സർക്കാരിനെതിരെ യുദ്ധത്തിന് നീക്കം: ഐഎസ് ഭീകരനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്
Mail This Article
ന്യൂഡൽഹി∙ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഐഎസ്ഐസ് ഭീകരൻ ഷാഫി ഉസമ എന്നറിയപ്പെടുന്ന ഷഹ്നവാസിനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. ഒളിയിടത്തിൽനിന്ന് ഡൽഹി പൊലീസിന്റെ പ്രത്യേക ദൗത്യ സംഘമാണ് ഭീകരനെ അറസ്റ്റ് ചെയ്തത്.
എൻജിനീയർ ആയ ഷഹ്നവാസിനെക്കുറിച്ചു വിവരം നൽകുന്നവർക്ക് 3 ലക്ഷം രൂപ എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. റിസ്‌വാൻ അബ്ദുൽ ഹാജി അലി, അബ്ദുല്ല ഫായിസ് ഷെയ്ക്, തൽഹ ലിയാകത് ഖാൻ എന്നിവരെക്കുറിച്ചു വിവരം നൽകുന്നവർക്കും മൂന്ന് ലക്ഷം പ്രഖ്യാപിച്ചിരുന്നു. പുണെ കേന്ദ്രമായ യൂണിറ്റിലായിരുന്നു ഇവർ പ്രവർത്തിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ടു നേരത്തെ നിരവധിപ്പേരെ അറസ്റ്റ് ചെയ്തു.
രാജ്യത്തിന്റെ സമാധാനവും ഐക്യവും തകർക്കുന്നതിന് സംഘം പദ്ധതിയിട്ടിരുന്നുവെന്ന് എൻഐഎ അറിയിച്ചു. സംഘം നിശബ്ദമായി പ്രവർത്തിച്ചുവരികയായിരുന്നു. സർക്കാരിനെതിരെ യുദ്ധം നടത്തി സമാധാനവും ഐഖ്യവും തകർത്ത് രാജ്യത്ത് ഇസ്‌ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാനായിരുന്നു ലക്ഷ്യം. അറസ്റ്റിലായ ഷാമിൽ സാഖിബ് നാചന്റെ വീട്ടിൽനിന്നു സ്ഫോടക വസ്തുക്കൾ കണ്ടെടുക്കുകയും ഗൂഢാലോചന നടത്തിയതിന്റെ തെളിവു ലഭിക്കുകയും ചെയ്തു. രാജ്യം മുഴുവൻ സ്ഫോടനം നടത്താനും സംഘം പദ്ധതിയിട്ടുവെന്നും എൻഐഎ പറഞ്ഞു.
English Summary: ISIS Terrorist Arrested By Delhi Police