ADVERTISEMENT

തിരുവനന്തപുരം ∙ പുതുക്കിയ വില പ്രദർശിപ്പിച്ച ലേബലുകൾ ഒട്ടിക്കാതെ വിദേശനിർമിത വിദേശമദ്യവും വിദേശനിർമിത വൈനും വിൽക്കേണ്ടെന്നു നിർദേശിച്ച് ബവ്റിജസ് കോർപറേഷൻ. ഇവ രണ്ടിനും കോർപറേഷൻ വില വർധിപ്പിച്ചിരുന്നു. വിലവർധന ഈ മാസം ഒന്നിനാണു നിലവിൽ വന്നത്. പുതുക്കിയ വില കാണിക്കുന്ന ലേബലുകൾ ഈ മാസം അഞ്ചിനകം ഷോപ്പുകളിലെയും വെയർഹൗസുകളിലെയും മദ്യക്കുപ്പികളിൽ ഒട്ടിക്കണമെന്നു കോർപറേഷൻ മദ്യക്കമ്പനികൾക്കു നിർദേശം നൽകിയിരുന്നു.

സർക്കാർ നിർദേശം നടപ്പിലാക്കാൻ ബുദ്ധിമുട്ടുള്ളതിനാലാണു ലേബൽ ഒട്ടിക്കാൻ കഴിയാത്തതെന്നു മദ്യക്കമ്പനി പ്രതിനിധികൾ പറയുന്നു. നേരത്തെ പലതവണ വില വർധിപ്പിച്ചപ്പോഴും പുതിയ വിലയിലെ ലേബൽ ഒട്ടിക്കാൻ നിർദേശം നൽകിയിരുന്നില്ലത്രെ. ഇന്ത്യൻ നിർമിത വിദേശമദ്യത്തിനു വില കൂട്ടിയപ്പോഴും ഇത്തരം നിർദേശം നൽകിയില്ല. വില കൂട്ടുന്ന വിവരം നേരത്തെ അറിയിച്ചിരുന്നെങ്കിൽ സ്റ്റോക്കുകൾ ക്രമീകരിക്കാൻ കഴിയുമായിരുന്നു. കേരളത്തിൽ 120 ഓളം ഔട്‌‌ലെറ്റുകളിൽ കമ്പനികൾ വിദേശനിർമിത വിദേശമദ്യം വിതരണം ചെയ്യുന്നുണ്ട്. 26 ഗോഡൗണാണുള്ളത്.

ഇവിടെയെല്ലാം തൊഴിലാളികളെ വിട്ട് ഒരു കുപ്പിയിൽ രണ്ട് ലേബലുകൾ ഒട്ടിക്കുന്നതു പ്രായോഗികമല്ലെന്നു കമ്പനി പ്രതിനിധികൾ പറയുന്നു. ഒരു കുപ്പിയിൽ സ്റ്റിക്കർ ഒട്ടിക്കുന്നതിനു കമ്പനികൾക്ക് 10 രൂപയോളം ചെലവുണ്ട്. കേരളത്തിൽ ഒരു മാസം 4,000 കെയ്സ് വിദേശനിർമിത വിദേശമദ്യമാണു വിൽക്കുന്നതെന്നാണു  കമ്പനികളുടെ കണക്ക്. ആകെ മദ്യവിൽപ്പനയുടെ കണക്കെടുത്താൽ ഒരു ശതമാനത്തിൽ താഴെയാണ് ഇവയുടെ വിൽപ്പനയെന്നും കമ്പനികൾ ചൂണ്ടിക്കാട്ടി.

English Summary:

Beverages Corporation is directed not to sell foreign-made liquor and foreign-made wine without affixing labels displaying the revised price.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com