തെരുവ് നായ ആക്രമണം; ആഴ്ന്നിറങ്ങിയ ഓരോ പല്ലിനും 10,000 രൂപ വീതം നഷ്ടപരിഹാരം നൽകണം: കോടതി
Mail This Article
ചണ്ഡിഗഡ്∙ തെരുവ് നായ കടിച്ചാൽ വൻതുക നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവുമായി പഞ്ചാബ് ഹരിയാന ഹൈക്കോടതി. എത്ര പല്ലുകൾ ശരീരത്തിൽ ആഴ്ന്നിറങ്ങിയോ അതിനനുസരിച്ചാണ് നഷ്ടപരിഹാരം നൽകേണ്ടത്. ആഴ്ന്നിറങ്ങിയ ഓരോ പല്ലിനും പതിനായിരും രൂപവീതം നഷ്ടപരിഹാരം നൽകണം. മുറിവിന് 0.2 സെന്റീമീറ്റർ ആഴമുണ്ടെങ്കിൽ 20,000 രൂപ നൽകണമെന്നും ഉത്തരവിൽ പറയുന്നു. തെരുവ് നായ ആക്രമണവുമായി ബന്ധപ്പെട്ട 193 ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
നഷ്ടപരിഹാരം നൽകാൻ സർക്കാരോ ബന്ധപ്പെട്ട സ്ഥാപനങ്ങളോ സ്വകാര്യ വ്യക്തികളോ ഉത്തരവാദികളാണ്. തെരുവ് നായ ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ നഷ്ടപരിഹാരം നൽകുന്നത് തീരുമാനിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കാൻ പഞ്ചാബ്, ഹരിയാന, കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡ് ഭരണകൂടങ്ങളോട് കോടതി ആവശ്യപ്പെട്ടു. ഡപ്യൂട്ടി കമ്മിഷണർ ചെയർപേഴ്സൻ ആയാണ് കമ്മിറ്റി രൂപീകരിക്കേണ്ടത്. പശു, കാള, കുരങ്ങ്, പട്ടി, എരുമ തുടങ്ങിയവയുടെ ആക്രമണത്തിൽ പരുക്കേൽക്കുന്നവർക്കും നഷ്ടപരിഹാരം നൽകുന്നതിന് നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
തെരുവ് നായ ഓടിച്ചതിനെത്തുടർന്ന് വാഗ് ബക്റി തേയില ഗ്രൂപ്പ് ഡയറക്ടർ മരിച്ചതിനെ തുടർന്ന് തെരുവ് നായ ആക്രമണവുമായി ബന്ധപ്പെട്ട് വിപുലമായ ചർച്ച ആരംഭിച്ചിരുന്നു. തെരുവ് നായകളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരണം നടന്നു. കുട്ടികൾ ഉൾപ്പെടെ തെരുവ് നായ ആക്രമണത്തിനിരയാകുന്നത് ഉയർത്തിപ്പിടിച്ചായിരുന്നു ക്യാംപയിൻ. ഇതിനു പിന്നാലെയാണ് കോടതി ഉത്തരവ് പുറത്തുവന്നത്.