ADVERTISEMENT

തിരുവനന്തപുരം∙ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങളിൽ പ്രതികരണവുമായി യുഎൻ മുൻ അണ്ടർ സെക്രട്ടറി ജനറലും കോൺഗ്രസ് നേതാവുമായ ശശി തരൂർ എംപി രംഗത്ത്. ഖലിസ്ഥാൻ വാദികളായ ആളുകളോടുള്ള കാനഡയുടെ സമീപനം പുനഃപരിശോധിക്കണമെന്ന് തരൂർ ആവശ്യപ്പെട്ടു. കാനഡയിലെ ചില രാഷ്ട്രീയ സാഹചര്യങ്ങളാണ്, ഇന്ത്യയും കാനഡയും തമ്മിൽ വർഷങ്ങളായുള്ള സൗഹൃദാന്തരീക്ഷം തകർത്തതെന്ന് തരൂർ അഭിപ്രായപ്പെട്ടു. കാനഡയിലെ ഭരണകൂടം ഇത്തരത്തിൽ പെരുമാറുന്നത് തന്നെ അദ്ഭുതപ്പെടുത്തിയെന്നും തരൂർ പറഞ്ഞു.

‘കാനഡയിലേക്കുള്ള കുടിയേറ്റക്കാർ കനേഡിയൻ പൗരന്മാരായി മാറുകയും, അതേസമയം കനേഡിയൻ രാഷ്ട്രീയത്തിൽ ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്ന പുതിയ പ്രതിഭാസമാണ് നമ്മൾ ഇപ്പോൾ കാണുന്നത്. മാതൃരാജ്യത്തിന് ഏതെല്ലാം വിധത്തിൽ നാശമുണ്ടാക്കാം എന്നതിലാണ് അവരുടെ പൂർണ ശ്രദ്ധ. ഇത് വളരെ അപകടകരമായ നീക്കമാണ്. കൂടാതെ, ഈ ആളുകളോടുള്ള സമീപനം കാനഡയും പുനഃപരിശോധിക്കണം. എന്റെ അറിവുവച്ച്, കാനഡയിൽ നടന്ന ആ കൊലപാതകത്തിൽ ഏതെങ്കിലും ഇന്ത്യൻ ഏജൻസികൾക്കു പങ്കുണ്ടെന്നതിന് യാതൊരു തെളിവുമില്ല. ഈ പറയുന്ന തീവ്രവാദ ഗ്രൂപ്പിന് നിരവധി വിഭാഗങ്ങളുണ്ട്. അവർ ഇതര വിഭാഗത്തിലെ ആളുകളെ കൊലപ്പെടുത്തുകയാണ്. ഇന്നും ഒരാളെ കൊലപ്പെടുത്തിയിട്ടുണ്ട്.’

‘കാനഡയുമായുള്ള ബന്ധത്തിന് വലിയ വില കൽപ്പിക്കുന്നവരാണ് നമ്മൾ. അവിടെ താരതമ്യേന വലിയൊരു വിഭാഗം ഇന്ത്യൻ സമൂഹമുണ്ട്. ആകെ 4 കോടി ജനസംഖ്യയുള്ള ഒരു രാജ്യത്ത് 17 ലക്ഷം ഇന്ത്യക്കാരാണുള്ളത്. നമ്മുടെ ഒട്ടേറെ വിദ്യാർഥികളും അവിടെ പഠിക്കുന്നുണ്ട്. എതിർപ്പുള്ള കാര്യങ്ങളിൽ കനേഡിയൻ അധികൃതരെ പലപ്പോഴായി അതൃ‍പ്തി അറിയിച്ചിട്ടുണ്ടെങ്കിലും, അത് പരിധി വിടാൻ നാം ഇതുവരെ അനുവദിച്ചിട്ടില്ല. കാരണം, നാം എക്കാലവും വിലകൽപ്പിച്ചിട്ടുള്ള ഒരു ബന്ധമാണിത്. കാനഡയും അതേ രീതിയിലാണ് ചിന്തിക്കുന്നതെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ, അവരുടെ രാജ്യത്തു നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യൻ‌ ഭരണകൂടത്തിനെതിരെ യാതൊരു തെളിവുമില്ലാതെ ആരോപണം ഉന്നയിച്ചതോടെ, സത്യത്തിൽ എനിക്കു ഞെട്ടലാണ് തോന്നിയത്.’

‘ആ രാജ്യവുമായി ബന്ധപ്പെട്ട ചില രാഷ്ട്രീയ പശ്ചാത്തലങ്ങളും ഈ പ്രശ്നം ഇത്ര വലുതാകാൻ കാരണമായിട്ടുണ്ടെന്ന് തോന്നുന്നു. അവിടുത്തെ സർക്കാർ ചിലരുടെ പിന്തുണയോടെയാണ് ഭരിക്കുന്നത് എന്ന് നമുക്കറിയാം. അതുകൊണ്ടാകാം അവർ ഇത്തരമൊരു നീക്കത്തിനു മുതിർന്നത്. അവിടെ തിരഞ്ഞെടുപ്പും അടുത്തുവരികയാണ്. രണ്ടു രാജ്യങ്ങൾ തമ്മിൽ വർഷങ്ങളായി തുടർന്നുവരുന്ന നല്ല ബന്ധം നശിപ്പിക്കാൻ കാനഡയിലെ ഈ രാഷ്ട്രീയ സാഹചര്യങ്ങളും കാരണമായിട്ടുണ്ട്. കാനഡ ഇത്തരത്തിൽ പെരുമാറുന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു.’

‘ഈ പ്രശ്നം വളർന്ന് അടിക്കു തിരിച്ചടി എന്ന നിലയിലേക്ക് എത്തിക്കഴിഞ്ഞു. കാനഡ അവരുടെ രാജ്യത്തെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയപ്പോൾ, ഇന്ത്യ തിരിച്ച് കാനഡയുടെ പ്രതിനിധിയേയും പുറത്താക്കി. കാനഡ ഒരു കാര്യം ചെയ്യുന്നു, ഇന്ത്യ അതേ നാണയത്തിൽ തിരിച്ചടിക്കുന്നു. ഇന്നും ഇന്ത്യ ചില നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് ഇതു തന്നെയായിരിക്കുമെന്നും തീർച്ച.’

‘അവിടെ സംഭവിച്ച കാര്യങ്ങളിൽ തികച്ചും വ്യത്യസ്തമായ ഒരു വിശദീകരണം സാധ്യമായിരുന്നുവെന്ന് ഞാൻ‌ കരുതുന്നു. ഒരു സുഹൃദ് രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും താൽപര്യങ്ങൾക്കും ഭീഷണി ഉയർത്തുന്ന വിധം പെരുമാറാൻ അവരുടെ പൗരൻമാർക്ക് അനുവാദം ലഭിക്കുന്നത് എന്തുകൊണ്ടാണ്? ഇത് കാനഡക്കാർക്ക് മാത്രം ഉത്തരം നൽകാൻ‌ കഴിയുന്ന ചോദ്യമാണ്.’ – തരൂർ പറഞ്ഞു.

English Summary: No Evidence Any Indian Government...: Shashi Tharoor On India-Canada Row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com