ADVERTISEMENT

തിരുവനന്തപുരം∙ കൊല്ലം കടയ്ക്കലിൽ പിഎഫ്ഐക്കാർ ആക്രമിച്ചെന്ന സൈനികന്റെ പരാതിയിൽ ‘ഉടനടി’ പ്രതികരിച്ച് കുഴിയിൽ ചാടിയ ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി, ഇതുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ പ്രതികരണവുമായി രംഗത്ത്. ഈ സൈനികൻ വ്യാജനാണെന്നു തെളിഞ്ഞെങ്കിലും താൻ ഉന്നയിച്ച വിമർശനത്തിനു പ്രസക്തിയുണ്ടെന്ന് അനിൽ ആന്റണി ന്യായീകരിച്ചു. തീവ്ര ഇസ്‌ലാമിസ്റ്റുകളുടെ പ്രഭവകേന്ദ്രമായി കേരളം മാറുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ സംഭവങ്ങളുണ്ടെങ്കിലും, ഈ സൈനികന്റെ വിഷയം ഉയർത്തിക്കാട്ടി അതിനെ വെള്ളപൂശാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്നും അനിൽ ആന്റണി എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പങ്കുവച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടി.

‘‘ഭീകരവാദത്തോട് അനുഭാവം പുലർത്തുന്ന ചില രാഷ്ട്രീയക്കാർ, മാധ്യമങ്ങൾ, ഫാക്ട് ചെക്ക് നടത്തുന്നവർ തുടങ്ങിയവർ ഉള്‍പ്പെടുന്ന ഒരു വലിയ സംഘം, രണ്ടു ദിവസം മുൻപ് ഞാൻ നടത്തിയ ചില പ്രസ്താവനകളിൽ അസ്വസ്ഥരായിക്കണ്ടു. ഞാൻ പരാമർശിച്ച സൈനികനും അയാളുടെ സുഹൃത്തും വ്യാജൻമാരാണെന്നു തെളിഞ്ഞെങ്കിലും തീവ്ര ഇസ്‌ലാമിസ്റ്റുകളുടെ അപകടകരമായ പ്രഭവകേന്ദ്രമായി കേരളം മാറുന്നുവെന്ന വസ്തുത ഇല്ലാതാകുന്നില്ല.

ഐഎസുമായി ബന്ധമുള്ള പോപ്പുലർ ഫ്രണ്ടിന്റെ ഒന്നിലധികം രഹസ്യ നീക്കങ്ങളാണ് കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ദേശീയ അന്വേഷണ ഏജൻസി തകർത്തത്. ഈ ഭീകരസംഘടനകൾക്ക് അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ചോർത്തി നൽകിയതിന് ഒരു കേരള പൊലീസ് ഓഫിസറെ സസ്പെൻഡ് ചെയ്തതും അടുത്തിടെയാണ്.

കോൺഗ്രസും സിപിഎമ്മും മുസ്‍ലിം ലീഗും ഉൾപ്പെടുന്ന പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുമായി ബന്ധം പുലർത്തുന്ന, അതേസമയം, ഭീകരവാദത്തോട് മമത കാട്ടുന്ന ചിലരും അവരുമായി ബന്ധപ്പെട്ട മാധ്യമങ്ങളും ഈ സംഭവം വച്ച് ഇവിടെ നടക്കുന്ന എല്ലാ ഇന്ത്യാവിരുദ്ധ ക്രിമിനൽ പ്രവർത്തനങ്ങളെയും വെളുപ്പിക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഇവരെല്ലാം കനത്ത ഭീഷണിയാണ് ഉയർത്തുന്നത്’’ – കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫിസിനെ ടാഗ് ചെയ്ത് അനിൽ ആന്റണി കുറിച്ചു.

