റേഡിയേഷനിലൂടെ മനുഷ്യശരീരങ്ങൾ വെന്തുരുകും; വരുന്നു, യുഎസിന്റെ മാരകപ്രഹരശേഷിയുള്ള ബി61–13 അണ്വായുധം!
Mail This Article
ന്യൂയോർക്ക്∙ ഹിരോഷിമയിൽ വർഷിച്ച ആറ്റംബോംബിനെക്കാൾ 24 മടങ്ങ് ശക്തിയുള്ള അണ്വായുധം യുഎസ് നിർമിക്കുന്നുവെന്ന് റിപ്പോർട്ട്. ശീതയുദ്ധകാലത്ത് 1960കളിൽ വികസിപ്പിച്ച ബി61 ഗ്രാവിറ്റി ബോംബിന്റെ മറ്റൊരു വകഭേദമാണ് പുതിയ ബോംബെന്ന് യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ഡിഫൻസ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഈ ബോംബ് മോസ്കോയിൽ ഇട്ടാൽ മൂന്ന് ലക്ഷത്തിലധികം റഷ്യക്കാർ കൊല്ലപ്പെടുമെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലക്ഷ്യങ്ങളെ അതിശക്തമായി തകർക്കാൻ പ്രസിഡന്റ് ജോ ബൈഡനെ പ്രാപ്തനാക്കുന്ന ശക്തിയാണ് ബി61–13 ബോംബെന്നാണ് യുഎസിന്റെ നിലപാട്. സഖ്യകക്ഷികൾക്ക് ബി61–13 ബോംബ് കൈമാറും. രാജ്യത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതാണ് ബി61–13. നിലവിലെ ബി61–12നേക്കാൾ മാരകപ്രഹരശേഷിയുള്ളതായിരിക്കും ബി61–13 എന്നും യുഎസ് പ്രതിരോധ വകുപ്പ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. സഖ്യകക്ഷികളെ ആവശ്യമെങ്കിൽ സഹായിക്കുക എന്നത് അമേരിക്കയുടെ ഉത്തരവാദിത്തമാണെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
∙ അരമൈൽ ചുറ്റളവിലുള്ളത് കത്തിച്ചാമ്പലാകും
ബോംബ് പൊട്ടിയാൽ അരമൈൽ ചുറ്റളവിലുള്ള എല്ലാം കത്തിചാമ്പലാകുമെന്നും റിപ്പോർട്ട് ഉണ്ട്. ഉയർന്ന രീതിയിലുള്ള റേഡിയേഷൻ കിലോമീറ്ററുകളോളം ദൈർഘ്യത്തിൽ സഞ്ചരിച്ച് മനുഷ്യർക്ക് പൊള്ളലേൽക്കും. ഈ ബോംബിന്റെ പ്രത്യാഘാതം വർഷങ്ങളോളം നീണ്ടു നിൽക്കും. 15 ശതമാനം റേഡിയേഷൻ ഏൽക്കുന്നവർ പിന്നീട് കാൻസർ പോലുള്ള മാരകരോഗങ്ങൾ ബാധിച്ച് മരണത്തിനു കീഴടങ്ങും. ഒൻപതുലക്ഷത്തോളംപേർക്ക് ഗുരുതരമായി പരുക്കേൽക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
റഷ്യ ആണവ നിരോധന ഉടമ്പടിയിൽനിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് യുഎസിന്റെ അണ്വായുധ നിർമാണത്തെ കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവന്നത്. യുക്രെയ്നിൽ റഷ്യ അണ്വായുധം പ്രയോഗിക്കുമോ എന്ന അഭ്യൂഹങ്ങൾ നിലനിൽക്കവെ നേരായവഴിയിൽ ചിന്തിക്കുന്നവർ റഷ്യക്കു നേരെ അണ്വായുധം പ്രയോഗിക്കാൻ ധൈര്യപ്പെടില്ലെന്ന് വ്‌ളാഡിമിർ പുട്ടിന്‍ പറഞ്ഞിരുന്നു. അത്തരത്തിലൊരു ആക്രമണം റഷ്യക്കു നേരെയുണ്ടായാൽ തിരിച്ചടിക്കുമെന്നും റഷ്യ മുന്നറിയിപ്പു നൽകിയിരുന്നു.