗ്രസ് പ്രഖ്യാപിക്കുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പി.ടി.തോമസിന്റെ ഭാര്യ ഉമാ തോമസിനെ സ്ഥാനാർഥിയായി തീരുമാനിക്കാനെടുത്ത സമയംപോലും ഇത്തവണ വേണ്ടിവന്നില്ല. ഇത്രവേഗം എതിർസ്ഥാനാർഥി കളത്തിലിറങ്ങുമെന്നു സിപിഎം കരുതിയതേയില്ല. അവസാന മണിക്കൂറിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന പാർട്ടിയെന്ന വിശേഷണം, തൃക്കാക്കരയ്ക്കു പിന്നാലെ പുതുപ്പള്ളിയിലും കോൺഗ്രസ് തിരുത്തുകയാണെന്നും കേരളത്തിലെ മുഴുവൻ കോൺഗ്രസ് നേതാക്കളും ഒറ്റക്കെട്ടായി നിർദേശിച്ച പേരാണു ചാണ്ടി ഉമ്മന്റേതെന്നും വി.ഡി.സതീശൻ വ്യക്തമാക്കി.

യുഡിഎഫ് പ്രവർത്തകരുടെ ആഘോഷം. ചിത്രം :  മനോരമ
യുഡിഎഫ് പ്രവർത്തകരുടെ ആഘോഷം. ചിത്രം : മനോരമ

‘‘പിതാവിന്റെ വേർപാടിന്റെ വേദന ഇതുവരെ മാഞ്ഞിട്ടില്ല. പക്ഷേ പാർട്ടി ഏൽപിച്ച ദൗത്യം ഭംഗിയായി നിറവേറ്റണം’’– സ്ഥാനാർഥിത്വം അറിഞ്ഞപ്പോൾ ചാണ്ടി ഉമ്മന്റെ ആദ്യപ്രതികരണം ഇങ്ങനെയായിരുന്നു. ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി ചാണ്ടി ഉമ്മൻ വരണമെന്നു പാ‍ർട്ടിയും കുടുംബവും ആഗ്രഹിച്ചപ്പോൾ നിറഞ്ഞ മനസ്സോടെ അതു നിറവേറ്റിക്കൊടുത്തു വോട്ടർമാർ. ജീവിച്ചിരുന്നപ്പോഴത്തേക്കാൾ ജനകീയനായ ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയവും വികസനവും പറഞ്ഞാണ് ഇടതുമുന്നണി എതിരിട്ടത്. വിശുദ്ധനെന്നും മധ്യസ്ഥനെന്നും പുണ്യാളനെന്നും ജനങ്ങൾ വിളിക്കുന്നതിനെതിരെ പല തലങ്ങളിലൂടെ പ്രതിരോധിച്ചു. സമൂഹമാധ്യമങ്ങളിൽ തുറന്ന കത്തും വികസനം ചർച്ചയാക്കിയ പോസ്റ്റുകളും നിറഞ്ഞു. നിയമസഭയിൽ അംഗസംഖ്യ 100 തികയ്ക്കുക എന്ന, തൃക്കാക്കരയിൽ പൊലിഞ്ഞ എൽഡിഎഫിന്റെ സ്വപ്നം പുതുപ്പള്ളിയിലും പക്ഷേ സഫലമാക്കാൻ കോൺഗ്രസ് അനുവദിച്ചില്ല.

പ്രവർത്തകരുമായി ആഹ്ലാദം പങ്കുവയ്ക്കുന്ന യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. ചിത്രം : മനോരമ ഓൺലൈൻ
പ്രവർത്തകരുമായി ആഹ്ലാദം പങ്കുവയ്ക്കുന്ന യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. ചിത്രം : മനോരമ ഓൺലൈൻ