രാജസ്ഥാനിൽ ജയ്സൽമേർ 751 ഫീൽഡ് വർക്‌ഷോപ്പിൽ സൈനികനായ കടയ്ക്കൽ ചാണപ്പാറ ബി.എസ്. നിവാസിൽ ഷൈനാണ് (35), ഒരു വിഭാഗം ആളുകൾ ആക്രമിച്ച് മുതുകിൽ ‘പിഎഫ്ഐ’ എന്ന ചാപ്പകുത്തിയതായി പരാതിപ്പെട്ടത്. എന്നാൽ, വിശദമായ അന്വേഷണത്തിൽ ഈ പരാതി പൊലീസ് വ്യാജമാണെന്നു കണ്ടെത്തി. സംഭവത്തിൽ ഷൈനെയും സുഹൃത്ത് മുക്കട ജോഷി ഭവനിൽ ജോഷിയെയും (40) കൊല്ലം റൂറൽ എസ്പി എം.എൽ.സുനിലും സംഘവും അറസ്റ്റ് ചെയ്തിരുന്നു. പട്ടാളത്തിലേക്കു മടങ്ങാനുള്ള മടിയും പിഎഫ്ഐയോടുള്ള വിരോധവുമാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ജനശ്രദ്ധ നേടാനും കൂടിയായിരുന്നു അക്രമ നാടകം.

അവധിക്കു നാട്ടിലെത്തിയ ഷൈൻ തിങ്കളാഴ്ച തിരിച്ചു പോകേണ്ടതായിരുന്നു. ഞായറാഴ്ച രാത്രി ഷൈനും ജോഷിയും ചേർന്നൊരുക്കിയ നാടകമാണെന്നാണു മൊഴി. എന്നാൽ, നാട്ടിൽ എത്തും മുൻപു തന്നെ ഷൈൻ, ജോഷിയുമായി ചേർന്നു സംഭവം ആസൂത്രണം ചെയ്തിരുന്നുവെന്നാണു പൊലീസിനു ലഭിച്ച വിവരം. ഈ സംഭവത്തിൽ, സൈനികൻ പരാതി നൽകിയതിനു പിന്നാലെ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിലാണ് അനിൽ ആന്റണി കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. ഈ പരാതി വ്യാജമാണെന്നു തെളിഞ്ഞതോടെ, അനിൽ ആന്റണി ഉൾപ്പെടെയുള്ളവർക്കെതിരെ മതസ്പർധ വളർത്തിയതിനു കേസെടുക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് രംഗത്തെത്തിയിരുന്നു.

എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അനിൽ ആന്റണി പറഞ്ഞത്:

തീവ്ര ഇസ്‌ലാമിക ആശയങ്ങൾ പിന്തുടരുന്ന ആളുകൾക്ക് യഥേഷ്ടം വിഹരിക്കാൻ സാഹചര്യമൊരുക്കുന്ന കേരളം, കമ്യൂണിസ്റ്റ് ഭരണത്തിനു കീഴിൽ രാജ്യത്തെത്തന്നെ പ്രതിസന്ധിയിലാക്കുന്ന ഒരു ക്രമസമാധാന പ്രശ്നമായി മാറിയിരിക്കുന്നു. കഴിഞ്ഞ എട്ടു വർഷത്തിനിടെ കേരളത്തിൽ സ്ത്രീകളും കുട്ടികളും പോലും സാമൂഹിക വിരുദ്ധരാൽ ക്രൂരമായി ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ ഒട്ടേറെ കണ്ടു. ഇന്നലെയും സമാനമായ ഒരു സംഭവമുണ്ടായി. ഒരു ഇന്ത്യൻ സൈനികനെ ചിലർ പിടിച്ചുവച്ച് കൈകൾ ബന്ധിച്ച് മുതുകിൽ പെയിന്റുകൊണ്ട് പിഎഫ്ഐ എന്ന് എഴുതി. ഇതാണ് ഇപ്പോൾ കേരളത്തിന്റെ ഞെട്ടിക്കുന്ന അവസ്ഥ. ഇതേക്കുറിച്ച് സിപിഎമ്മിൽനിന്നോ കോൺഗ്രസിൽനിന്നോ ഒരു നേതാവു പോലും പ്രതികരിച്ചില്ല എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. ഇവരെല്ലാം ചില പ്രത്യേക വിഭാഗം ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്ന തിരക്കിലാണ്. വെറും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പേരിലാണ് ഇവർ ഒരു വിഭാഗത്തെ മാത്രം തിരഞ്ഞുപിടിച്ച് പ്രീതിപ്പെടുത്തുന്നത്.

English Summary: Anil Antony Justifies His Comments In The Wake Of Fake Complaint By A Soldier In Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com