പ്രതികളുടെ പല്ല് ചവണയ്ക്ക് പിഴുതു, വായിൽ കല്ലുനിറച്ച് മുഖത്തടിച്ചു, കൊടും ക്രൂരതകൾ വേറെയും; ആരാണ് ബൽവീർ സിങ് ഐപിഎസ്?
Mail This Article
ചെന്നൈ ∙ കസ്റ്റഡിയിലെടുക്കുന്ന കുറ്റാരോപിതരെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ സസ്പെൻഷനിൽ കഴിയുന്ന പൊലീസ് ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിഞ്ഞ ദിവസമാണ് തമിഴ്നാട് സർക്കാർ അനുമതി നൽകിയത്. ഇക്കഴിഞ്ഞ മാർച്ച് 29 മുതൽ സസ്പെൻഷനിൽ കഴിയുന്ന അംബാസമുദ്രം മുൻ എഎസ്പി ബൽവീർ സിങ്ങിനെയാണ് പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയത്. ബൽവീർ സിങ് നടത്തിയ ക്രൂരപീഡനങ്ങളുടെ വിവരം പുറത്തുവന്നതോടെ തമിഴ്നാട് പൊലീസിന്റെ പ്രതിഛായയ്ക്കും മങ്ങലേറ്റിരുന്നു.
രാജസ്ഥാനിലെ ടോങ്കിൽനിന്നുള്ള മുപ്പത്തൊൻപതുകാരനായ ബൽവീർ സിങ് മുംബൈ ഐഐടിയിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങിൽ ബിരുദം പൂർത്തിയാക്കിയ ആളാണ്. ആറു വർഷത്തോളം ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ജോലിചെയ്ത ബൽവീർ സിങ് 2020ലാണ് ഐപിഎസ് ഉദ്യോഗസ്ഥനാവുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറില്‍ തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രത്തിൽ എഎസ്പിയായി ചുമതലയേറ്റു. പ്രൊബേഷൻ പൂർത്തിയാക്കുന്നതിനു മുൻപുതന്നെ, കസ്റ്റഡിയിലെടുത്ത പ്രതികളോടു ക്രൂരമായി പെരുമാറുന്ന എഎസ്പിയെന്ന നിലയിൽ ബൽവീർ സിങ് കുപ്രസിദ്ധനായി.
ഈ വർഷം മാർച്ച് 10നാണ് ബൽവീർ സിങ് നടത്തിയ ഏറ്റവും വലിയ ക്രൂരകൃത്യം അരങ്ങേറിയത്. അംബാസമുദ്രം നഗരത്തിൽ രണ്ടു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടാവുകയും ഇതേത്തുടർന്ന് രണ്ട് കൗമാര പ്രായക്കാർ ഉൾപ്പെടെ ഒൻപതു പേരെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത പ്രതികൾ അന്നു രാത്രിയും അടുത്ത ദിവസം രാവിലെയും ബൽവീർ സിങ്ങിന്റെ ക്രൂരകൃത്യത്തിനു വിധേയരായി.
മർദനത്തിൽ പ്രതികളിൽ അഞ്ചുപേരുടെ പല്ല് കൊഴിഞ്ഞു. വായിൽ ഉരുളൻ കല്ലുകൾ തിരുകിയ ശേഷം വായടച്ചുപിടിച്ച് മുഖത്തടിക്കുന്നതായിരുന്നു ഒരു മർദ്ദനരീതി. ഇതിനു വിധേയരായവർക്ക് ഗുരുതരമായി പരുക്കേറ്റു. അറസ്റ്റിലായവരിൽ ഒരാൾ നവവരനായിരുന്നു. ഇയാളുടെ ജനനേന്ദ്രിയവും മർദനത്തിൽ തകർത്തു. അംബാസമുദ്രത്തിലും സമീപത്തെ വിക്രംസിങ്കപുരം പൊലീസ് സ്റ്റേഷനിലുമായിരുന്നു കസ്റ്റഡിയിലെടുത്തവർ ക്രൂരപീഡനത്തിന് ഇരയായത്. എഎസ്പിയും പൊലീസ് സംഘത്തിലുണ്ടായിരുന്ന ഗൺമാൻ ഉൾപ്പെടെയുള്ളവരും പ്രതികളെ മർദിച്ചു.
രണ്ടാഴ്ചയ്ക്കു ശേഷം പ്രതികളിൽ മൂന്നുപേർ ജാമ്യംനേടി ഇറങ്ങിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. കസ്റ്റഡിയിലിരുന്നപ്പോൾ നേരിട്ട ക്രൂരത ഇവർ വിവരിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. അന്നു രാത്രി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ ബൽവീർ സിങ് കയ്യുറ ധരിച്ചിരുന്നുവെന്നും പല്ല് പിഴുതെടുക്കാനായി ചവണയുമായാണ് സെല്ലിലേക്ക് വന്നതെന്നും അവർ വെളിപ്പെടുത്തി. ഇതോടെ ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നു കാണിച്ച് അഭിഭാഷകൻ വി.മഹാരാജൻ എഎസ്പിക്കെതിരെ കേസ് ഫയൽ ചെയ്തു.
