സംഘര്‍ഷം മേഖലയിലാകെ പടരും; ഉത്തരവാദിത്തം യുഎസിന്: മുന്നറിയിപ്പുമായി ഹിസ്ബുല്ല
Mail This Article
ബെയ്‌റൂട്ട്∙ ഇസ്രയേല്‍ ഗാസയില്‍ ആക്രമണം തുടരുകയാണെങ്കില്‍ പ്രശ്‌നം മേഖലയിലാകെയുള്ള സംഘര്‍ഷമായി പടരുമെന്ന മുന്നറിയിപ്പുമായി ഹിസ്ബുല്ല മേധാവി ഹസന്‍ നസറുള്ള. ഇതിന്റെ ഉത്തരവാദിത്തം അമേരിക്കയ്ക്കായിരിക്കുമെന്നും ഹസന്‍ വ്യക്തമാക്കി. ഹമാസും ഇസ്രയേലും തമ്മില്‍ യുദ്ധമുണ്ടായി നാലാഴ്ച പിന്നിടുമ്പോള്‍ ആദ്യമായാണു ഹിസ്ബുല്ല മേധാവി പ്രതികരിക്കുന്നത്.
ലെബനന്‍ ഉള്‍പ്പെടെയുള്ള മേഖലകളിലേക്ക് സംഘര്‍ഷം പടരാനുള്ള ഏല്ലാ സാധ്യതകളും തുറന്നിരിക്കുകയാണെന്ന് ഹസന്‍ നസറുള്ള മുന്നറിയിപ്പു നല്‍കി. ഗാസയിലെ ജനങ്ങള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് അമേരിക്കയ്ക്കാണു പൂര്‍ണ ഉത്തരവാദിത്തമെന്നും ഇസ്രയേല്‍ അവരുടെ വെറും ഉപകരണം മാത്രമാണെന്നും ഹസന്‍ കുറ്റപ്പെടുത്തി. സംഘര്‍ഷം മേഖലയിലാകെ പടരാതിരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറ്റവും വേഗം ഗാസയില്‍ നടക്കുന്ന കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും ഹസന്‍ പറഞ്ഞു.