കേരളം ഭരിക്കുന്നത് എന്‍ഡിഎ - എല്‍ഡിഎഫ് സഖ്യകക്ഷി സര്‍ക്കാര്‍: വിമർശിച്ച് സതീശൻ
Mail This Article
തിരുവനന്തപുരം∙ കേരളം ഭരിക്കുന്നത് എന്‍ഡിഎ-എല്‍ഡിഎഫ് സഖ്യകക്ഷി സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിഎസ് ഏതു സാഹചര്യത്തിലാണ് എല്‍ഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതെന്നു വ്യക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വവും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘‘ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നതായി ജെഡിഎസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടും പിണറായി വിജയന് മന്ത്രിസഭയില്‍ ജെഡിഎസിന്റെ പ്രതിനിധി ഇപ്പോഴും മന്ത്രിയായി തുടരുകയാണ്. ബിജെപി വിരുദ്ധതയെ കുറിച്ചു വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രിയോ എല്‍ഡിഎഫോ ഇക്കാര്യത്തില്‍ ഇതുവരെ നിലപാടു വ്യക്തമാക്കാന്‍ തയാറാകാത്തതും വിചിത്രമാണ്.
ബിജെപിക്കെതിരെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച ‘ഇന്ത്യ’എന്ന വിശാല പ്ലാറ്റ്ഫോമില്‍ പാര്‍ട്ടി പ്രതിനിധി വേണ്ടെന്ന് സിപിഎം തീരുമാനിച്ചതും കേരള ഘടകത്തിന്റെ തീരുമാനത്തിനു വഴങ്ങിയാണ്. ലാവ്ലിനും സ്വര്‍ണക്കടത്തും മാസപ്പടിയും ബാങ്ക് കൊള്ളയും ഉള്‍പ്പെടെയുള്ള അഴിമതികളിലെ ഒത്തുതീര്‍പ്പും മോദിയോടുള്ള പിണറായി വിജയന്റെ വിധേയത്വവുമാണ് കേന്ദ്ര നേതൃത്വത്തിനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ സിപിഎം കേരള ഘടകത്തെ പ്രേരിപ്പിച്ചതെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്ന ജെഡിഎസിനെ മുന്നണിയില്‍നിന്നു പുറത്താക്കിയിട്ടു വേണം സിപിഎം നേതാക്കള്‍ സംഘപരിവാര്‍ വിരുദ്ധത സംസാരിക്കാന്‍. ഇതിനുള്ള ആര്‍ജവം കേരളത്തിലെ മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും ഉണ്ടോയെന്നു മാത്രമേ ഇനി അറിയേണ്ടതുള്ളൂ’’– അദ്ദേഹം പറഞ്ഞു.
English Summary: Kerala is ruled by NDA-LDF alliance Government; slams Satheesan