ഓണം ബംപറിന്റെ 25 കോടി അടിച്ചത് തമിഴ്നാട്ടിൽത്തന്നെ; സമ്മാനം നാലു പേർ ചേർന്നെടുത്ത ടിക്കറ്റിന്
Mail This Article
പാലക്കാട്∙ ഈ വർഷത്തെ ഓണം ബംപറിന്റെ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത് തമിഴ്നാട് സ്വദേശികൾക്ക്. തമിഴ്നാട്ടിലെ തിരുപ്പൂർ സ്വദേശികളായ നാലു പേർ ചേർന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പാണ്ഡ്യരാജ്, നടരാജൻ, കുപ്പുസ്വാമി, രാമസ്വാമി എന്നിവരാണ് സമ്മാനാർഹമായ ടിക്കറ്റെടുത്തത്. വാളയാറിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്ന് സമ്മാനാർഹനായ നടരാജൻ അറിയിച്ചു. കോഴിക്കോട് പാളയത്തുള്ള ബാവ ഏജൻസി പാലക്കാട് വാളയാറിൽ ഗുരുസ്വാമിയുടെ കടയിലൂടെ വിറ്റതാണ് ഈ ടിക്കറ്റ്. ഷീജ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്.
ഇതോടെ, കഴിഞ്ഞ ഒരു വർഷത്തിനിടെ നറുക്കെടുത്ത 7 ബംപർ ടിക്കറ്റുകളിൽ 3 ഒന്നാം സമ്മാനങ്ങളാണ് പാലക്കാട്ട് അടിച്ചത്. മൺസൂൺ, ക്രിസ്മസ്, ഇന്നലത്തെ തിരുവോണം ബംപർ എന്നിവയുടെ ഒന്നാം സമ്മാനങ്ങളാണു പാലക്കാട്ടേക്കു പോയത്.
∙ അടിക്കുമ്പോൾ 25 കോടി; കിട്ടുമ്പോൾ 15.75 കോടി, കയ്യിലോ 12.88 കോടി
ഓണം ബംപർ: 25 കോടി
ഏജൻസി കമ്മിഷൻ (10%)– 2.5 കോടി
ബാക്കി 22.5 കോടിയുടെ സമ്മാന നികുതി (30%)– 6.75 കോടി
ബംപർ അടിച്ചയാളുടെ അക്കൗണ്ടിലെത്തുന്നത്– 15.75 കോടി
നികുതിത്തുകയ്ക്കുള്ള സർചാർജ് (37%*)–2,49,75,000 രൂപ
നികുതിയും സർചാർജും ചേർന്നുള്ള തുകയ്ക്ക് ആരോഗ്യ വിദ്യാഭ്യാസ സെസ് (4%)–36,99,000 രൂപ
അക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതി** –2.85 കോടി
എല്ലാ നികുതിയും കഴിഞ്ഞു ബാക്കി തുക– 12,88,26,000 രൂപ
സർച്ചാർജ് ഒരു കോടി മുതൽ 2 കോടി വരെ 15%, തുടർന്ന് 5 കോടി വരെ 25%, തുടർന്ന് 37%
* ഈ തുക ലോട്ടറി വകുപ്പ് ഈടാക്കാറില്ല. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ നൽകേണ്ടത്.
English Summary: Tiruppur natives won Onam Bumper of Kerala Lotteries