വിവസ്ത്രയാക്കി മർദിക്കും, സ്വന്തം രക്തം കുടിപ്പിക്കും: സൈനികന്റെ വീട്ടിൽ 16കാരിക്ക് ക്രൂരപീഡനം
Mail This Article
ഗുവാഹട്ടി∙ പ്രായപൂർത്തിയാകാത്ത വീട്ടുസഹായിയായ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ സൈനിക ഉദ്യോഗസ്ഥനും ഭാര്യയും അറസ്റ്റില്. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. പല്ലുകൾ പൊട്ടിയ നിലയിലാണ്. മൂക്കിനും പരുക്കുണ്ട്. നാവിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുള്ളതായി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. മിക്കസമയത്തും വസ്ത്രം ധരിക്കാതെയാണ് അവൾ ആ വീട്ടിലുണ്ടായിരുന്നതെന്നും ദൃക്സാക്ഷികൾ വെളിപ്പെടുത്തി.
ആറുമാസമായി പെൺകുട്ടി ദമ്പതികൾക്കൊപ്പമുണ്ട്. ഭക്ഷണം ചോദിക്കുമ്പോൾ മാലിന്യകുട്ടയിൽ നിന്ന് കഴിക്കാനാണ് ദമ്പതികൾ ആവശ്യപ്പെട്ടിരുന്നത്. വിവസ്ത്രയാക്കി ശരീരത്തിൽ നിന്ന് രക്തം വരുന്നതു വരെ മർദിക്കുമായിരുന്നു എന്ന് പെൺകുട്ടി മൊഴിനൽകി. മാത്രമല്ല, സ്വന്തം ചോര കുടിപ്പിക്കാൻ ശ്രമിച്ചതായും പെൺകുട്ടി പറഞ്ഞു.
‘‘അവർ എന്നെ പിടിച്ചു വലിച്ചുകൊണ്ടു പോയി മുറിയിൽ പൂട്ടിയിടും. മുടിപിടിച്ച് വലിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്യും. അവർ എന്നെ വിവസ്ത്രയാക്കുകയും ചപ്പാത്തിക്കോലുകൊണ്ട് അടിക്കുകയും ചെയ്യും. അടിയേറ്റു രക്തം വന്നാൽ അത് എന്നെക്കൊണ്ട് കുടിപ്പിക്കുകയും ചെയ്യും.’’– ആക്രമണത്തിനിരയായ പെൺകുട്ടി പറഞ്ഞു.
കോണിപ്പടിയിൽ നിന്ന് വീണാണ് പെൺകുട്ടിക്കു പരുക്കേറ്റതെന്നായിരുന്നു ദമ്പതികൾ പറഞ്ഞത്. ദമ്പതികൾക്കെതിരെ പോക്സോ, എസ്എസ്ടി ആക്ടുകൾ പ്രകാരം കേസെടുത്തു. ആറ് മാസമായി ദമ്പതികൾ തന്നെ ക്രൂരമായ പീഡനത്തിനിരയാക്കുകയായിരുന്നു എന്ന് പെൺകുട്ടി മൊഴിനൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
English Summary: A 16-year-old Girl Was Brutally Assaulting In Army Man's House