ബാങ്കുകളുടെ സമീപനം ക്രൂരം; കർഷകരുടെ നെല്ല് മുഴുവൻ സംഭരിക്കും: പി.പ്രസാദ്
Mail This Article
ആലപ്പുഴ∙ കർഷകരുടെ നെല്ല് മുഴുവൻ സംഭരിക്കുമെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും മന്ത്രി പി.പ്രസാദ്. പരാതി വന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു ഹെക്ടറിൽനിന്ന് എത്ര നെല്ല് ലഭിക്കും എന്ന കണക്കെടുത്തതെന്നും മന്ത്രി പറഞ്ഞു.
‘‘എത്ര വിളവു വന്നാലും സംഭരിക്കും. പിആർഎസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇന്ന് ആലപ്പുഴയിൽ ബാങ്കുകളുടെ യോഗത്തിൽ ചർച്ച ചെയ്യും. സംസ്ഥാനതല ബാങ്കിങ് കമ്മിറ്റി കൺവീനറെ ഉൾപ്പെടെ കലക്ടറേറ്റിലേക്കു വിളിച്ചിട്ടുണ്ട്. കർഷകനു കുടിശിക ഉണ്ടാകാതിരിക്കാനാണു പിആർഎസ് സംവിധാനത്തിൽ സർക്കാർ ഗ്യാരന്റി നിന്നത്.
ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി വായ്പ നൽകാമെന്നു പറഞ്ഞതായി മരിച്ച കെ.ജി.പ്രസാദിന്റെ കുടുംബം അറിയിച്ചു. ബാങ്കുകളുടെ സമീപനം ക്രൂരമാണ്. കർഷകരുടെ മക്കൾക്കു വിദ്യാഭ്യാസ വായ്പയടക്കം നിഷേധിക്കുന്നു. ഇതെല്ലാം സർക്കാർ പരിശോധിക്കും’’ – മന്ത്രി പറഞ്ഞു.
നേരത്തെ വായ്പ നിഷേധിച്ച കാര്യം പ്രസാദിന്റെ കുടുംബം അറിയിച്ചു. വലിയ തുക വായ്പ നൽകാൻ ബാങ്ക് ഇപ്പോൾ തയാറായി. കെ.ജി.പ്രസാദിന് 800 സിബിൽ സ്കോർ ഉണ്ട് എന്നതിനെപ്പറ്റി അറിയില്ലെന്നും മന്ത്രി പറഞ്ഞു.