ADVERTISEMENT

ചണ്ഡിഗഡ്∙ ഹരിയാനയിലെ സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ ലൈംഗിക അതിക്രമ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ഥിനികള്‍ രംഗത്ത്. ജിന്ത് ജില്ലയിലെ ഗേള്‍സ് സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിസിപ്പലിനെതിരെ അറുപതോളം വിദ്യാര്‍ഥിനികളാണ് പരാതി നല്‍കിയിരിക്കുന്നത്. വിവിധ ക്ലാസുകളില്‍നിന്നുള്ള 15 പെണ്‍കുട്ടികളാണ് ആദ്യഘട്ടത്തില്‍ പരാതി നല്‍കിയിരുന്നത്. പ്രിന്‍സിപ്പലിന്റെ ലൈംഗിക പീഡനത്തില്‍ മനംനൊന്ത് രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തുവെന്ന ആരോപണം സംസ്ഥാന വനിതാ കമ്മിഷന്‍ അന്വേഷിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. 

ഓഫിസ് മുറിയില്‍ കറുത്ത ജനാല ഗ്ലാസുകള്‍ സ്ഥാപിച്ച ശേഷമാണ് പ്രിന്‍സിപ്പല്‍ തങ്ങളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതെന്നു പെണ്‍കുട്ടികളുടെ പരാതിയില്‍ പറയുന്നു. വിവിധ ക്ലാസുകളിലെ വിദ്യാര്‍ഥിനികളെ ഓരോ കാര്യം പറഞ്ഞ് ഓഫിസ് മുറിയിലേക്കു വിളിപ്പിച്ചാണ് ലൈംഗിക അതിക്രമം നടത്തിയത്. തങ്ങളുടെ സ്വകാര്യഭാഗങ്ങളില്‍ സ്പർശിച്ചുവെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും പെണ്‍കുട്ടികള്‍ പറയുന്നു. കുട്ടികളെ മുറിയിലേക്ക് അയച്ചിരുന്ന ഒരു അധ്യാപികയ്ക്കും ഇക്കാര്യത്തില്‍ പങ്കുണ്ടെന്നും വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടു. 

തുടർന്ന് ഒരു കൂട്ടം വിദ്യാര്‍ഥിനികള്‍ പ്രധാനമന്ത്രിയുടെ ഓഫിസ്, ദേശീയ വനിതാ കമ്മിഷന്‍, സംസ്ഥാന വനിതാ കമ്മിഷന്‍ എന്നിവര്‍ക്ക് തങ്ങള്‍ നേരിടുന്ന ദുരവസ്ഥ ചൂണ്ടിക്കാട്ടി കത്തയയ്ക്കുകയായിരുന്നു. ഓഗസ്റ്റ് 31-നാണ് കത്തയച്ചത്. അറുപതോളം വിദ്യാര്‍ഥിനികള്‍ പ്രിന്‍സിപ്പലിനെതിരെ പരാതി നല്‍കിയതായി വനിതാ കമ്മിഷന്‍ അധ്യക്ഷ രേണു ഭാട്ടിയ പറഞ്ഞു. 

കുറ്റാരോപിതനായ പ്രിന്‍സിപ്പലിനെ കമ്മിഷന്‍ വിളിപ്പിച്ചെങ്കിലും ഹാജരായിട്ടില്ല. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് ഗുരുതരമായ വീഴ്ചയാണെന്നും രേണു ഭാട്ടിയ കുറ്റപ്പെടുത്തി. പൊലീസിനോടും വിദ്യാഭ്യാസ വകുപ്പിനോടും കമ്മിഷന്‍ വിശദീകരണം തേടി. വിദ്യാര്‍ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കമ്മിഷന്‍ സെപ്റ്റംബര്‍ 14-ന് പൊലീസിനു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഒരു മാസത്തിലേറെ വൈകിയാണു കേസെടുത്തത്. വിദ്യാഭ്യാസ വകുപ്പും പെണ്‍കുട്ടികളുടെ പരാതിയില്‍ ഒരു മാസത്തോളം അടയിരുന്നുവെന്ന് രേണു ഭാട്ടിയ ആരോപിച്ചു.

English Summary:

Haryana sexual assault case: More girl students come forward against principal; their numbers reach 60

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com