‘സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു, സത്യം പുറത്തുവരണം’: ബാലഭാസ്കറിന്റെ അച്ഛൻ
Mail This Article
തിരുവനന്തപുരം ∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ സത്യം പുറത്തു വരണമെന്ന് അച്ഛൻ കെ.സി.ഉണ്ണി. ബാലഭാസ്കറിന്റെ അപകട മരണത്തിനു പിന്നിൽ ഗൂഢാലോചന സംശയിക്കുന്നു. സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു. ഇതു മരണത്തിലേക്കു വഴിവച്ചിരിക്കാമെന്നാണു സംശയമെന്നും ഉണ്ണി പറഞ്ഞു.
ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കെ.സി.ഉണ്ണി നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഉത്തരവ്. മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണു കോടതി സിബിഐയ്ക്കു നിർദേശം നൽകിയത്. ഗൂഢാലോചനയുണ്ടെങ്കിൽ അതുൾപ്പെടെ പരിശോധിക്കണമെന്നും ഉത്തരവിലുണ്ട്.
ബാലഭാസ്കറിന്റെ മരണത്തിനു പിന്നിൽ ഗൂഢാലോചനയില്ലെന്നും അപകടത്തിനു കാരണമായതു ഡ്രൈവറുടെ അശ്രദ്ധയാണെന്നും ഹർജി പരിഗണിക്കുമ്പോൾ സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2019 സെപ്റ്റംബർ 25ന് പുലർച്ചെയാണു ബാലഭാസ്കർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്. ബാലഭാസ്കറിന്റേത് അപകടമരണമാണെന്നാണു മുൻപ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തൽ.
English Summary: KC Unni wants the truth to come out about the death of his son, violinist Balabhaskar.