ADVERTISEMENT

ന്യൂഡൽഹി∙ സ്കൂളുകളിലെ പാഠപുസ്തകങ്ങളിൽ ‘ഇന്ത്യ’യ്ക്കു പകരം ‘ഭാരതം’ എന്ന് ഉപയോഗിക്കാൻ ശുപാർശയുമായി, പാഠ്യപദ്ധതി പരിഷ്കരണത്തിനായി നാഷനൽ കൗൺസിൽ ഓഫ് എജ്യുക്കേഷനൽ റിസർച്ച് ആൻഡ് ട്രെയ്നിങ് (എൻസിഇആർടി) നിയോഗിച്ച സാമൂഹിക ശാസ്ത്ര വിഷയങ്ങൾക്കുള്ള ഉന്നതതല സമിതി. ചരിത്രകാരൻ സി.ഐ. ഐസക് അധ്യക്ഷനായ ഏഴംഗ സമിതിയാണ് ശുപാർശ നൽകിയത്. സിബിഎസ‌്ഇ പാഠപുസ്തകങ്ങളിൽ അടുത്ത വർഷം മുതൽ ഈ മാറ്റം ഉൾപ്പെടുത്തണമെന്നാണ് ശുപാർശ. പ്ലസ് ടു വരെയുള്ള സാമൂഹികപാഠ പുസ്തകങ്ങളിലാണ് മാറ്റത്തിനു നിർദ്ദേശം.

ഭരണഘടനയിൽത്തന്നെ പറയുന്നത് ‘ഇന്ത്യ അഥവാ ഭാരതം’ എന്നാണെന്ന് ഐസക് ചൂണ്ടിക്കാട്ടി. ഭാരതം എന്നത് ഏറ്റവും പുരാതനമായ നാമമാണ്. 7000 വർഷത്തിലധികം പഴക്കമുള്ള പുരാതന ഗ്രന്ഥമായ വിഷ്ണു പുരാണത്തിൽ ഉൾപ്പെടെ ഭാരതം എന്നു പറയുന്നുണ്ടെന്നും ഐസക് വിശദീകരിച്ചു.

‘1757ലെ പ്ലാസി യുദ്ധത്തിനും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രൂപീകരണത്തിനും പിന്നാലെയാണ് ഇന്ത്യ എന്ന പേര് പൊതുവായി ഉപയോഗിക്കാൻ തുടങ്ങിയത്’ – ഐസക് ചൂണ്ടിക്കാട്ടി. ഇക്കാരണത്താൽ പാഠപുസ്തകങ്ങളിൽ പൊതുവായി രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കണമെന്ന് സമിതി ഐകകണ്ഠ്യേനയാണ് ശുപാർശ ചെയ്തതെന്ന് അദ്ദേഹം വിശദീകരിച്ചു.

ചരിത്ര പഠനത്തിലും മാറ്റം വരുത്താൻ ശുപാർശയുണ്ട്. പുരാതന, മധ്യകാല, ആധുനിക ചരിത്രമെന്ന വിഭജനം മാറും. പുരാതന ചരിത്രം എന്നതിനു പകരം ക്ലാസിക്കൽ ചരിത്രം എന്നാക്കും. ബ്രിട്ടിഷുകാരാണ് ഇന്ത്യൻ ചരിത്രത്തെ മൂന്നു ഘട്ടമായി വേർതിരിച്ചത്. അറിവിന്റെ കാര്യത്തിൽ ഒരുകാലത്ത് ഇന്ത്യ ഇരുട്ടിലായിരുന്നുവെന്നും ശാസ്ത്രപരമായ അറിവുകളോ അതിന്റെ വളർച്ചയോ ഉണ്ടായിരുന്നില്ലെന്നും ഈ വിഭജനത്തിൽ വ്യാഖ്യാനമുണ്ട്.

എന്നാൽ, സോളർ സിസ്റ്റം മോഡലുമായി ബന്ധപ്പെട്ട് ആര്യഭട്ടയുടെ രചന ഉൾപ്പെടെ അക്കാലത്തെ ഇന്ത്യയുടെ നേട്ടങ്ങൾ വിവരിക്കുന്ന ഒട്ടേറെ ഉദാഹരണങ്ങൾ ലഭ്യമാണെന്ന് ഐസക് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ മധ്യകാല, ആധുനിക ചരിത്രത്തിനൊപ്പം ക്ലാസിക്കൽ ചരിത്രം കൂടി പഠിപ്പിക്കാൻ സമിതി ശുപാർശ ചെയ്തതായി ഐസക് അറിയിച്ചു.

ഹിന്ദുരാജാക്കൻമാരുടെ യുദ്ധവിജയങ്ങൾ കൂടുതലായി പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്നും ഐസക് വിശദീകരിച്ചു. ‘നിലവിൽ നമ്മുടെ പരാജയങ്ങളാണ് പാഠപുസ്തകങ്ങളിൽ കൂടുതലായുള്ളത്. മുഗളൻമാർക്കും സുൽത്താൻമാർക്കുമെതിരെ നാം നേടിയ വിജയങ്ങൾ അക്കൂട്ടത്തിലില്ല. 

വിവിധ വിഷയങ്ങളിൽ പാഠ്യപദ്ധതി പരിഷ്കരണത്തിന് ശുപാർശ നൽകുന്നതിനായി എൻസിഇആർടി 2021ൽ രൂപീകരിച്ച 25 ഉന്നതതല സമിതികളിൽ ഒന്നാണ് സാമൂഹിക ശാസ്ത്രത്തിനുള്ള ഐസക് അധ്യക്ഷനായ സമിതി. 

English Summary:

NCERT panel recommends replacing ‘India’ with ‘Bharat’ in school textbooks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com