ADVERTISEMENT

തിരുവനന്തപുരം ∙ കേരള ഹൈക്കോടതിയിലെ സാങ്കേതിക സർവകലാശാല അഭിഭാഷകൻ ഫീസിനത്തിൽ ലക്ഷങ്ങൾ കൈപ്പറ്റിയതായി ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു. നിയമസഭയിൽ അൻവർ സാദത്ത് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാങ്കേതിക സർവകലാശാലയിൽ സിൻഡിക്കേറ്റ് അംഗങ്ങളുടെ ലക്ഷക്കണക്കിന് രൂപയുടെ യാത്രപ്പടി വിവാദത്തി‌നു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ. വീട്ടിലിരുന്ന് ഓൺലൈൻ യോഗത്തിൽ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ സിൻഡിക്കറ്റ് അംഗം പി.കെ.ബിജുവിനു യാത്രാപ്പടി കൊടുത്തതുൾപ്പെടെ വിവാദമായിരുന്നു.

2023 ജനുവരി വരെ കേസുകൾ നടത്തിയതിനു സർവകലാശാലയുടെ അഭിഭാഷകൻ എൽവിൻ പീറ്റർ 92 ലക്ഷം രൂപ കൈപ്പറ്റിയെന്നാണു മന്ത്രിയുടെ മറുപടി. 2015 മുതൽ 4 വർഷം അഭിഭാഷകനായിരുന്ന കൃഷ്ണമൂർത്തി കൈപ്പറ്റിയത് 14 ലക്ഷം രൂപ. ഡിസംബർ 22 വരെ 127 കേസുകൾക്കുള്ള ഫീസായാണ് നിലവിലെ അഭിഭാഷകൻ 92 ലക്ഷം കൈപ്പറ്റിയതെങ്കിൽ മുൻ അഭിഭാഷകനു 98 കേസുകൾക്കു 14 ലക്ഷം രൂപയാണു നൽകിയത്. കേസ് മാറ്റിവയ്ക്കുന്നതിനു മുൻ അഭിഭാഷകൻ പ്രതിഫലം വാങ്ങിയിരുന്നില്ല.

ജോലി ചെയ്യാതെ പണം കൊടുക്കുന്നതു ശരിയല്ലെന്നു സർവകലാശാല ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും അഭിഭാഷകൻ ആവശ്യപ്പെട്ട ബില്ലിലെ തുക അതേപടി അനുവദിക്കാൻ അധികൃതർ ഉത്തരവിടുകയായിരുന്നു.

ഹൈക്കോടതിയിൽ കേസ് വിളിച്ചു മാറ്റിവയ്ക്കുമ്പോൾ സാങ്കേതിക സർവകലാശാല അഭിഭാഷകനു നൽകുന്നത് 4000 രൂപയാണ്. ഒരു കേസ് 20 തവണ മാറ്റിവച്ചപ്പോൾ അഭിഭാഷകനു നൽകിയത് 80,000 രൂപ. കേസ് മാറ്റിവയ്ക്കുന്നതിനു കേരള സർവകലാശാല 250 രൂപ നൽകുമ്പോഴാണു സാങ്കേതിക സർവകലാശാലയിലെ ഈ നടപടി. കേസ് വാദിക്കുന്ന ഓരോ ദിവസവും 5000 രൂപ അഭിഭാഷകനു കൊടുക്കും. വാദത്തിനു കേരള നൽകുന്നതു 3500 രൂപ.

ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിൽ അപ്പീലിനു സാധ്യതയില്ലെന്ന് സർക്കാരിന്റെ നിയമവകുപ്പ് അഭിപ്രായം അറിയിച്ച കേസുകളിലും സാങ്കേതിക സർവകലാശാല അപ്പീൽ നൽകി. സനീഷ് കുമാർ ജോസഫ് എംഎൽഎയുടെ ചോദ്യത്തിനാണ് മന്ത്രി ഈ മറുപടി നൽകിയത്. ഇങ്ങനെ നൽകിയ അപ്പീൽ ഇതിനകം 16 തവണ മാറ്റിവച്ചു. ഓരോ തവണ മാറ്റിവച്ചതിനും 4000 രൂപ നിരക്കിൽ 64000 രൂപ വക്കീൽ ഫീസായി അനുവദിച്ചു. 

English Summary:

Minister R Bindhu discloses fee of Technical University advocate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com