പഞ്ചാബിൽ കോണ്‍ഗ്രസ് എംഎൽഎ ലഹരിമരുന്നു കേസിൽ അറസ്റ്റിൽ
Mail This Article
ജലന്ധർ∙ പഞ്ചാബിൽ കോണ്‍ഗ്രസ് എംഎൽഎ സുഖ്പാൽ സിങ് ഖൈറ ലഹരിമരുന്നു കേസിൽ അറസ്റ്റിലായി. വ്യാഴാഴ്ച രാവിലെ നടന്ന റെയ്ഡിനെ തുടർന്നാണ് ജലാലാബാദ് പൊലീസ് നടപടി സ്വീകരിച്ചത്. ഭോലാത് മണ്ഡലത്തിൽ നിന്നുള്ള എംഎല്‍എയാണ് ഖൈറ. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും മുഖ്യമന്ത്രി ഭഗവന്ത് മാൻ തനിക്കെതിരെ പ്രതികാരനടപടി സ്വീകരിച്ചതാണെന്നും ഖൈറ ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു.
2015ൽ സമാന രീതിയിൽ എൻഡിപിഎസ് കേസിൽ തന്നെ കുടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ പിന്നീട് ഈ കേസിലെ സമൻസ് സുപ്രീംകോടതി റദ്ദാക്കിയിരുന്നുവെന്നും ഖൈറ പറയുന്നു. മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ വിമർശിക്കുന്നതിലാണ് താൻ വേട്ടയാടപ്പെടുന്നതെന്നും ഖൈറ പറഞ്ഞു. പൊലീസിനോട് അറസ്റ്റു വാറന്റ് ചോദിക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ ഫെയ്സ്ബുക് ലൈവിൽ പുറത്തുവന്നിട്ടുണ്ട്.
ഭഗവന്ത് മാന്‍ സർക്കാരിനെതിരെ നിരന്തരം വിമർശനമുന്നയിക്കുന്ന ഖൈറയ്ക്കെതിരെ മുൻപും കേസുകൾ വന്നിട്ടുണ്ട്. കപുർത്തലയിൽ സർക്കാർ ജീവനക്കാരന്റെ ജോലി തടസ്സപ്പെടുത്തിയതിനും കുടുംബസ്വത്തിന്റെ പേരിലും ഇദ്ദേഹത്തിനെതിരെ കേസുകളുണ്ട്. രണ്ടാമത്തെ കേസിൽ ഖൈറയുടെ സഹോദരി കൂട്ടുപ്രതിയാണ്. എന്നാൽ ഈ കേസുകളിലെല്ലാം ഖൈറയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. 'ഇന്ത്യ' മുന്നണി രൂപീകരിച്ചതിനുശേഷം ഇടക്കാലത്ത് കോൺഗ്രസ്–എഎപി പോരിന് ശമനമുണ്ടായിരുന്നെങ്കിലും, പുതിയ സംഭവവികാസങ്ങളോടെ ഇരുപാർട്ടികളും തമ്മിലുള്ള ബന്ധത്തിൽ വീണ്ടും വിള്ളലുണ്ടായിരിക്കുകയാണ്.
English Summary: Punjab Congress MLA Sukhpal Singh Khaira arrested in drugs case