ഇതോടെ ഈ സംഭവം ആദ്യത്തേതല്ലെന്നും എഎസ്പി നിരന്തരമായി ഇത്തരം പീഡനമുറകൾ സ്വീകരിച്ചിരുന്നുവെന്നുമുള്ള വാർത്തകൾ പുറത്തു വന്നു. അംബാസമുദ്രവും വിക്രംസിങ്കപുരവും കൂടാതെ കല്ലിടൈക്കുറിച്ചി പൊലീസ് സ്റ്റേഷനിലും ബൽവീർ സിങ് തന്റെ ‘വിനോദം’ തുടർന്നിരുന്നതായി റിപ്പോർട്ടുകൾ വന്നു. ബൽവീർ സിങ്ങിന്റെ ക്രൂരതയെ ആദ്യകാലത്ത് നാട്ടുകാർ പ്രോത്സാഹിപ്പിച്ചിരുന്നു എന്നതാണ് വിരോധാഭാസം. ഗാർഹിക പീഡനത്തിന് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷാ ഡ്രൈവറുടെ പല്ല് അടിച്ചു കൊഴിച്ചതായിരുന്നു ആദ്യ സംഭവം. ഓട്ടോ ഡ്രൈവറുടെ ഭാര്യയുടെ പരാതിയിലായിരുന്നു നടപടി. എഎസ്പിയുടെ പ്രവൃത്തിയെ പുകഴ്ത്തി നാട്ടുകാർ ഫ്ലെക്സ് ബോർഡ് പോലും വച്ചു.
എന്നാൽ മാർച്ച് 10ന് നടന്ന ക്രൂരകൃത്യങ്ങൾ സകല സീമകളേയും ലംഘിക്കുന്നതായി. പ്രശ്നം നിയമസഭയിൽ ചർച്ചയ്ക്കു വന്നു. ബൽവീർ സിങ്ങിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉത്തരവിട്ടു. പൊലീസ് സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ ചൈന്നൈയിലെ പൊലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ച ബൽവീർ സിങ്ങിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പീഡന പരമ്പരയുടെ വിവരം പുറത്തുവന്നതോടെ ബൽവീർ സിങ്ങിന്റെ സൂപ്പർവൈസിങ് ഓഫിസറും തിരുനെൽവേലി എസ്പിയുമായ പി.ശരവണനെയും എട്ട് ജൂനിയർ പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു.
സംഭവത്തിൽ പ്രതികരണവുമായി നിരവധി ഐപിഎസ് ഓഫിസർമാർ രംഗത്തെത്തിയിരുന്നു. ബൽവീർ സിങ് മാധ്യമവിചാരണ നേരിടുന്നതായി തമിഴ്നാട് ഐപിഎസ് ഓഫിസേഴ്സ് അസോസിയേഷൻ ഏപ്രില്‍ 4ന് പ്രസ്താവന പുറത്തിറക്കി. എന്നാൽ സിങ്ങിന്റെ പ്രവൃത്തിയെ നിശിതമായി വിമർശിച്ച ഉദ്യോഗസ്ഥരും കുറവല്ല. സീനിയർ ഓഫിസർമാരിൽനിന്ന് ബൽവീർ സിങ്ങിന് കൃത്യമായ നിർദേശങ്ങൾ ലഭിക്കാഞ്ഞതാണ് തുടരെ പീഡനങ്ങളിലേക്കു നയിച്ചതെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. പൊലീസിങ്ങിനെക്കുറിച്ചും പ്രാദേശികമായ വിഷയങ്ങളിലും ബൽവീർ സിങ്ങിന് ധാരണയില്ലാത്തതാകാം ഇത്തരം ക്രൂരകൃത്യങ്ങളിലേക്ക് അയാളെ നയിച്ചതെന്ന് ചിലർ പറയുന്നു.
ബൽവീർ സിങ്ങിനെതിരെ നടപടി സ്വീകരിക്കാൻ വൈകുന്നതിൽ വൻപ്രതിഷേധവുമായി മുഷ്യാവകാശ പ്രവർത്തകർ രംഗത്തുവന്നിരുന്നു. സുപ്രീം കോടതി ഉത്തരവുകൾ പോലും ലംഘിച്ചുകൊണ്ടാണ് എഎസ്പി പെരുമാറിയതെന്നും സംഭവത്തിൽ കേസെടുക്കാൻ വൈകുന്നത് അംഗീകരിക്കാനാവില്ലെന്നും മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ വി.സുരേഷ് വ്യക്തമാക്കി. ഏപ്രിൽ ഏഴിന് തമിഴ്നാട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പിന്നാലെ മുതിർന്ന ഐഎഎസ് ഓഫിസർ പി.അമുധയുടെ നേതൃത്വത്തിൽ സർക്കാർ അന്വേഷണ കമ്മിഷനെ നിയമിച്ചു.
കമ്മിഷന്റെ നിർദേശ പ്രകാരം കേസ് ക്രൈബ്രാഞ്ചിന് കൈമാറി. ഏപ്രിൽ 18നാണ് ബൽവീർ സിങ്ങിനെതിരെ ആദ്യത്തെ കേസ് റജിസ്റ്റർ ചെയ്തത്. സുഭാഷ് എന്നയാൾ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. പിന്നാലെ പരാതിയുമായി മറ്റുചിലരും രംഗത്തെത്തി. ഇതുവരെ നാലു കേസുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി. ഇതിന്റെ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് ബൽവീർ സിങ്ങിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി വന്നിരിക്കുന്നത്. മനുഷ്യാവകാശ ലംഘനം ഇല്ലാതാക്കുക എന്നതിനു പുറമെ പൊലീസിനു നഷ്ടപ്പെട്ട സൽപ്പേര് തിരിച്ചുപിടിക്കേണ്ടതും സർക്കാരിനു മുന്നിലെ വെല്ലുവിളിയാണ്. തുടക്കക്കാരായ ഐപിഎസ് ഓഫിസർമാർക്കുള്ള സന്ദേശം കൂടിയാവും തുടർനടപടികളെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകർ കണക്കാക്കുന്നു.