ADVERTISEMENT

വാഷിങ്ടൻ∙ ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രയേലിന്റെ ചില നടപടികൾ അവർക്കു തന്നെ തിരിച്ചടിയായേക്കാമെന്ന മുന്നറിയിപ്പുമായി യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ. സംഘർഷത്തിൽ ഒറ്റപ്പെട്ടു പോയ ഗാസയിലെ ജനങ്ങൾക്ക് ശുദ്ധജലവും ഭക്ഷണവും നിഷേധിക്കുന്നതു പോലുള്ള നടപടികൾക്കെതിരെയാണ് ഒബാമയുടെ മുന്നറിയിപ്പ്. ഇസ്രയേലിനോടുള്ള പലസ്തീനിലെ ജനങ്ങളുടെ വിരോധം വരും തലമുറകളിലും ശക്തമായിത്തന്നെ തുടരുന്നതിന് ഇത്തരം നടപടികൾ ഇടയാക്കുമെന്ന് ഒബാമ ചൂണ്ടിക്കാട്ടി. മാത്രമല്ല, ഇസ്രയേലിന് ലോകരാജ്യങ്ങളിൽ നിന്നു ലഭിക്കുന്ന പിന്തുണ ഇടിയാനും ഇതു കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

സജീവമായി നിൽക്കുന്ന വിദേശനയ വിഷയങ്ങളിൽ അപൂർവമായി മാത്രം പ്രതികരിക്കാറുള്ള ഒബാമ, യുദ്ധമുഖത്ത് നഷ്ടമാകുന്ന മനുഷ്യജീവനുകൾ അവഗണിക്കുന്ന ഇസ്രയേലിന്റെ ഏതു യുദ്ധതന്ത്രവും ആത്യന്തികമായി അവർക്കുതന്നെ വിനയാകുമെന്ന് ചൂണ്ടിക്കാട്ടി.

‘യുദ്ധമുഖത്ത് തീർത്തും ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ജനതയ്ക്ക് (ഗാസയിൽ) ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ നിഷേധിക്കുന്ന ഇസ്രയേൽ ഭരണകൂടത്തിന്റെ തീരുമാനം അവർ അനുഭവിക്കുന്ന പ്രതിസന്ധിയെ കൂടുതൽ വഷളാക്കും. മാത്രമല്ല, പലസ്തീന്റെ വരും തലമുറകൾക്കും ഇസ്രയേലിനോടുള്ള വിരോധം വർധിക്കാനും ഇസ്രയേലിനുള്ള രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ കുറയാനും ഇസ്രയേലിന്റെ ശത്രുക്കൾ കൂടുതൽ ശക്തിപ്പെടാനും ഈ മേഖലയിൽ സമാധാനവും സ്ഥിരതയും തിരികെ കൊണ്ടുവരാനുള്ള ദീർഘകാല ശ്രമങ്ങൾ വഴിതെറ്റാനും ഈ നടപടികൾ ഇടയാക്കും’ – ഒബാമ ചൂണ്ടിക്കാട്ടി.

ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് സായുധ സംഘം നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനെതിരെ ഇസ്രയേൽ നടത്തുന്ന പ്രത്യാക്രമണമാണ് രണ്ടാഴ്ച പിന്നിടുമ്പോഴും സജീവമായി തുടരുന്നത്. ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ 1400 പേരാണ് കൊല്ലപ്പെട്ടത്. ഇതിനെതിരെ ഇസ്രയേൽ നടത്തുന്ന തിരിച്ചടിയിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5000 കടന്നതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്. അതിനിടെ, ഇസ്രയേലിൽ നടത്തിയ ആക്രമണത്തിനിടെ ഹമാസ് ബന്ദികളാക്കിയ ഇരുന്നൂറിലധികം പേരെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.

English Summary:

Some Of Israel's Actions In Gaza May Backfire, Warns Barack Obama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com