ബിജെപിക്കാരെ കൊന്നൊടുക്കിയ സിപിഎമ്മുമായി ഒരു തരത്തിലുള്ള നീക്കുപോക്കുമില്ല: വി.മുരളീധരൻ
Mail This Article
കോഴിക്കോട്∙ ദേശീയതലത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള തിരഞ്ഞെടുപ്പ് ധാരണ മറച്ചുപിടിക്കാനാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന് പ്രചരിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇന്ത്യ മുന്നണിയിൽ അംഗങ്ങളായ കോൺഗ്രസും സിപിഎമ്മും രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണ് പരിശ്രമിക്കുന്നത്. കേരളത്തിൽനിന്ന് ലോക്സഭയിലേക്കു വരുന്ന സിപിഎം എംപിമാർ കോൺഗ്രസിനെയാണ് പിന്തുണയ്ക്കുകയെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.
പിണറായി വിജയന്റെ അറിവോടെയാണ് ബിജെപിയുമായി ധാരണയുണ്ടാക്കിയതെന്ന് മുൻ പ്രധാനമന്ത്രി ദേവെഗൗഡ പറഞ്ഞിട്ടുണ്ടോയെന്ന് അറിയില്ല. എന്തു തന്നെയായാലും സിപിഎമ്മുമായി ഒരു തരത്തിലുള്ള ധാരണയും ബിജെപി ഉണ്ടാക്കില്ല. ബംഗാളിലും ത്രിപുരയിലും സിപിഎം ഭരണം അവസാനിപ്പിച്ചത് ബിജെപിയാണെന്ന് മുരളീധരൻ പറഞ്ഞു.
അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളായ സിപിഎമ്മുമായി ധാരണ ഉണ്ടാക്കാനാകില്ലെന്നും കേരളത്തിൽ 200ലേറെ ബിജെപി പ്രവർത്തകരെ കൊന്നൊടുക്കിയ സിപിഎമ്മുമായി ഒരു തരത്തിലുള്ള നീക്കുപോക്കും ബിജെപി ഉണ്ടാക്കില്ലെന്നും വി.മുരളീധരൻ പറഞ്ഞു.