ADVERTISEMENT

ചെന്നൈ ∙ സഖ്യം വേണ്ടെന്ന തീരുമാനത്തിൽ നിന്നു പിൻമാറണമെങ്കിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയെ നീക്കണമെന്ന ആവശ്യം ശക്തമാക്കാനൊരുങ്ങി അണ്ണാഡിഎംകെ. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായുള്ള സൂചന പുറത്തുവന്നതോടെ ബിജെപി സംസ്ഥാന നേതൃത്വവും അങ്കലാപ്പിൽ. 

ഇതിനിടെ പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയുമായി ഫോണിൽ സംസാരിച്ച കെ.അണ്ണാമലൈ സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി തുടർ നടപടികളും ചർച്ച ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിന് 6 മാസം മാത്രം ബാക്കി നിൽക്കെയുണ്ടായ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്നാണു ബിജെപി സംസ്ഥാന നേതൃത്വത്തിന്റെയും ആവശ്യം. 

അണ്ണാഡിഎംകെയുടെ ആചാര്യൻമാരിലൊരാളായി കണക്കാക്കുന്ന സി.എൻ.അണ്ണാദുരൈയെപ്പറ്റിയുള്ള പരാമർശത്തിനു പുറമേ, മത്സരിക്കാൻ കൂടുതൽ സീറ്റ് ബിജെപി ആവശ്യപ്പെട്ടതും അണ്ണാഡിഎംകെയെ പ്രകോപിപ്പിച്ചു. 2019 ൽ 5 സീറ്റി‍ൽ മാത്രം മത്സരിച്ച ബിജെപി ഇത്തവണ രണ്ടക്ക സീറ്റുകളിലേക്കു നോട്ടമിട്ട് സമ്മർദം ശക്തമാക്കിയത് കലഹ കാരണങ്ങളിലൊന്നാണ്. മുൻ മുഖ്യമന്ത്രി ജെ.ജയലളിത പാർട്ടി അധ്യക്ഷയായിരുന്ന സമയത്ത് ഒറ്റയ്ക്കു നിന്ന് ഏറെ തിരഞ്ഞെടുപ്പുകൾ വിജയിച്ച പാരമ്പര്യമുള്ള അണ്ണാഡിഎംകെ, എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലും ഒറ്റയ്ക്ക് മത്സരിക്കാൻ തയാറാണെന്നാണ് പാർട്ടിയുടെ അവകാശവാദം.

അങ്ങനെയെങ്കിൽ, ഇപ്പോൾ എൻഡിഎ സഖ്യത്തിലുള്ള പിഎംകെ, തമിഴ്മാനില കോൺഗ്രസ്, ഡിഎംഡികെ ഉൾപ്പെടെയുള്ളവർ അണ്ണാഡിഎംകെയ്ക്കൊപ്പം നിൽക്കുമോയെന്നതു കണ്ടറിയേണ്ടി വരും. അതേസമയം, പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി ഇതു വരെയും ഔദ്യോഗികമായി വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. 

പുതുച്ചേരിയിലും പിരി‍ഞ്ഞു  

തമിഴ്നാട്ടിൽ എൻഡിഎ സഖ്യത്തിൽ നിന്ന് അണ്ണാഡിഎംകെ പിൻമാറിയതോടെ പുതുച്ചേരിയിലും ബിജെപി സഖ്യം പാർട്ടി ഉപേക്ഷിച്ചു. അതേസമയം, മുഖ്യമന്ത്രി എൻ.രംഗസാമിയുടെ നേതൃത്വത്തിലുള്ള എൻആർ കോൺഗ്രസുമായി സഖ്യം തുടരുമെന്ന് അണ്ണാഡിഎംക പുതുച്ചേരി സംസ്ഥാന സെക്രട്ടറി അൻപഴകൻ പറഞ്ഞു. സംസ്ഥാന പ്രസിഡന്റായി പ്രവർത്തിക്കാൻ അണ്ണാമലൈയ്ക്ക് യോഗ്യതയില്ലെന്നും തന്റെ യോഗ്യതയും പ്രായവും പരിചയക്കുറവും മനസ്സിലാക്കാതെയാണു സംസാരിക്കുന്നതെന്നും അൻപഴകൻ കുറ്റപ്പെടുത്തി. കഴിഞ്ഞ തവണ പുതുച്ചേരിയിൽ അണ്ണാഡിഎംകെ തോൽക്കാൻ കാരണം ബിജെപിയാണ്. സഖ്യം പിരിയാനുള്ള പ്രഖ്യാപനത്തിൽ പ്രവർത്തകർ സന്തുഷ്ടരാണെന്നും അൻപഴകൻ പറഞ്ഞു.

English Summary: Annamalai must be removed to continue the alliance, says AIADMK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com