'ഗവർണറുടെ നിലപാട് അഴിമതിക്കെതിരെ; നിയമോപദേശം തേടുന്നത് ഭരണഘടനാപരമായ അവകാശം'
Mail This Article
ന്യൂഡൽഹി∙ നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവർണർ പിടിച്ചുവയ്ക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിൽ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. ഏതെല്ലാം ബില്ലുകളാണ് ഗവർണർ തടഞ്ഞുവച്ചതെന്ന് മുഖ്യമന്ത്രി പറയണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ, സർവകലാശാലയുടെ അധികാരങ്ങളിൽ കൈകടത്തുന്ന ബിൽ എന്നിങ്ങനെയുള്ള ബില്ലുകളിൽ ഒപ്പുവയ്ക്കാത്തത് ഗവർണറുടെ നിലപാടാണ്.
നിയമസഭയിൽ സഹകരണ മനോഭാവമുള്ള പ്രതിക്ഷത്തെ കൂട്ടുപിടിച്ച് ബിൽ പാസാക്കിയെടുക്കാൻ എളുപ്പമാണ്. എന്നാൽ ഗവർണർ അഴിമതി ഭരണത്തോടു സഹകരണാത്മക നിലപാടുള്ളയാളല്ലെന്നും വി.മുരളീധരൻ പറഞ്ഞു. മാസപ്പടിയും കരുവന്നൂർ തട്ടിപ്പുമടക്കം സഭയിലുന്നയിക്കാത്തവരുടെ പിന്തുണയിലാണു പല ബില്ലും സഭ കടക്കുന്നത്. ഗവർണർ അഴിമതിക്ക് കൂട്ടുനിൽക്കാത്ത വ്യക്തി ആയതുകൊണ്ടാണ് ബില്ലുകളിൽ ഒപ്പിടാതിരിക്കുന്നത്.
ബില്ലുകൾ രാഷ്ട്രപതിയുടെ ഉപദേശത്തിനു വിടുന്നത് ഭരണഘടനാപരമായ അദ്ദേഹത്തിന്റെ അധികാരമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നിയമോപദേശം തേടുന്നത് ഭരണഘടനാപരമായ അവകാശവും അധികാരവുമാണ്. ആരിഫ് മുഹമ്മദ് ഖാൻ നിലപാട് പറയാൻ മടികാണിച്ചിട്ടില്ലാത്ത വ്യക്തിയാണെന്നും വി.മുരളീധരൻ പ്രതികരിച്ചു.
നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കാതെ അനന്തമായി പിടിച്ചുവയ്ക്കുന്ന ഗവർണറുടെ നടപടിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ മുതിർന്ന അഭിഭാഷകൻ കെ.കെ.വേണുഗോപാലിന്റെ സേവനം തേടും. എട്ടു ബില്ലുകളാണു ഗവർണറുടെ ഒപ്പു കാത്തു കിടക്കുന്നത്. ഈ കാലതാമസം പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്കു നിരക്കാത്തതാണ്. ഗവർണറുടെ സമീപനം കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary: Governor stands against corruption, He has constitutional right to get legal aid: V Muraleedharan