യുവനേതാക്കളെല്ലാം പുതുപ്പള്ളിയിൽ ക്യാംപ് ചെയ്ത് പ്രവർത്തിക്കാനും വനിതാ പ്രാതിനിധ്യം വർധിപ്പിച്ച് പ്രചാരണത്തിൽ പുതുമ കൊണ്ടുവരാനുമായിരുന്നു കോൺഗ്രസ് തീരുമാനം. പ്രവർത്തനം ഏകോപിപ്പിക്കാൻ പ്രത്യേക സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചു. കെ.സുധാകരനും വി.ഡി.സതീശനും നേരിട്ടാണു പ്രചാരണം നയിച്ചത്. സാമുദായിക സമവാക്യങ്ങൾ കൂട്ടിയോജിപ്പിച്ച് സിപിഎമ്മിന്റെ തന്ത്രങ്ങളെ നേരിട്ടും ബൂത്തുതല ചുമതല വരെ സംസ്ഥാന നേതാക്കൾക്ക് കൈമാറിയുമായിരുന്നു പ്രവർത്തനം. ഉമ്മൻ ചാണ്ടിക്കുള്ള സ്മരണാഞ്ജലിയായി കേരളത്തിന്റെ നാനാഭാഗത്തുനിന്നും നേതാക്കളും പ്രവർത്തകരും ഒഴുകിയെത്തി. നാട്ടിടവഴികളെല്ലാം ഇളക്കിമറിച്ച്, വീടുകളിലെല്ലാം കയറിയുള്ള വമ്പൻ പ്രചാരണം പുതുപ്പള്ളി ആദ്യമായിട്ടാണു കണ്ടതും. ഉപതിരഞ്ഞെടുപ്പായതിനാൽ കേരളത്തിന്റെ കണ്ണുകളെല്ലാം നോട്ടമിട്ടതോടെ താരപ്പകിട്ടിലായിരുന്നു പുതുപ്പള്ളിക്കാർ.

യുഡിഎഫ് പ്രവർത്തകരുടെ ആഘോഷം. ചിത്രം :  മനോരമ
യുഡിഎഫ് പ്രവർത്തകരുടെ ആഘോഷം. ചിത്രം : മനോരമ

സ്ഥാനാർഥിയെ പ്രഖ്യാപിച്ചതു മുതൽ യുഡിഎഫ് ഭവനസന്ദർശനം ആരംഭിച്ചു. മണ്ഡലത്തിലെ 182 ബൂത്ത് കമ്മിറ്റികളും സജീവമായി. ഓരോ പഞ്ചായത്തിലെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ എംപിമാർ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ എന്നിവർക്കു ചുമതല നൽകി. അയർക്കുന്നം, അകലക്കുന്നം, മണർകാട്, കൂരോപ്പട പഞ്ചായത്തുകളിലെ പ്രവർത്തനങ്ങൾ കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി.ജോസഫും വാകത്താനം, പുതുപ്പള്ളി, മീനടം, പാമ്പാടി പഞ്ചായത്തുകളിലെ പ്രവർത്തനങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും വിലയിരുത്തി. കെ.ജയന്തിനും ജ്യോതികുമാർ ചാമക്കാലയ്ക്കുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ചുമതല. ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തനങ്ങൾ. ജെബി മേത്തർ എംപിയുടെ നേതൃത്വത്തിൽ മഹിളാ കോൺഗ്രസും സജീവമായി. വീടുകളിലെ കൂട്ടായ്മകളിൽ എംഎൽഎമാരും എംപിമാരും പങ്കെടുത്തു.

