‘എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചു; ഇന്ത്യ വിടാമെന്ന് ശിൽപ പറഞ്ഞു’: വെളിപ്പെടുത്തി രാജ് കുന്ദ്ര
Mail This Article
മുംബൈ∙ നീലച്ചിത്ര നിർമാണ കേസിൽ ജയിൽമോചിതനായപ്പോൾ ഇന്ത്യ വിട്ടു പോകാമെന്ന് ബോളിവുഡ് നടിയും ഭാര്യയുമായ ശിൽപ ഷെട്ടി പറഞ്ഞിരുന്നുവെന്ന് രാജ് കുന്ദ്ര. താൻ മാത്രമല്ല ഭാര്യയും മക്കളും വേട്ടയാടപ്പെട്ടുവെന്നും എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ശിൽപയുടെ പിന്തുണയാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രാജ് കുന്ദ്ര പറഞ്ഞു. രാജ് കുന്ദ്രയുടെ ജയിൽജീവിതം ആസ്പദമാക്കി അദ്ദേഹം തന്നെ അഭിനയിച്ച ‘യു ടി 69’ എന്ന സിനിമ പുറത്തിറങ്ങാനിരിക്കെയാണ് തുറന്നുപറച്ചിൽ.
‘‘എന്റെ ഭാര്യയാണ് ആദ്യമായി നിങ്ങൾക്ക് വിദേശത്ത് പോയി ജീവിക്കണോ എന്ന് ചോദിക്കുന്നത്. നിങ്ങൾ ലണ്ടനിലാണ് ജനിച്ചതും വളർന്നതും. അവിടെയുള്ളതെല്ലാം വിട്ട് എനിക്കു വേണ്ടി ഇവിടേക്ക് വന്നു. പക്ഷേ നിങ്ങൾക്ക് രാജ്യം വിടണമെങ്കിൽ നമുക്ക് പോകാം എന്നാണ് ശിൽപ പറഞ്ഞത്. എന്നാൽ ഞാൻ അവളോട് പറഞ്ഞു ഞാൻ ഇന്ത്യയെ ഇഷ്ടപ്പെടുന്നു, അതുകൊണ്ടു തന്നെ രാജ്യം വിടാൻ താൽപര്യപ്പെടുന്നില്ല എന്ന്. തെറ്റു ചെയ്തവരാണ് രാജ്യം വിട്ട് പോകേണ്ടത്. ആളുകൾ വലിയ കുറ്റകൃത്യങ്ങൾ ചെയ്യുന്നു, കോടികളുമായി രാജ്യം വിടുന്നു. എന്നാൽ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല, അതുകൊണ്ടു തന്നെ രാജ്യവും വിടില്ല’’– രാജ് കുന്ദ്ര പറഞ്ഞു.
വളരെയധികം വേദന നിറഞ്ഞ കാലമാണ് കടന്നുപോയതെന്ന് ജയിൽജീവിതത്തെ കുറിച്ച് കുന്ദ്ര പറഞ്ഞു. ‘‘ഞാൻ ശരിക്കും തകർന്നു പോയിരുന്നു. ജയിലിൽ തന്നെ ജീവിതം അവസാനിപ്പിക്കാൻ വിചാരിച്ചു. ഇന്ന് ആ വാക്ക് ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അന്ന് അങ്ങനെയൊരു അവസ്ഥയായിരുന്നു. വളരെയധികം അപമാനിക്കപ്പെട്ടു. ഞാൻ കാരണം എന്റെ ഭാര്യയും മക്കളും മാതാപിതാക്കളും മാധ്യമവേട്ടയ്ക്ക് ഇരയായി. അത് തീർത്തും വേദനാജനകമായിരുന്നു. എന്താണ് പുറത്തുസംഭവിക്കുന്നത് എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു.
ശിൽപയാണ് എന്നെ മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിച്ചത്. ആഴ്ചയിൽ ഒരിക്കൽ കുറച്ചു സമയം ഞങ്ങൾക്ക് ഫോണിൽ സംസാരിക്കാമായിരുന്നു. ഞങ്ങൾ എഴുത്തുകളും എഴുതി. രാജ് ഇതാണ് ഇപ്പോഴത്തെ അവസ്ഥ, ഓരോ തീരുമാനമെടുക്കുമ്പോഴും ഇനി കൂടുതൽ ശ്രദ്ധിക്കണം, എന്നിൽ വിശ്വസിക്കൂ എന്നാണ് ആദ്യത്തെ ഫോണ്‍കോളിൽ അവൾ പറഞ്ഞത്. ജീവിതം മുന്നോട്ട് പോകേണ്ടതുണ്ട് എന്ന് എനിക്ക് തോന്നിയത് അപ്പോഴാണ്. എന്റെ എല്ലാ കാര്യങ്ങളും അവൾക്ക് അറിയാം. അവളിൽ നിന്ന് ഒരുപാട് പിന്തുണ ലഭിച്ചു’’ –രാജ് കുന്ദ്ര പറഞ്ഞു.
നീലച്ചിത്ര നിർമാണവും വിതരണവുമായി ബന്ധപ്പെട്ട് 2021 ജൂലൈയിലാണ് കുന്ദ്രയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രണ്ട് മാസത്തെ ജയിൽവാസത്തിനുശേഷം കുന്ദ്ര പുറത്തിറങ്ങി. നവംബർ 3നാണ് യു ടി 69 എന്ന സിനിമയുടെ റിലീസ്.