ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടിൽ 9,000 കോടി ലഭിച്ച സംഭവം; ബാങ്ക് സിഇഒ രാജിവച്ചു
Mail This Article
ചെന്നൈ∙ ബാങ്കിലെ സാങ്കേതികപ്പിഴവിനെ തുടർന്ന് ടാക്‌സി ഡ്രൈവർക്ക് 9000 കോടി രൂപ ലഭിച്ച സംഭവത്തിനു പിന്നാലെ ബാങ്ക് സിഇഒ രാജിവച്ചു. തമിഴ്‌നാട് മെർക്കന്റൈൽ ബാങ്ക് എംഡിയും സിഇഒയുമായ എസ്.കൃഷ്ണൻ ആണ് രാജിവച്ചത്. ഈ മാസം ആദ്യമായിരുന്നു അബദ്ധത്തിൽ 9,000 കോടി രൂപ ബാങ്കിൽ നിന്നും ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടിലേക്കെത്തിയത്. ഇതിനു പിന്നാലെയാണ് കാലാവധി ശേഷിക്കെ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള രാജി. കഴിഞ്ഞ വർഷം സെപ്‌റ്റംബറിലാണ് കൃഷ്ണൻ ബാങ്ക് മേധാവിയായി സ്ഥാനമേറ്റത്. വ്യക്തിപരമായ കാരണങ്ങളാൽ പദവി ഒഴിയുകയാണെന്നാണ് കാട്ടിയാണ് അദ്ദേഹം കത്ത് നൽകിയത്.
തൂത്തുക്കുടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് വ്യാഴാഴ്ച യോഗം ചേർന്ന് രാജി അംഗീകരിക്കുകയും കത്ത് റിസർവ് ബാങ്കിന് കൈമാറി. ആർബിഐയുടെ ഉത്തരവ് വരുന്നതുവരെ കൃഷ്ണൻ എംഡി, സിഇഒ സ്ഥാനങ്ങളിൽ തുടരുമെന്നും ബാങ്ക് വ്യക്തമാക്കി.
ചെന്നൈയിൽ ടാക്‌സി ഓടിക്കുന്ന പഴനി നെയ്‌കാരപ്പട്ടി സ്വദേശി രാജ്‌കുമാറിന്റെ അക്കൗണ്ടിലേക്കാണ് കഴിഞ്ഞ ആഴ്ച 9,000 കോടി എത്തിയത്. 105 രൂപ മാത്രമുണ്ടായിരുന്ന അക്കൗണ്ടിലേക്കാണ് പണമെത്തിയത്. ആരോ പറ്റിക്കാൻ ശ്രമിച്ചതാണെന്നാണ് ആദ്യം കരുതിയത്. പരീക്ഷണമായി സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് 21,000 രൂപ അയച്ചു. സുഹൃത്തിന് പണം ലഭിച്ചതോടെ കോടികൾ സ്വപ്‍നമല്ലെന്ന് ബോധ്യമായി. അപ്പോഴേക്കും, തമിഴ്‌നാട് മെർക്കെന്റയിൽ ബാങ്കിൽ നിന്നു വിളിയെത്തി.
അബദ്ധത്തിൽ പണം അക്കൗണ്ടിലെത്തിയതാണെന്നും ഒരു രൂപ പോലും ചെലവാക്കരുതെന്നും നിർദേശിക്കുകയും ചെയ്തു. എന്നാൽ, സുഹൃത്തിനു പണം അയച്ചെന്നു പറഞ്ഞതോടെ ബാങ്ക് അധികൃതർ ഭീഷണിപ്പെടുത്തിയെന്ന് രാജ്‌കുമാർ പറയുന്നു. ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചു. തുടർന്ന് ബാങ്ക് അധികൃതരെത്തി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ രാജ്‌കുമാർ കൈമാറ്റം ചെയ്ത 21,000 രൂപ ബാങ്ക് വേണ്ടെന്നുവച്ചു. കാർ വാങ്ങാൻ വായ്‌പ അനുവദിക്കാമെന്ന ഉറപ്പിൽ ബാങ്ക് പണം തിരികെയെടുക്കുകയായിരുന്നു.
English Summary:Tamilnadu Mercantile Bank MD resigns days after Rs 9,000 cr mistakenly credited to cab driver's account