വോട്ടെണ്ണൽ ദിവസം വരെയുള്ള പരിപാടികൾ ആസൂത്രണം ചെയ്താണു യുഡിഎഫ് ക്യാംപ് മുന്നേറ്റം നിലനിർത്തിയത്. ദിവസവും പ്രധാന പ്രവർത്തകർക്കും നേതാക്കൾക്കും ‘ടാർഗറ്റ്’ നൽകി. കൃത്യമായി പൂർത്തിയാക്കി വിവരം റിപ്പോർട്ട് ചെയ്യുമ്പോളാണ് ആ ദിവസത്തെ ഫയൽ ക്ലോസ് ചെയ്തിരുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എതിർമുന്നണികൾ ഉയർത്തുന്ന ആക്ഷേപങ്ങളും പ്രസ്താവനകളും സസൂക്ഷ്മം നിരീക്ഷിച്ചു മറുപടികൾ നൽകി. ഉമ്മൻ ചാണ്ടിയോട് ജനങ്ങൾക്കുള്ള സ്നേഹവും ആദരവും തരംഗമായി മണ്ഡലത്തിലുള്ളതിനാൽ അക്കാര്യം പ്രത്യേകിച്ചു വിളിച്ചുപറയേണ്ടതില്ലെന്നു തീരുമാനിച്ചു. സർക്കാരിനെതിരെയുളള ആരോപണങ്ങൾ പരമാവധി ആയുധമാക്കി. വിലക്കയറ്റം, നികുതി വർധന തുടങ്ങി എൽഡിഎഫ് ഭരണത്തിൽ സാധാരണക്കാർ നേരിടുന്ന പ്രശ്നങ്ങൾ സംസാരിക്കാനായിരുന്നു പ്രധാന പ്രവർത്തകർക്കു നൽകിയ നിർദേശം.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയതിനു പിന്നാലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തിയവർ. റിജോ ജോസഫ് ∙ മനോരമ
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയതിനു പിന്നാലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തിയവർ. റിജോ ജോസഫ് ∙ മനോരമ

ഏറെ വേട്ടയാടപ്പെട്ട ഉമ്മൻ ചാണ്ടി അന്തരിച്ച് 26 ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കപ്പെട്ട തിരഞ്ഞെടുപ്പ്, ജയിച്ചാൽ അതിന്റെ ഓളങ്ങൾ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ വരെ പ്രതിഫലിക്കുമെന്ന രാഷ്ട്രീയചിന്ത, സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലായി ഗണിക്കപ്പെടാവുന്ന ഹിതപരിശോധന എന്നിങ്ങനെ പല മാനങ്ങളുണ്ടായിരുന്നു പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിച്ചും മാതാവ് മറിയാമ്മ ഉമ്മന്റെ അനുഗ്രഹം വാങ്ങിയുമാണു ചാണ്ടി ഉമ്മൻ നാമനിർദേശ പത്രിക സമർപ്പിച്ചത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തെ കല്ലെറിഞ്ഞ കേസിലെ പ്രതി സി.ഒ.ടി. നസീറിന്റെ ഉമ്മയാണു കെട്ടിവയ്ക്കാനുള്ള പണം നൽകിയത്. സ്നേഹത്തിന്റെ രാഷ്ട്രീയം പറയാനുള്ള അവസരമാക്കി ചാണ്ടി ഈ സന്ദർഭത്തെ മാറ്റി. അപ്പ വേട്ടയാടപ്പെട്ടതുപോലെ ഒരു രാഷ്ട്രീയ നേതാവും വേട്ടയാടപ്പെടാൻ പാടില്ലെന്നു പറഞ്ഞാണു ചാണ്ടി ജനങ്ങൾക്കിടയിൽ വോട്ടുതേടിയത്.

യുഡിഎഫ് പ്രവർത്തകരുടെ ആഘോഷം. ചിത്രം :  മനോരമ
യുഡിഎഫ് പ്രവർത്തകരുടെ ആഘോഷം. ചിത്രം : മനോരമ

