ഇസ്രയേൽ – ഹമാസ് സംഘർഷത്തോടെ യുക്രെയ്ന് അവഗണന, റഷ്യയ്ക്കു വേണ്ടതും അത്: സെലെൻസ്കി
Mail This Article
കീവ്∙ ലോക രാജ്യങ്ങൾ ഒന്നടങ്കം ഇസ്രയേൽ – ഹമാസ് പോരാട്ടത്തിൽ ശ്രദ്ധ പതിപ്പിക്കുമ്പോൾ, യുക്രെയ്‌നിലെ സംഘർഷവും ദുരിതങ്ങളും വിസ്മരിക്കപ്പെടുന്നുവെന്ന പരാതിയുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി രംഗത്ത്. യുക്രെയ്‌നിൽ അധിനിവേശം നടത്തിയ റഷ്യയുടെ ലക്ഷ്യവും അതു തന്നെയാണെന്ന് സെലെൻസ്കി ആരോപിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ – യുക്രെയ്ൻ സംഘർഷം ഇപ്പോഴും തുടരുന്നതിനിടെയാണ്, ലോക രാജ്യങ്ങളുടെ ശ്രദ്ധ ഇസ്രയേൽ – ഹമാസ് പോരാട്ടത്തിൽ മാത്രമായി ചുരുങ്ങുന്നുവെന്ന പ്രസിഡന്റിന്റെ പരാതി.
അതേസമയം, യുക്രെയ്‌നിലെ സംഘർഷം സ്തംഭനാവസ്ഥയിലാണെന്ന വിലയിരുത്തലുകൾ സെലെൻസ്കി തള്ളിക്കളഞ്ഞു. ഇതുമായി ബന്ധപ്പെട്ട് യുക്രെയ്നിലെ ഉന്നത സൈനിക ഉദ്യോഗസ്ഥൻ നടത്തിയ പരാമർശങ്ങളുടെ ചുവടു പിടിച്ചാണ് ഇത്തരമൊരു വിലയിരുത്തലുണ്ടായത്. ഇതു പൂർണമായി തള്ളിക്കളയുന്നതാണ് സെലൻസ്കിയുടെ നിലപാട്.
റഷ്യയ്‌ക്കെതിരെ കടുത്ത പ്രതിരോധം തുടരുമ്പോഴും കാര്യമായ പുരോഗതിയുണ്ടാക്കാൻ യുക്രെയ്ൻ സൈന്യത്തിനായിട്ടില്ല. ഈ സാഹചര്യത്തിൽ യുഎസ് ഉൾപ്പെടെയുള്ള പാശ്ചാത രാജ്യങ്ങള്‍ക്ക് യുക്രെയ്ന്റെ കാര്യത്തിലുള്ള ശ്രദ്ധ കുറയുന്നുവെന്ന വിലയിരുത്തലുണ്ട്. മാത്രമല്ല, യുക്രെയ്ന് പഴയതുപോലെ ആയുധങ്ങളും പണവും നൽകാൻ ചില രാജ്യങ്ങളെങ്കിലും മടി കാണിക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനിടെ ഇസ്രയേൽ – ഹമാസ് സംഘർഷം രൂക്ഷമാകുക കൂടി ചെയ്തതോടെ യുക്രെയ്ന്റെ കാര്യത്തിൽ പൂർണ അവഗണനയാണെന്നാണ് സെലെൻസ്കിയുടെ പരിഭവം.
അതിനിടെ, റഷ്യയ്‌ക്കെതിരെ യുക്രെയ്ൻ പോരാട്ടം കടുപ്പിക്കുകയാണെന്ന സൂചനകളും പുറത്തുവന്നു. റഷ്യയുടെ ഭാഗമായ ക്രൈമിയൻ മുനമ്പിലെ തുറമുഖം ലക്ഷ്യമാക്കി യുക്രെയ്ൻ നടത്തിയ മിസൈൽ ആക്രമണത്തിൽ റഷ്യയുടെ ഒരു കപ്പലിനു കേടുപാടു സംഭവിച്ചു. അവശിഷ്ടങ്ങളിൽ ചിലത് തുറമുഖത്തു പതിച്ചതായും റിപ്പോർട്ടുണ്ട്.