ഗാസയിൽ 2 ഹമാസ് കമാൻഡർമാരെ ഇസ്രയേൽ വധിച്ചു; പുറത്തേക്ക് വിദേശികളുടെ ഒഴുക്ക്
Mail This Article
ജറുസലം ∙ ഹമാസിനെതിരെ ഗാസയിൽ ഇസ്രയേലിന്റെ പോരാട്ടം തുടരവേ മരണസംഖ്യയും ഉയരുന്നു. അഭയാർഥി ക്യാംപിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 195 പലസ്തീനികൾ കൊല്ലപ്പെട്ടെന്നു ഹമാസ് നേതൃത്വത്തിലുള്ള സർക്കാർ അറിയിച്ചു. ഹമാസിന്റെ 2 കമാൻഡർമാരെ വധിച്ചതായി ഇസ്രയേലും അവകാശപ്പെട്ടു.
സംഘർഷം രൂക്ഷമാകവെ കൂടുതൽ വിദേശികൾ ഗാസയിൽനിന്നു പുറത്തുകടക്കാനുള്ള തയാറെടുപ്പിലാണ്. ഗാസയിലെ വലിയ അഭയാർഥി ക്യാംപായ ജബാലിയയിൽ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണമുണ്ടായി. ഇസ്രയേലും ഈജിപ്തും ഹമാസും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം, 320 വിദേശ പൗരരുൾപ്പെടെ അഞ്ഞൂറോളം പേർ ബുധനാഴ്ച ഗാസ അതിർത്തി കടന്ന് പുറത്തെത്തി.
ഗാസ അതിർത്തി വ്യാഴാഴ്ച തുറക്കുമെന്നും കൂടുതൽ വിദേശികൾ പുറത്തുവരുമെന്നും അധികൃതർ പറഞ്ഞു. ഏറ്റവും ജനസാന്ദ്രതയുള്ള ഗാസ സിറ്റിയിലെ അൽ–ഖുദ്സ് ആശുപത്രിക്കു സമീപം വ്യാഴാഴ്ച പുലർച്ചെ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പലസ്തീനിയൻ റെഡ് ക്രസന്റ് അറിയിച്ചു. ആശുപത്രിയിൽനിന്ന് എല്ലാവരും ഒഴിയണമെന്നു നേരത്തെ ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരുന്നു.
ബുധൻ, വ്യാഴം ദിവസങ്ങളിലെ ആക്രമണത്തിൽ ഹമാസിന്റെ രണ്ട് കമാൻഡർമാരെ വകവരുത്തിയെന്ന് ഇസ്രയേൽ സേന പറഞ്ഞു. ഗാസയിലെ ജനങ്ങളെ മനപ്പൂർവം അപായപ്പെടുത്താനായി ഹമാസ് ഭൂമിക്കടിയിലും മറ്റുമായി ഭീകരകേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുകയാണെന്നും ഇസ്രയേൽ ആരോപിച്ചു. അഭയാർഥി ക്യാംപുകൾക്കു നേരെയുള്ള ആക്രമണങ്ങൾ യുദ്ധക്കുറ്റമാണെന്നു യുഎൻ വ്യക്തമാക്കി.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വീണ്ടും ഇസ്രയേൽ സന്ദർശിക്കും. ഒരു മാസത്തിനിടെ രണ്ടാം തവണയാണു ബ്ലിങ്കൻ എത്തുന്നത്. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉൾപ്പെടെയുള്ള ഇസ്രയേൽ അധികൃതരെ കണ്ട് പിന്തുണ ആവർത്തിക്കുകയാണു ഉദ്ദേശ്യം. പലസ്തീന്റെ ഭാഗത്തു വലിയ തോതിൽ നാശനഷ്ടമുണ്ടായതും ബ്ലിങ്കൻ ചൂണ്ടിക്കാട്ടുമെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.