സമുദായങ്ങളും കോൺഗ്രസിനോടു കടുത്ത നിലപാടിലായിരുന്നില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ സഹതാപ തരംഗം ഉണ്ടായേക്കാമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. സഭയ്ക്ക് ആരോടും പ്രത്യേകമായ വിരോധവും കൂടുതൽ അടുപ്പവും ഇല്ലെന്നു പറഞ്ഞ പരിശുദ്ധ ബാവാ, അവരവരുടെ മനഃസാക്ഷി അനുസരിച്ചു വോട്ട് ചെയ്യാനും ആഹ്വാനം ചെയ്തു. സഭാവിഷയം കണക്കിലെടുത്തല്ല ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നാണു യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപൻ ഡോ.തോമസ് മാർ തിമോത്തിയോസ് പറഞ്ഞത്. ചില അവസരങ്ങളിലെങ്കിലും വൈകാരികമായ ഘടകങ്ങൾ സ്വാധീനിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതുപ്പള്ളിയിലും സമദൂര നിലപാട് തുടരുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. മിത്ത് വിവാദത്തിൽ എൻഎസ്എസ് നിലപാടിൽ മാറ്റമില്ലെന്നും വിഷയത്തിൽ സ്പീക്കർ എ.എൻ.ഷംസീർ മാപ്പു പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.

വികസനം ചർച്ചയാക്കാനാണ് ആദ്യഘട്ടത്തിൽ എൽഡിഎഫ് ആഗ്രഹിച്ചത്. ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയർത്തേണ്ടെന്നും തീരുമാനിച്ചു. ഇതിനിടെയാണു പുതുപ്പള്ളി പഞ്ചായത്തിലെ കൈതേപ്പാലം വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരി പി.ഒ.സതിയമ്മയെ, വാർത്താചാനലിൽ ഉമ്മൻ ചാണ്ടിയെപ്പറ്റി നല്ലതു പറഞ്ഞതിനു പിന്നാലെ പിരിച്ചുവിട്ടത്. ഉമ്മൻ ചാണ്ടിയുടെ ചികിത്സ വീണ്ടും വിവാദമാക്കി മുൻമന്ത്രി എം.എം.മണിയുടെ പുതിയ ആരോപണവും വന്നതോടെ ചർച്ചകൾ വീണ്ടും വഴിതിരിഞ്ഞു. ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർ മരിച്ചിട്ടും വേട്ടയാടുകയാണെന്ന പ്രചാരണം യുഡിഎഫ് ഉയർത്തി. ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്കുള്ള ജനപ്രവാഹത്തെ വിമർശിച്ചുകൊണ്ട് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.അനിൽകുമാറിന്റെ സമൂഹമാധ്യമ പോസ്റ്റ് വന്നത് അവർക്കു തിരിച്ചടിയായി.

യുഡിഎഫ് പ്രവർത്തകരുടെ ആഘോഷം. ചിത്രം :  മനോരമ
യുഡിഎഫ് പ്രവർത്തകരുടെ ആഘോഷം. ചിത്രം : മനോരമ

അഴിമതിയാരോപണങ്ങൾ, സംസ്ഥാനത്തിന്റെ കടബാധ്യത, വിലക്കയറ്റം, കെ റെയിൽ തുടങ്ങിയ ചൂടേറിയ വിഷയങ്ങൾ ഉന്നയിച്ചാണ് എൽഡിഎഫ് പ്രചാരണത്തിന്റെ മുനയൊടിച്ചത്. ഉമ്മൻ ചാണ്ടി എന്ന പൊതുവികാരം ഒഴിവാക്കാനാകില്ലെന്നും അതിനൊപ്പം ഈ വിഷയങ്ങൾ ചർച്ചയാക്കുമെന്നും യുഡിഎഫ് വ്യക്തമാക്കി. പി.ഒ.സതിയമ്മയെ പിരിച്ചുവിട്ടത് ആളുമാറി ജോലി ചെയ്തതിനാണെന്നു മന്ത്രിമാരായ ജെ.ചിഞ്ചുറാണിയും വി.എൻ.വാസവനും പറഞ്ഞു. സതിയമ്മയുടെ കാര്യത്തിൽ സർക്കാർ സാങ്കേതികത്വം പറയുകയാണെന്നു വി.ഡി.സതീശൻ തിരിച്ചടിച്ചു. സതിയമ്മയെ ജോലിയിൽനിന്നു പുറത്താക്കിയതിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവും എംപിമാരുമടക്കം 25 കോൺ‌ഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ സ്വകാര്യ കമ്പനിയില്‍നിന്ന് അനധികൃതമായി പണം കൈപ്പറ്റിയെന്ന ആരോപണം സർക്കാരിനെ ആക്രമിക്കാനുള്ള ആയുധമായി കോൺഗ്രസ് എടുത്തുവീശി. യുഡിഎഫ് നേതാക്കളും പണം കൈപ്പറ്റിയിട്ടുണ്ടെന്ന വിവരം പുറത്തുവന്നതോടെ ആക്രമണത്തിന്റെ മൂർച്ച കുറഞ്ഞു. പിന്നാലെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം. അച്ചു ഉമ്മന്റെ പരാതിയെ തുടർന്ന് അവരുടെ മൊഴിയെടുത്ത പൊലീസ്, ഇടതു സംഘടനാ പ്രവർത്തകനും സെക്രട്ടേറിയറ്റിലെ മുൻ അഡീഷനൽ സെക്രട്ടറിയുമായ നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരെ കേസെടുത്തു. ആരോപണങ്ങളിൽ താനോ തന്റെ പിതാവിന്റെ ആത്മാവോ മാപ്പു കൊടുത്താലും പുതുപ്പള്ളി മാപ്പു നൽകില്ലെന്ന് അച്ചു പ്രതികരിച്ചു.

