ADVERTISEMENT

തിരുവനന്തപുരം ∙ പിഎസ്‌സി നിയമന തട്ടിപ്പ് കേസിലെ ഒന്നാം പ്രതി രാജലക്ഷ്മി പൊലീസിൽ കീഴടങ്ങി. കഴക്കൂട്ടം സ്റ്റേഷനിലാണ് രാജലക്ഷ്മി കീഴടങ്ങിയത്. രാജലക്ഷ്മിയുടെ സഹായിയായ ജോയ്സി വൈകിട്ട് പിടിയിലായിരുന്നു. ഇതിനു പിന്നാലെയാണ് രാജലക്ഷ്മി കീഴടങ്ങിയത്. 

പിഎസ്‌സിയുടെ പേരിൽ വ്യാജ കത്ത് നിർമിച്ചു സർക്കാർ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ ഒന്നാം പ്രതിയായ ആർ.രാജലക്ഷ്മി തട്ടിപ്പു നടത്തിയത് പൊലീസ് ഓഫിസർ എന്ന വ്യാജേനയെന്ന് കണ്ടെത്തിയിരുന്നു. അടൂർ സ്വദേശിയായ രാജലക്ഷ്മി  വാടകയ്ക്കെടുത്ത പൊലീസ് യൂണിഫോം ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയത്.

ഉദ്യോഗാർഥികളെ കബളിപ്പിക്കാനായി പൊലീസ് വേഷം ധരിച്ച ചിത്രങ്ങൾ രാജലക്ഷ്മി സാമൂഹിക മാധ്യമങ്ങളിൽ ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയ രണ്ടാം പ്രതി രശ്മിയുടെ ഫോണിൽ നിന്നാണ് ഈ ചിത്രങ്ങൾ പൊലീസിനു ലഭിച്ചത്.

തട്ടിപ്പിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത്: 

ജ്യോതിഷവും പൂജയുമായി ബന്ധപ്പെട്ടാണ് രാജലക്ഷ്മിയും രശ്മിയും പരിചയപ്പെടുന്നത്. സീനിയർ സിവിൽ പൊലീസ് ഓഫിസർ ആണെന്നു സ്വയം പരിചയപ്പെടുത്തിയ രാജലക്ഷ്മി യൂണിഫോം ധരിച്ചു നിൽക്കുന്ന ചിത്രങ്ങൾ രശ്മിയെ കാണിക്കുകയും ചെയ്തു. പിഎസ്‌സിയിലും പൊലീസ് ആസ്ഥാനത്തും ബന്ധമുണ്ടെന്നും രശ്മിയുടെ സാമ്പത്തിക പ്രയാസങ്ങൾ മാറാൻ സർക്കാർ ജോലി വാങ്ങി നൽകാമെന്നും രാജലക്ഷ്മി വാഗ്ദാനം ചെയ്തു.

ഉദ്യോഗസ്ഥർക്കു കൈക്കൂലി നൽകാനെന്ന പേരിൽ 4 ലക്ഷം രൂപയാണ് രാജലക്ഷ്മി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് കൂടുതൽ പേർ ഉണ്ടെങ്കിൽ പകുതി തുക മതിയെന്നു പറഞ്ഞു. രാജലക്ഷ്മി ആവശ്യപ്പെട്ട പ്രകാരമാണ് രശ്മി വാട്സാപ് ഗ്രൂപ്പു വഴിയും നേരിട്ടും ഉദ്യോഗാർഥികളെ കാൻവാസ് ചെയ്തത്. 84 പേർ അംഗങ്ങളായ വാട്സാപ് ഗ്രൂപ്പിൽ 15 പേർ പണം നൽകി. രശ്മി ഈ തുക രാജലക്ഷ്മിയുടെ അക്കൗണ്ടിലേക്ക് അയച്ചു നൽകിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തട്ടിയെടുത്ത പണം രാജലക്ഷ്മിയുടെ പക്കലുണ്ടെന്നാണു പൊലീസ് കരുതുന്നത്. 

തട്ടിപ്പിനിരയായ പതിനഞ്ചോളം പേരിൽ 7 പേർ മാത്രമാണു പൊലീസിനു മൊഴി നൽകിയത്. പിഎസ്‌സി പരീക്ഷ എഴുതാതെ ജോലി വാങ്ങിനൽകാമെന്നു പറഞ്ഞു പണം വാങ്ങിയെന്നാണു ഇവരുടെ മൊഴി. ഓൺലൈനായി പണം ട്രാൻസ്ഫർ ചെയ്തതിന്റെ രേഖകൾ ഹാജരാക്കുകയും ചെയ്തു. മറ്റ് ഉദ്യോഗാർഥികൾ മൊബൈൽ ഫോണുകൾ ഓഫ് ചെയ്തിരിക്കുകയാണ്. വിജിലൻസ്, ഇൻകംടാക്സ്, ജിഎസ്ടി വകുപ്പുകളിൽ ഇല്ലാത്ത തസ്തികകളിലടക്കം ജോലി വാഗ്ദാനം ചെയ്ത് 35 ലക്ഷം രൂപയാണ് ഉദ്യോഗാർഥികളിൽ നിന്നു തട്ടിയെടുത്തതെന്നും പൊലീസ് പറഞ്ഞു.

 

English Summary: PSC job offering cheating; Accused surrendered

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com