‘നിങ്ങള്‍ ചോദിക്കുന്നത് ശരിയായ ആളോടല്ല’: ഫൈവ് ഐസിന്റെ തെളിവില്‍ ജയശങ്കര്‍
Mail This Article
ന്യൂയോര്‍ക്∙ ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ െകാലപാതകവുമായി ബന്ധപ്പെട്ട് കാനഡ ഉന്നയിച്ച ആരോപണങ്ങളിൽ ഇന്ത്യയുടെ നിലപാട് ആവർത്തിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഇന്ത്യ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ‘ഫൈവ് ഐസ്’ സഖ്യ രാജ്യങ്ങളിലെ രഹസ്യാന്വേഷണ സംഘമാണ് വിവരങ്ങൾ കൈമാറിയയതെന്ന റിപ്പോർട്ടുകൾ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് ‘താൻ ഫൈവ് ഐസിന്റെ ഭാഗമല്ലെന്നും അതിനാൽ ചോദ്യം തനിക്ക് ബാധകമല്ലെന്നും’ അദ്ദേഹം മറുപടി നൽകി.
ന്യൂയോർക്കിൽ നടന്ന കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് പരിപാടിക്കിടെയാണ്, നിജ്ജാറിനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് ഫൈവ് ഐസ് സഖ്യ രാജ്യങ്ങൾക്കിടയില്‍ രഹസ്യവിവരം പങ്കിട്ടുവെന്ന റിപ്പോർട്ടുകൾ സംബന്ധിച്ച് ഒരാൾ ചോദ്യം ഉന്നയിച്ചത്. ‘‘ഞാൻ ഫൈവ് ഐസിന്റെ ഭാഗമല്ല. എഫ്ബിഐയുടെയും ഭാഗമല്ല. അതിനാൽ നിങ്ങൾ തെറ്റായ വ്യക്തിയോടാണ് ചോദ്യം ചോദിക്കുന്നതെന്ന് ഞാൻ കരുതുന്നു’’– ജയശങ്കർ പറഞ്ഞു. യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളാണ് ‘ഫൈവ് ഐസി’ലുള്ളത്.
കനേഡിയൻ പൗരനും ഖലിസ്ഥാൻ വിഘടനവാദി നേതാവുമായ ഹർദീപ് സിങ് െകാലപാതകത്തിൽ ഇന്ത്യൻ രഹസ്യാന്വേഷ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ പറഞ്ഞതിനെ തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. നിജ്ജര്‍ കൊല്ലപ്പെട്ടതിൽ ഇന്ത്യൻ ഏജന്റുമാർക്കു പങ്കുണ്ടെന്ന് കാനഡയിലെ യുഎസ് അംബാസഡർ ഡേവിഡ് കോച്ചൻ ആരോപിച്ചിരുന്നു. ഫൈവ് ഐസ് സഖ്യ രാജ്യങ്ങളിലെ രഹസ്യാന്വേഷണ സംഘമാണ് വിവരങ്ങൾ കൈമാറിയതെന്നും ഇതിനു പിന്നാലെയായിരുന്നു കനേഡിയൻ പാർലമെന്റിൽ ജസ്റ്റിൻ ട്രൂഡോയുടെ വെളിപ്പെടുത്തലെന്നും യുഎസ് അംബാസഡർ കനേഡിയൻ ടെലിവിഷനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
English Summary: 'You're asking wrong person': S Jaishankar's reply on terrorist Nijjar's murder