ADVERTISEMENT

കൊച്ചി ∙ സൗദി വനിതയുടെ പരാതിയിൽ റജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് വ്ലോഗർ ഷാക്കിർ സുബ്ഹാൻ (മല്ലു ട്രാവലർ) ചോദ്യം  ചെയ്യലിനായി പൊലീസിനു മുന്നിൽ ഹാജരായി. വിദേശത്തായിരുന്ന ഷാക്കിർ സുബ‌്‌ഹാൻ നാട്ടിൽ തിരിച്ചെത്തിയതിനു തൊട്ടുപിന്നാലെയാണ്, ചോദ്യം ചെയ്യലിനായി എറണാകുളം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഹാജരായത്. വിദേശത്തുള്ള ഷാക്കിർ കേരളത്തിൽ മടങ്ങിയെത്തുമെന്ന് അഭിഭാഷകൻ അറിയിച്ച സാഹചര്യത്തിൽ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്.

സംസ്ഥാനം വിട്ടു പോകാൻ പാടില്ല, പാസ്പോർട്ട് ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ഷാക്കിറിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതെന്നാണ് വിവരം. ഇന്ന് നാട്ടിലെത്തുമെന്ന് വ്യക്തമാക്കി ടിക്കറ്റ് ഹാജരാക്കിയ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്നും, ഈ സാഹചര്യത്തിലാണ് നേരെ പൊലീസ് സ്റ്റേഷനിൽ ഹാജരാകുന്നതെന്നും ഷാക്കിർ സുബ്‌ഹാൻ പ്രതികരിച്ചു. താൻ നിരപരാധിയാണെന്ന വാദവും അദ്ദേഹം ആവർത്തിച്ചു.

നേരത്തെ, ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതിനു പിന്നാലെ നാട്ടിലേക്കു മടങ്ങുകയാണെന്ന് ഷാക്കിർ അറിയിച്ചിരുന്നു. ‘ഒരു മാസത്തെ സാഹസികതയ്ക്കും അനുഭവങ്ങൾക്കുമൊടുവിൽ വീട്ടിലേക്ക് മടങ്ങുന്നു. കുടുംബാംഗങ്ങളുമായി വീണ്ടും ഒന്നിക്കാനും കഥകൾ പങ്കിടാനും പ്രിയപ്പെട്ട ഭവനത്തിന്റെ പരിചിതമായ ആശ്വാസത്തിലേക്ക് വീണ്ടുമെത്താനും കാത്തിരിക്കുന്നു’ – ഷാക്കിർ സുബ്‌ഹാൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഷാക്കിറിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചതായി വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും അദ്ദേഹം അത് നിഷേധിച്ചിരുന്നു. കുറ്റാരോപിതൻ വിദേശത്തു തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയതെന്നായിരുന്നു റിപ്പോർട്ടുകൾ.

ഇക്കഴിഞ്ഞ സെപ്റ്റംബർ 13ന് എറണാകുളത്തെ ഹോട്ടലിൽവച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. എറണാകുളം സെൻട്രൽ പൊലീസിലാണ് പരാതി നൽകിയത്. അഭിമുഖത്തിനെന്ന പേരിൽ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. അഭിമുഖത്തിനായി ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിക്കാൻ ശ്രമിച്ചതും എന്ന് പരാതിയിൽ പറയുന്നു.

English Summary:

Vlogger Shakir Subhan Appears Before Police in Controversial Assault Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com