വിരമിച്ച പ്രൈവറ്റ് സെക്രട്ടറിക്ക് കാബിനറ്റ് പദവി നൽകി പട്നായിക്: മുഖ്യമന്ത്രിയാക്കിയാലും അദ്ഭുതമില്ലെന്ന് കോൺഗ്രസ്
Mail This Article
ഭുവനേശ്വർ∙ സർവീസിൽ നിന്ന് സ്വയം വിരമിക്കൽ (വിആർഎസ്) പ്രഖ്യാപിച്ചതിനു പിന്നാലെ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിക്ക് കാബിനറ്റ് റാങ്കോടെ പുതിയ നിയമനം. ഒഡീഷ ട്രാൻസ്ഫമേഷനൽ ഇൻഷേറ്റീവ്സ് (5ടി), നബിൻ ഒഡീഷ എന്നിവയുടെ ചെയർമാനായാണ് വി.കെ.പാണ്ഡ്യന് നിയമന ഉത്തരവ് നൽകിയത്. ഇന്നാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.
തമിഴ്നാട് സ്വദേശിയായ പാണ്ഡ്യൻ, ഒഡീഷ കേഡറിലെ 2000 ബാച്ച് ഐഎഎസ് ഓഫിസറാണ്. 2002ൽ കാളഹന്ദിയിലെ ധർമഗഡിൽ സബ് കലക്ടറായാണ് സർവീസിൽ പ്രവേശിച്ചത്. തുടർന്ന് 2005ൽ മയൂർബഞ്ചിലും 2007ൽ ഗഞ്ചമിലും കലക്ടറായി സേവനമനുഷ്ഠിച്ചു. ഗഞ്ചമിൽ കലക്ടറായിരിക്കെയാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായി മാറുന്നത്. 2011ലാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഭാഗമാകുന്നത്. തുടർന്ന് പട്നായികിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായി.
പട്നായികിന്റെ വിശ്വസ്തനായി വളർന്ന പാണ്ഡ്യനെതിരെ പ്രതിപക്ഷ പാർട്ടികൾ പരക്കെ ആക്ഷേപം ഉന്നയിച്ചിരുന്നു. പാണ്ഡ്യൻ തന്റെ സ്ഥാനം ദുരുപയോഗം ചെയ്യുന്നു എന്നതായിരുന്നു ഇതിൽ പ്രധാനം. പാണ്ഡ്യൻ ഭരണകക്ഷിയായ ബിജു ജനതാദളിൽ(ബിജെഡി) ചേരുമെന്നും അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് അദ്ദേഹത്തിന് വലിയ സ്ഥാനങ്ങൾ നൽകുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഒഡീഷയിലെ ഭരണത്തിന്റെ കടിഞ്ഞാൻ പാണ്ഡ്യയുടെ കയ്യിലാണെന്നും ആരോപണം ഉയർന്നിരുന്നു.
പാണ്ഡ്യൻ സ്വയം വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ ഇയാൾക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് എത്തി. അടുത്ത തിരഞ്ഞെടുപ്പിന് മുൻപ് പാണ്ഡ്യനെ പട്നായിക് മുഖ്യമന്ത്രിയാക്കിയാലും അദ്ഭുതപ്പെടാനില്ലെന്നാണ് കോൺഗ്രസ് എംപി സപ്തഗിരി ഉലക ആരോപിച്ചത്. ‘ഒഡീഷയിലെ ഭരണക്രമീകരണങ്ങൾ അങ്ങനെയാണ്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഒരു സൂചന പോലും ലഭിക്കില്ല. എന്നാൽ ആരാണ് ഇതൊക്കെ നിയന്ത്രിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. ഈ അവധി സമയത്ത് വിആർഎസ് മൂന്നു ദിവസത്തിനുള്ളിൽ അംഗീകരിച്ചിരിക്കുന്നു. അടുത്ത തിരഞ്ഞെടുപ്പിന് മുൻപ് പാണ്ഡ്യനെ പട്നായക് മുഖ്യമന്ത്രിയാക്കിയാലും അദ്ഭുതപ്പെടാനില്ല.’’– സപ്തഗിരി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.