ADVERTISEMENT

കണ്ണൂർ∙ പുതുപ്പള്ളിയിലെ വാർത്താസമ്മേളനത്തിടെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിൽ തർക്കമുണ്ടായതിനെ പരിഹസിച്ച് സിപിഎം നേതാവ് എം.വി.ജയരാജൻ. നേതാക്കൾ തമ്മിൽ ഐക്യമില്ലാത്തത് കോൺഗ്രസിൽ പുതിയ കാര്യമല്ല. എന്നാൽ ഗ്രൂപ്പില്ലാ നേതാക്കളെന്നു പറഞ്ഞ് ആ സ്ഥാനത്ത് എത്തിയവരാണ് ഇപ്പോൾ കോൺഗ്രസിലെ ഗ്രൂപ്പിന്റെ ആശാന്മാരായിരിക്കുന്നത് എന്ന് എം.വി.ജയരാജൻ പറഞ്ഞു. 

‘‘ഏതായാലും അവനവൻ ആത്മസുഖത്തിന് ആചരിക്കുന്നത് അപരന്റെ സുഖത്തിനായി വരേണം എന്ന വാക്യം സതീശന് ഓർമയിൽ വന്നത് നന്നായി. ആരാണ് പുതുപ്പള്ളി വിജയത്തിന്റെ അവകാശി എന്ന് അവരുതന്നെയാണല്ലോ തീരുമാനിക്കേണ്ടത്. ചാണ്ടി ഉമ്മൻ പറയുന്നു അതിന് അവകാശി ഉമ്മൻ ചാണ്ടിയാണെന്ന്, മറ്റാർക്കും അവകാശപ്പെട്ടതല്ലെന്ന്. ഇത് എന്റെ വിജയമല്ല, കോൺഗ്രസിന്റെ വിജയമല്ല, യുഡിഎഫിന്റെ വിജയമല്ല, ഉമ്മൻ ചാണ്ടിയുടെ മാത്രം വിജയമാണെന്നാണ് ചാണ്ടി ഉമ്മൻ പറയുന്നത്. 

നേതാക്കൾ തമ്മിൽ ഐക്യമില്ലാത്തത് കോൺഗ്രസിൽ പുതിയ കാര്യമല്ല. എന്നാൽ ഗ്രൂപ്പു തർക്കം അമർച്ച ചെയ്യാനായി ഉദയം കൊണ്ടവരാണ് തങ്ങളെന്നു പറയുന്നവർ ഗ്രൂപ്പു തർക്കത്തിന്റെ ആശാന്മാരായി മാറിയിരിക്കുകയാണ്. ഈ രണ്ടു പേരും ആ പദവിയിൽ എത്തുന്നതിനു മുൻപ് പറഞ്ഞത് ഞങ്ങൾ ഗ്രൂപ്പിന് അതീതമാണ് എന്നാണ്. ഗ്രൂപ്പില്ലാ നേതാക്കൾ, പക്ഷേ അവർ രണ്ടു പേരും തമ്മിലടിക്കുക വഴി ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ആശാന്മാരാണ് തങ്ങളെന്നു തെളിയിച്ചിരിക്കുകയാണ്’’– എം.വി.ജയരാജൻ പറഞ്ഞു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സുധാകരനും സതീശനും തമ്മിലുണ്ടായ തർക്കമാണ് വിവാദമായത്. ചാണ്ടി ഉമ്മന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന വാർത്താ സമ്മേളനത്തിലായിരുന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിൽ തർക്കമുണ്ടായത്. ഞാൻ തുടങ്ങാമെന്നു സതീശൻ പറഞ്ഞപ്പോൾ, ഇല്ലില്ല ഞാൻ തുടങ്ങാമെന്ന് സുധാകരനും പറയുകയായിരുന്നു. തുടർന്ന് സതീശൻ മുന്നിലുള്ള മൈക്ക് സുധാകരനു നേരെ മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് എങ്ങനെ കാണുന്നു ഈ വിജയത്തെ എന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രസിഡന്റ് എല്ലാം പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു സതീശൻ. വാർത്താ സമ്മേളനത്തിലുടനീളം സതീശൻ സംസാരിക്കാനും തയാറായില്ല. ഈ വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് വൈറലായത്. 

English Summary: MV Jayarajan on dispute between VD Satheesan and K Sudhakaran in press meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com