‘വിവാഹേതര ലൈംഗികബന്ധവും സ്വവർഗരതിയും കുറ്റമാക്കണം’: ശുപാർശയുമായി പാർലമെന്ററി സമിതി
Mail This Article
ന്യൂഡല്‍ഹി ∙ വിവാഹേതര ലൈംഗികബന്ധവും സ്വവർഗരതിയും വീണ്ടും ക്രിമിനൽ കുറ്റമാക്കാൻ കേന്ദ്ര സർക്കാരിനോടു ശുപാർശ ചെയ്ത് പാർലമെന്ററി സമിതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിനു പകരം കൊണ്ടുവന്ന ഭാരതീയ ശിക്ഷാ നിയമത്തിലാണ് ഇവ വീണ്ടും ഉൾപ്പെടുത്തുക. മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം ഉൾപ്പെടെ പത്തോളം പ്രതിപക്ഷ എംപിമാർ ശുപാർശയെ എതിർത്തു.
ബിജെപി എംപി ബ്രിജ് ലാലിന്റെ നേതൃത്വത്തിൽ, കേന്ദ്ര ആഭ്യന്തര മന്ത്രലായവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതിയുടേതാണു ശുപാര്‍ശ. 2018ൽ സുപ്രീംകോടതി റദ്ദാക്കിയ വകുപ്പുകൾ പുനഃസ്ഥാപിക്കാനാണു നീക്കം. ഐപിസി, സിആർപിസി, ഇന്ത്യൻ തെളിവു നിയമം എന്നിവയ്ക്കു പകരമായി ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവയ്ക്കുള്ള കരട് നിയമത്തിൽ പഠനം നടത്തുന്ന സമിതിയാണ് ഈ രണ്ടു കാര്യങ്ങളും ഇതോടൊപ്പം ചേർക്കാൻ ശുപാർശ ചെയ്തത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഓഗസ്റ്റിൽ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കിയിരുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയതാണ്. ലിംഗ സമത്വം ഉറപ്പാക്കി ഈ വ്യവസ്ഥ ഭാരതീയ ശിക്ഷാ നിയമത്തില്‍ ഉള്‍പ്പെടുത്തണം എന്നാണ് പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ. വിവാഹിതയായ സ്ത്രീയും മറ്റൊരു പുരുഷനും തമ്മില്‍ ബന്ധം ഉണ്ടായാല്‍ അതില്‍ പുരുഷനെ ശിക്ഷിക്കാന്‍ മാത്രമേ 497-ാം വകുപ്പില്‍ വ്യവസ്ഥ ഉണ്ടായിരുന്നുള്ളു. എന്നാല്‍ വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീക്കും പുരുഷനും ഒരേ ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥ പുതിയ നിയമത്തില്‍ ഉണ്ടാകും.
വിവാഹം പരിശുദ്ധമാണെന്നും സംരക്ഷിക്കപ്പെടേണ്ടതാണെന്നും സമിതിയിലെ ഭൂരിപക്ഷ അംഗങ്ങളും നിലപാടെടുത്തു. സ്വവർഗ ലൈംഗികത നിരോധിക്കുന്ന സെക്‌ഷൻ 377 തിരികെക്കൊണ്ടുവരാനും ശുപാർശയുണ്ട്. ഈ വകുപ്പ് നേരത്തേ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഭരണഘടനാ അനുഛേദം 14, 15, 19, 21 എന്നിവ ഈ നിയമത്തിലൂടെ ലംഘിക്കപ്പെടുന്നതായി കോടതി നിരീക്ഷിച്ചിട്ടുണ്ട്. ബില്ലുകളിൽ വിശദപഠനം നടത്താൻ സമിതിക്കു മൂന്നു മാസത്തെ സമയമാണു നൽകിയത്. സമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ മൂന്നുമാസം കൂടി സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ സർക്കാരിന് അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാം.