പിൻവാങ്ങിത്തുടങ്ങി കാലവർഷം; കേരളത്തിലെ മഴക്കുറവ് 38%, വ്യാഴാഴ്ച മുതൽ മഴ കിട്ടിയേക്കും
Mail This Article
പാലക്കാട് ∙ കാലവർഷം രാജ്യത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തുനിന്നു പിന്മാറ്റം ആരംഭിച്ചു. രാജസ്ഥാൻ മേഖലയിൽനിന്നു ആരംഭിക്കുന്ന പിന്മാറ്റം ഏറ്റവും ഒടുവിലാണു കേരളത്തിലെത്തുക. കാലവർഷത്തിന്റെ പിന്മാറ്റം രാജസ്ഥാനിൽ ആരംഭിച്ച് ഡൽഹി, ഗുജറാത്ത് തുടങ്ങി മധ്യ ഇന്ത്യയിലൂടെയാണു ദക്ഷിണമേഖലയിൽ എത്തുന്നത്. ഇതേസമയം, രണ്ടിടത്തു രൂപംകൊളളുന്ന ചുഴികളുടെയും ചക്രവാതത്തിന്റെയും സ്വാധീനം മൂലം കേരളത്തിൽ വ്യാഴം മുതൽ മോശമില്ലാത്ത മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
വടക്കൻ കേരളത്തിൽ തുടങ്ങുന്ന മഴ പിന്നീട് മധ്യകേരളത്തിലുമെത്തും. ഒക്ടോബർ രണ്ടോടെ പെയ്ത്തിനു ശക്തി കുറയും. അറബിക്കടലിൽ ഗോവയ്ക്കു സമീപം ചെറിയതോതിൽ ചുഴിയും വലിയതോതിൽ കാർമേഘപടലങ്ങളും ഉണ്ട്. ബംഗാൾ ഉൾക്കടലിൽ പൂണെക്കടുത്താണു ചക്രവാതച്ചുഴി രൂപമെടുക്കുന്നത്. എന്നാൽ, ആൻഡമാൻ നിക്കോബാർ ഭാഗത്തുള്ള ചുഴി വരുംദിവസങ്ങളിൽ ശക്തമായ ന്യൂനമർദ്ദമായി മാറാനുള്ള സാധ്യത കാലാവസ്ഥ വിദഗ്ധർ നിരീക്ഷിക്കുന്നുണ്ടെങ്കിലും അതു ദക്ഷിണേന്ത്യയിൽ ബാധിക്കില്ല. പകരം വരുംദിവസം തായ്‍ലൻഡ്, ബാങ്കോക്ക് രാജ്യമേഖലയിൽ അതിതീവ്രമഴയ്ക്കും നാശത്തിനും വഴിവയ്ക്കുമെന്നാണ് ഇപ്പോഴത്തെ നിഗമനം.
സെപ്റ്റംബറിൽ കൂടുതൽ ദിവസം മഴ കിട്ടിയതോടെ സംസ്ഥാനത്തെ മഴക്കുറവ് 38% ആയി. ശതമാനക്കണക്കിൽ കൂടുതൽ കുറവ് വയനാട്ടിലാണ് (56%), തൊട്ടടുത്ത് ഇടുക്കി (55%). ജൂൺ ഒന്നിന് ആരംഭിക്കുന്ന കാലവർഷം സെപ്റ്റംബർ 30നു പിൻവാങ്ങുമെന്നാണ് ഔദ്യോഗിക കണക്ക്. പിന്നീട് രണ്ടാഴ്ച കഴിഞ്ഞു തുലാവർഷത്തിനും തുടക്കമാകും. ഇതുവരെ ചക്രവാതങ്ങളും ന്യൂനമർദ്ദങ്ങളും കാരണമാണു കൂടുതൽ മഴയും പെയ്തത്. അതിനാൽ, കാലവർഷക്കാലത്തെ മഴപോലെ എല്ലായിടത്തും ഒരുപോലെ കിട്ടിയില്ല. ചിലയിടത്തു വലിയതോതിൽ ലഭിച്ചപ്പോൾ മറ്റിടങ്ങളിൽ പാടെ കുറഞ്ഞു. കുറച്ചുവർഷമായി ജൂൺ ഏതാണ്ടു കാലവർഷ കലണ്ടറിൽ ഇല്ലെന്നാണു സ്ഥിതി.
കാലവർഷം സെപ്റ്റംബറും കടന്നുപോകുന്ന സാഹചര്യവും നേരത്തെയുണ്ടായി. ഇത്തവണയും കാലവർഷത്തിന്റെ പിൻമാറ്റം വൈകാനുളള സാധ്യത ഒരു വിഭാഗം കാലാവസ്ഥ ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നുണ്ട്. മുൻവർഷത്തിൽ തുലാവർഷക്കാറ്റ് എത്തിയിട്ടും കാലവർഷക്കാറ്റ് പിൻവാങ്ങാത്ത അസാധാരണ സ്ഥിതിവിശേഷവും കേരളത്തിലുണ്ടായി. പെട്ടെന്ന് രൂപംകൊണ്ട ചക്രവാതച്ചുഴികളായിരുന്നു അതിനുകാരണം. തെക്കുപടിഞ്ഞാറ് മൺസൂൺകാറ്റ് ആദ്യം എത്തുന്നതും അവസാനം പിന്മാറുന്നതും കേരളത്തിലായതിനാൽ ഇവിടെ നീണ്ടകാലവർഷമാണു ലഭിക്കുന്നത്. അതാണു സംസ്ഥാനത്തെ മഴക്കാലത്തിന്റെ സവിശേഷതയും.
തുലാവർഷം ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 30 വരെ എന്നാണ് ഔദ്യോഗിക കണക്കെങ്കിലും പൊതുവേയുള്ള അന്തരീക്ഷ മാറ്റത്തിൽ ഏതാണ്ട് ഒക്ടോബർ 15നു ശേഷമാണു മഴ കിട്ടിതുടങ്ങാറ്. പതിവുപോലെ മൺസൂൺകാറ്റ് വടക്കു പടിഞ്ഞാറുമേഖലയിൽനിന്നു മാറുന്നതോടെ അവിടെ അതിമർദമേഖല രൂപപ്പെടും. തെളിഞ്ഞ അന്തരീക്ഷത്തിൽ ഈർപ്പം വൻതോതിൽ കുറഞ്ഞു കാറ്റ് എതിർദിശയിലേക്ക് ആരംഭിക്കുകയാണു ചെയ്യുക. അങ്ങനെ തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റിന്റെ സ്ഥാനത്തു വടക്കുകിഴക്കൻ കാറ്റ് വ്യാപിക്കും. തുലാവർഷം പെയ്തു തുടങ്ങും. മൺസൂൺ പിൻവാങ്ങൽ തുടക്കത്തിന്റെ സൂചനകൾ വ്യക്തമായതായി കാലാവസ്ഥാ വകുപ്പ് പറയുന്നു. എന്നാൽ, ന്യൂനമർദ്ദവും ചക്രവാതച്ചുഴികളും തുടർന്നാൽ കേരളത്തിൽ തുലാവർഷം വൈകും, ചിലപ്പോൾ ചിതറിപ്പോകും.
English Summary: Heavy rain likely in Kerala from Thursday