ADVERTISEMENT

ഉജ്ജയിൻ∙ മധ്യപ്രദേശിലെ ഉജ്ജയിനിയിൽ ബലാത്സംഗത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ചോരയൊലിപ്പിച്ച് വീടുകൾ തോറും സഹായം തേടി നടക്കുന്ന കാഴ്ച രാജ്യത്തെയാകെ വേദനയിലാഴ്ത്തിയിരുന്നു. എന്നാൽ സംഭവം നടന്ന് 72 മണിക്കൂർ പിന്നിടുമ്പോഴും ഇതു സംബന്ധിച്ച അന്വേഷണത്തിൽ യാതൊരു പുരോഗതിയുമില്ലെന്നാണ് റിപ്പോർട്ട്. പൊലീസ് പറയുന്നതിലും കേസിന്റെ രേഖകളിലും നിരവധി പൊരുത്തക്കേടുകളുണ്ട്. പ്രതിയിലേക്ക് എത്തുന്നതിനു പൊലീസിന് പ്രത്യേകിച്ച് തുമ്പൊന്നും ലഭിച്ചില്ലെന്നാണു സൂചന. 

സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പെൺകുട്ടി അലഞ്ഞുനടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനു പിന്നാലെയാണ് ഇയാളെ ചോദ്യം ചെയ്തത്. ഇയാളുടെ ഓട്ടോയിൽ ചോരപ്പാടുകൾ കണ്ടെത്തിയെന്നല്ലാതെ ഇയാളും ഈ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന യാതൊരു തെളിവും ഇല്ലെന്നാണ് പൊലീസ് ഭാഷ്യം. കൂടുതൽ സാഹചര്യ തെളിവുകൾ ലഭിക്കുന്നതിനായി നിരവധി പേരെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു. 

പെൺകുട്ടിയുടെ പേരും വിലാസവും കണ്ടെത്താനായിട്ടില്ലെന്നും അവളുടെ സംസാരത്തിൽനിന്ന് ഉജ്ജയിനിൽനിന്ന് 850 കിലോമീറ്റർ അകലെയുള്ള ഉത്തർപ്രദേശിലെ പ്രയാഗ്‍രാജ് സ്വദേശിയാണെന്നാണു മനസ്സിലായതെന്നുമാണ് പൊലീസ് ഇന്നലെ പറഞ്ഞത്. എന്നാൽ എഫ്ഐആറിൽ കുട്ടിയുടെയും പിതാവിന്റെയും പേര് ചേർത്തിട്ടുണ്ട്. പെൺകുട്ടി മധ്യപ്രദേശ് സ്വദേശിയാണെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഇക്കാര്യം ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചരിച്ചതായും ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. എട്ടാം ക്ലാസ് വിദ്യാർഥിയായി പെൺകുട്ടി മൂത്ത സഹോദരനും മുത്തച്ഛനുമൊപ്പമാണ് താമസിച്ചിരുന്നത്. ഞായറാഴ്ചയാണ് കുട്ടിയെ കാണാതാകുന്നത്. ഇതു സംബന്ധിച്ച് കുട്ടിയുടെ കുടുംബം പരാതി നൽകിയിരുന്നെന്നും പൊലീസുകാരൻ പറഞ്ഞു. 

അതിജീവത ഒന്നും സംസാരിച്ചിരുന്നില്ല എന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ ദേശീയ മാധ്യമത്തിന് ലഭിച്ച് എഫ്ഐആറിന്റെ കോപ്പിയിൽ പെൺകുട്ടി അനുഭവിച്ച ക്രൂരതയുടെ നേർചിത്രം അവൾ വിശദീകരിക്കുന്നുണ്ട്. ഉജ്ജയിനിൽനിന്ന് 700 കിലോമീറ്റർ അകലെ മധ്യപ്രദേശിലെ ഒരു ജില്ലയിലാണ് പെൺകുട്ടിയുടെ വീട്. ഇവിടെനിന്ന് 12 മണിക്കൂറോളം യാത്ര ചെയ്താണ് പെൺകുട്ടി എത്തിയതെന്നും പിറ്റേദിവസമാണ് സംഭവം റിപ്പോർട്ട് ചെയ്യുന്നതെന്നും പറയുന്നു. പൊലീസിനു ലഭിച്ച മറ്റൊരു സിസിടിവി ദൃശ്യത്തിൽ സംഭവം നടക്കുന്നതിനു തലേദിവസം സ്കൂൾ യൂണിഫോമിൽ പെൺകുട്ടി അല‍ഞ്ഞുനടക്കുന്നുണ്ടായിരുന്നെന്നും റിപ്പോർട്ടുണ്ട്. ‌

മധ്യപ്രദേശിലെ ഉജ്ജയിനിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ചോരയൊലിപ്പിച്ച് അലറിക്കരഞ്ഞ് വാതിലില്‍ മുട്ടിയിട്ടും സഹായിക്കാതെ നാട്ടുകാർ ആട്ടിപ്പായിച്ചത് വൻ പ്രതിഷേധത്തിനു വഴിവച്ചിരുന്നു. ബലാത്സംഗത്തിന് ഇരയായ പന്ത്രണ്ടുകാരിയെയാണു സഹായം അഭ്യർഥിച്ച് എത്തിയപ്പോൾ നാട്ടുകാർ ആട്ടിപ്പായിച്ചത്. പെൺകുട്ടി അർധനഗ്നയായി ചോരയൊലിപ്പിച്ച് ഓരോ വീടിന്റെയും വാതിലിൽ മുട്ടുന്ന ചിത്രം പുറത്തുവന്നിരുന്നു. മധ്യപ്രദേശിലെ ഉജ്ജയിനിൽ‌നിന്ന് 15 കിലോമീറ്റർ അകലെ ബാഗ്നഗർ റോഡിലെ സിസിടിവിയിൽനിന്നാണ് ദൃശ്യം ലഭിച്ചത്.

English Summary: Ujjain Rape: 72 Hours Later, No Arrest, Mismatch In Cop Statements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com