ADVERTISEMENT

വാഷിങ്ടൺ∙ ഇസ്രയേൽ–ഹമാസ് സംഘർഷം ശക്തമാകുന്നതിനിടെ  യുസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേൽ സന്ദർശിക്കും. വെള്ളിയാഴ്ച ഇസ്രയേലിലെത്തുന്ന ബ്ലിങ്കൻ വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് വക്താവ് മാത്യു മില്ലർ അറിയിച്ചു. 

ഇസ്രയേലിന് യുഎസിന്റെ പിന്തുണ അറിയിക്കുന്നതിനായാണ് ബ്ലിങ്കന്റെ സന്ദർശനം. മിഡിൽ ഈസ്റ്റിൽ സംഘർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ ജോർദാൻ, സൗദി അറേബ്യ, യുഎഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ബ്ലിങ്കൻ സന്ദർശിച്ചിരുന്നു.  ഇസ്രയേലിന് അടിയന്തര സഹായം നൽകുന്നതിനായി പ്രത്യേക ബിൽ പാസാക്കണമെന്ന് ബ്ലിങ്കൻ നേരത്തെ തന്നെ അമേരിക്കൻ കോൺഗ്രസിൽ ആവശ്യപ്പെട്ടിരുന്നു. 

1400ൽ അധികം പേരെ ഹമാസ് വധിച്ചെന്ന് ഇസ്രയേല്‍ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതിൽ 230ഓളം പേർ യുഎസ് പൗരന്മാരാണ്. അതേസമയം ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ 8500ൽ അധികം പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയവും അറിയിച്ചു. വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാംപിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 100 പേരാണ് കൊല്ലപ്പെട്ടത്. 300 പേർക്കു പരുക്കേറ്റു. ക്യാംപിലെ 15 പാർപ്പിടകേന്ദ്രങ്ങൾ പൂർണമായും തകർന്നടിഞ്ഞു. പരുക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമല്ല. 

അതിർത്തിയിൽനിന്നു കൂടുതൽ ഇസ്രയേൽ ടാങ്കുകൾ ഗാസയിലേക്കു നീങ്ങുകയാണ്. ഗാസ സിറ്റിയിലെ തുരങ്കങ്ങളിൽ ഇരുപക്ഷവും തമ്മിൽ കനത്ത വെടിവയ്പു നടക്കുന്നതായും റിപ്പോർട്ടുണ്ട്. തുരങ്കങ്ങളിൽ പ്രവേശിച്ച സൈനികർ, ഹമാസ് പ്രവർത്തകരെ വധിച്ചതായും അവരുടെ 300 കേന്ദ്രങ്ങൾ കൂടി തകർത്തതായും ഇസ്രയേൽ അവകാശപ്പെട്ടു. ഇസ്രയേൽ ടാങ്കുകളെ മിസൈലാക്രമണത്തിലൂടെ തുരത്തുന്നതായി ഹമാസും അവകാശപ്പെട്ടു. 

English Summary:

US Secretary of State Antony Blinken Will Visit Israel As The Israel-Hamas Conflict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com