പോര് തുടർന്ന് തമിഴ്നാട് ഗവർണർ, ബില്ലുകൾ തിരിച്ചയച്ചു; നാളെ പ്രത്യേക നിയമസഭാ സമ്മേളനം
Mail This Article
ചെന്നൈ ∙ സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ തിരിച്ചയച്ച് തമിഴ്നാട് സർക്കാരിനെതിരെ വീണ്ടും പോർമുഖം തുറന്ന് ഗവർണർ ആർ.എൻ.രവി. സർവകലാശാലാ വിസിമാരുടെ നിയമനം, വിസിമാരെ നിയമിക്കാൻ മുഖ്യമന്ത്രിയെ അധികാരപ്പെടുത്തൽ തുടങ്ങി പത്തിലേറെ ബില്ലുകളാണു മാസങ്ങൾക്കു ശേഷം ഗവർണർ തിരിച്ചയച്ചത്. ബില്ലുകളിൽ ഒപ്പിടാത്ത നടപടിക്കെതിരെ കഴിഞ്ഞ ദിവസം സുപ്രീം കോടതി പ്രതികരിച്ചതിനു പിന്നാലെയാണു ഗവർണറുടെ നടപടി. അതേസമയം, ബില്ലുകൾ വീണ്ടും പാസാക്കി ഗവർണർക്ക് അയയ്ക്കുന്നതിനു നിയമസഭയുടെ പ്രത്യേക സമ്മേളനം നാളെ ചേരാൻ സർക്കാർ തീരുമാനിച്ചു.
ബില്ലുകളിൽ ഒപ്പിടാത്തതിനു പുറമേ ചില സർക്കാർ ഉത്തരവുകൾ, തടവുകാരെ വിട്ടയയ്ക്കാനുള്ള തീരുമാനം എന്നിവയിലും ഗവർണർ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഓൺലൈൻ റമ്മി നിരോധനം, നീറ്റ് റദ്ദാക്കൽ തുടങ്ങി വളരെ പ്രധാനപ്പെട്ട ബില്ലുകൾ അംഗീകരിക്കാൻ ഗവർണർ തയാറായിരുന്നില്ല. കഴിഞ്ഞ ദിവസം അന്തരിച്ച സിപിഎം നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായ എൻ.ശങ്കരയ്യയ്ക്ക് ഓണററി ഡോക്ടറേറ്റ് നൽകാനുള്ള മധുര കാമരാജ് സർവകലാശാലയുടെ നിർദേശത്തിൽ തീരുമാനമെടുക്കാതെ ഗവർണർ വൈകിപ്പിച്ചിരുന്നു. ബില്ലുകളിലും ഫയലുകളിലും തീരുമാനമെടുക്കാത്ത ഗവർണറുടെ നടപടികൾക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതിയിൽ നിലവിലുണ്ട്.