കമൽഹാസന്റെ പിറന്നാളിന് ഡിഎംകെ മന്ത്രിമാർ; സ്റ്റാലിനെ പുകഴ്ത്തി താരം: തമിഴ്നാട്ടിൽ രാഷ്ട്രീയ ചർച്ച
Mail This Article
ചെന്നൈ ∙ മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസന്റെ പിറന്നാൾ ആഘോഷത്തിൽ ഡിഎംകെ മന്ത്രിമാർ പങ്കെടുത്തതിനെച്ചൊല്ലി തമിഴ്നാട്ടിൽ രാഷ്ട്രീയ ചർച്ച. 69–ാം ജന്മദിനം ആഘോഷിച്ച കമൽഹാസൻ എഗ്‌മൂർ കുട്ടികളുടെ ആശുപത്രിക്കു സംഭാവന ചെയ്ത, അന്തരീക്ഷ ബാഷ്പത്തിൽ നിന്നു ശുദ്ധജലം ഉണ്ടാക്കുന്ന യന്ത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ പി.കെ.ശേഖർബാബു, എം.സുബ്രഹ്മണ്യൻ, എഗ്‌മൂർ എംഎൽഎ ഐ.പരന്തമൻ തുടങ്ങിയ ഡിഎംകെ നേതാക്കളാണു പങ്കെടുത്തത്.
ഇതിനു ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ഡിഎംകെയിലേക്കുള്ള പ്രവേശനം സംബന്ധിച്ച ചോദ്യവും ഉയർന്നു. എന്നാൽ, ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ ഡിഎംകെ മന്ത്രിമാർ പങ്കെടുത്തത് നല്ല മനസ്സുള്ളവരായതു കൊണ്ടാണെന്നായിരുന്നു കമലിന്റെ മറുപടി. രാഷ്ട്രീയ അടിസ്ഥാനത്തിലല്ല, മനുഷ്യത്വത്തിന്റെ പേരിലാണു പരിപാടിയിൽ നേതാക്കൾ പങ്കെടുത്തതെന്ന് കമൽ പറഞ്ഞു.
മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, മന്ത്രി ഉദയനിധി സ്റ്റാലിൻ തുടങ്ങിയവരും കമലിന് ജന്മദിനാശംസകൾ നേർന്നിരുന്നു. ‘കലാലോകത്തിന് ഒട്ടേറെ നേട്ടങ്ങൾ സൃഷ്ടിക്കുന്ന കലാകാരന് ജന്മദിനാശംസകൾ’ എന്ന് മുഖ്യമന്ത്രി സമൂഹ മാധ്യമത്തിൽ കുറിച്ചു. തമിഴ്നാടിനെ വികസനത്തിന്റെ പാതയിൽ നയിക്കുന്ന മുഖ്യമന്ത്രിയാണ് സ്റ്റാലിനെന്നായിരുന്നു കമലിന്റെ പ്രതികരണം. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ പിന്തുണയോടെ കമൽ കോയമ്പത്തൂരിൽ മത്സരിക്കാനുള്ള സാധ്യതകൾ സംബന്ധിച്ചുള്ള ചർച്ചകളും ഇതോടെ കൂടുതൽ സജീവമായി.