ഉമ തോമസ്, പി.സി. വിഷ്ണുനാഥ്, വി.ടി.ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ,ഷാഫി പറമ്പിൽ, അൻവർ സാദത്ത്
അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പുതുപ്പള്ളിപ്പള്ളിയുടെ മുന്നിൽ. ചിത്രം : റെജു അർനോൾഡ് ∙ മനോരമ
ഉമ തോമസ്, പി.സി. വിഷ്ണുനാഥ്, വി.ടി.ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ,ഷാഫി പറമ്പിൽ, അൻവർ സാദത്ത് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പുതുപ്പള്ളിപ്പള്ളിയുടെ മുന്നിൽ. ചിത്രം : റെജു അർനോൾഡ് ∙ മനോരമ

തൃശൂർ കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.സി.മൊയ്തീൻ എംഎ‍ൽഎയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടന്നതും ഈ ദിവസങ്ങളിലായിരുന്നു. സഹകരണ ബാങ്കിലെ തട്ടിപ്പുകൾ വീണ്ടും വാർത്തയായതോടെ പുതുപ്പള്ളിയിൽ സിപിഎമ്മിനു അതിനും മറുപടി പറയേണ്ടി വന്നു. ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനു ശേഷമേ കൊച്ചിയിലെ ഓഫിസിൽ ഹാജരാകുന്നൂള്ളു എന്നായി മൊയ്തീൻ. തിരഞ്ഞെടുപ്പിനു മുൻപു ഹാജരാകുന്നതു വലിയ വാർത്തയാകുകയും പാർട്ടിക്കു ക്ഷീണമുണ്ടാക്കുകയും ചെയ്യുമെന്നു കരുതി പാർട്ടി തന്നെയാണു ഹാജരാകേണ്ടതെന്നു മൊയ്തീനോടു നിർദേശിച്ചത്.

‘വികസനമെത്താത്ത’ പുതുപ്പള്ളിയിലെ പാലം എന്ന നിലയിൽ, തോടിനു കുറുകെ കിടക്കുന്ന ഒരു തടിപ്പാലത്തിലൂടെ ഉമ്മൻ ചാണ്ടി നടക്കുന്ന ചിത്രം വൈറലായി. എന്നാൽ, ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിലെ തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കലിൽനിന്ന് ഇറമ്പത്തേക്ക് പോകുന്ന വഴിയിലാണ് പാലമെന്ന വിശദീകരണവുമായി കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി വന്നതോടെ പാലത്തിന്റെയും ‘പുക’ തീർന്നു. മകൾ ടി.വീണയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടക്കം വിവാദ വിഷയങ്ങളെക്കുറിച്ച് ഒന്നും മിണ്ടാതെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പുതുപ്പള്ളി പര്യടനം. മാസപ്പടി വിവാദം പാർട്ടിക്ക് ക്ഷീണമായി. ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദവും സിപിഎമ്മിന് എതിരായി മാറി. വ്യക്തിഹത്യ നടത്തുന്നുവെന്ന ആരോപണം യുഡിഎഫ് രാഷ്ട്രീയ ആയുധമാക്കി.

വികസനമെന്ന വിഷയത്തിൽ ഊന്നി മുന്നോട്ടു പോകണമെന്ന പൊതുധാരണ ഇടയ്ക്കു പാളി. തൃക്കാക്കരയിൽ എൽഡിഎഫിന്റെ പ്രധാന വികസന വിഷയമായ കെ–റെയിൽ പുതുപ്പള്ളിയിൽ കാര്യമായി പറഞ്ഞില്ല. കെ–റെയിൽ പാത പുതുപ്പള്ളി മണ്ഡലത്തിലൂടെയും കടന്നു പോകുന്നുണ്ട്. പുതുപ്പള്ളി മണ്ഡലത്തിന്റെ തൊട്ടടുത്തുള്ള മാടപ്പള്ളിയാണു കെ-റെയിൽ സമരത്തിന്റെ സംസ്ഥാന തലത്തിലെ കേന്ദ്രബിന്ദു. സർക്കാരിനെതിരായ ആരോപണങ്ങൾ ശക്തമായി പ്രതിരോധിക്കാൻ പാർട്ടിക്കോ നേതാക്കൾക്കോ കഴിഞ്ഞില്ല. മിക്കപ്പോഴും പാർട്ടിയും സർക്കാരും മൗനം പാലിച്ചത് പാർട്ടി അനുഭാവികൾക്കും പോലും ആശയക്കുഴപ്പമുണ്ടാക്കി.

വോട്ടെണ്ണൽ തുടുങ്ങുന്നതിനു മുൻപു തന്നെ യുഡിഎഫ് പ്രവർത്തകരുടെ ആഘേഷം. ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ
വോട്ടെണ്ണൽ തുടുങ്ങുന്നതിനു മുൻപു തന്നെ യുഡിഎഫ് പ്രവർത്തകരുടെ ആഘേഷം. ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ

കേരളത്തിന്റെ മുഖ്യമന്ത്രിയായിട്ടുള്ള ഒരു നേതാവിന്റെ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പിൻഗാമിയായി മകനോ മകളോ ഇതുവരെ മത്സരിച്ചിട്ടില്ല. ആ പുതുമ വിജയത്തിളക്കത്തോടെ ചാണ്ടി ഉമ്മനും പുതുപ്പള്ളിയും സ്വന്തമാക്കി. ഇത്രയും ചെറു പ്രായത്തിലുള്ള മുന്നണി സ്ഥാനാർഥികൾ ഏറ്റുമുട്ടിയതും കേരള നിയമസഭാ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ആദ്യമായിരുന്നു. മുൻപും മുന്നണികളിലെ ചെറുപ്പക്കാർ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും അവരിൽ ആരെങ്കിലും ഒരാൾ 40 വയസ്സ് കടന്നവരായിരുന്നു. പുതുപ്പള്ളിയിലെ സ്ഥാനാർഥികളായ ജെയ്ക് സി.തോമസിന് (എൽഡിഎഫ്) 33 വയസ്സും ചാണ്ടി ഉമ്മന് (യുഡിഎഫ്) 37 വയസ്സും ജി.ലിജിൻലാലിന് (എൻഡിഎ) 40 വയസ്സുമാണ്. യുവകേസരികളുടെ പോരാട്ടത്തിലും ജനഹൃദയങ്ങളിലെ നായകനായാണു ചാണ്ടി ഉമ്മൻ സഭയിലെത്തുന്നത്.

English Summary: Puthuppally Byelection: UDF's Chandy Oommen Won- Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com