വിവാഹമോചന കേസിനെത്തിയ യുവതിയും ഭർതൃസഹോദരിയും കോടതിവളപ്പിൽ ഏറ്റുമുട്ടി - വിഡിയോ
Mail This Article
ചേര്‍ത്തല∙ കോടതി വളപ്പിൽ യുവതിയും ഭർതൃസഹോദരിയും തമ്മില്‍ ഏറ്റുമുട്ടി. തർക്കം മറ്റുള്ളവർ ഏറ്റെടുത്തതോടെ ചേർത്തലയിലെ കോടതിവളപ്പിൽ നടന്നത് കൂട്ടത്തല്ല്. വയലാർ സ്വദേശിനിയായ യുവതിയും പട്ടണക്കാട്ട് സ്വദേശിയായ ഭർത്താവിന്റെ സഹോദരിയും തമ്മിലാണ് ഏറ്റുമുട്ടിയത്. ദമ്പതിമാരുടെ വിവാഹമോചനവുമായി ബന്ധപ്പെട്ടാണ് അടിപിടിയുണ്ടായത്.
ഇവരുടെ കുട്ടികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ചേർത്തല കോടതിയിലെത്തിയ യുവതിയും ഇവരുടെ ഭർതൃസഹോദരിയും തമ്മിലാണ് ആദ്യം അടിപിടിയുണ്ടായത്. തുടർന്ന് കൂട്ടത്തല്ലായി. സംഘട്ടനത്തിനിടെ ഭാര്യയെ ചവിട്ടുകയും അടിച്ചു പരുക്കേൽപിക്കുകയും ചെയ്തതിന് യുവതിയുടെ ഭർത്താവിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരവും ചേർത്തല പൊലീസ് കേസെടുത്തിട്ടുണ്ട്.
വിവാഹമോചനക്കേസ് നടക്കുന്നതിനിടെ കുട്ടികളെ വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും ചേർത്തല കോടതിയിലെത്തിയത്. .തമ്മിലടിച്ച രണ്ടു സ്ത്രീകളും പരസ്പരം മുടി പിടിച്ചുവലിക്കുകയും മുഖത്തടിക്കുകയും ചെയ്തു. നിലത്തുവീണിട്ടും അടി തുടർന്നു. യുവതികളെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും പിൻമാറിയില്ല.
വനിതാ പൊലീസ് സ്ഥലത്ത് ഇല്ലാത്തതിനാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ വിഷയത്തിൽ ഇടപെടാൻ ആദ്യം മടിച്ചു. പിന്നീട് ഇവർ തന്നെ ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. ദമ്പതിമാർക്ക് ഏഴും നാലും വയസ്സുള്ള കുട്ടികളുണ്ട്. മുൻപ് ആലപ്പുഴ കോടതിയിൽ വച്ചുണ്ടായ അടിപിടിയിൽ അഭിഭാഷകനു നേരെയും കയ്യേറ്റ ശ്രമമുണ്ടായതായി പറയുന്നു.
English Summary: Sisters-in-Law Clash in Divorce Case: Viral Video