ഷക്കീറയെ വിചാരണ ചെയ്യാൻ സ്പാനിഷ് കോടതി; 8 വർഷം ജയിലിലടയ്ക്കണമെന്ന് അഭിഭാഷകർ
Mail This Article
ബാർസിലോന∙ നികുതി തട്ടിപ്പ് കേസിൽ കൊളംബിയൻ സൂപ്പർ താരം ഷക്കീറയെ തിങ്കളാഴ്ച വിചാരണ ചെയ്യും. ഗ്രാമി അവാർഡ് ജേതാവായ ഗായികയ്ക്ക് എട്ടു വർഷത്തെ തടവുശിക്ഷ നൽകണമെന്നാണ് സ്പാനിഷ് പ്രോസിക്യൂട്ടർമാർ കോടതിയിൽ ആവശ്യപ്പെട്ടത്. 2012നും 2014നും ഇടയിൽ നേടിയ വരുമാനത്തിനു നികുതിയടയ്ക്കാതെ സ്പെയിൻ സർക്കാരിന് 14.5 ദശലക്ഷം യൂറോ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം. എന്നാൽ 2015ലാണ് സ്പെയിനിലേക്കു സ്ഥിരമായി താമസം മാറിയെന്ന് അവകാശപ്പെട്ട ഷക്കീറ ആരോപണം നിഷേധിച്ചു.
2012നും 2014നും ഇടയിൽ ഷക്കീറ എത്രകാലം സ്പെയിനിൽ ചെലവഴിച്ചു എന്നതിനെ കേന്ദ്രീകരിച്ചാണ് കേസ്. ഇക്കാലയളവിന്റെ പകുതിയിലേറെ സമയവും രാജ്യത്തു ചെലവഴിച്ചതിനാൽ താരം നികുതി അടയ്ക്കണമെന്നാണ് സ്പാനിഷ് അധികൃതർ പറയുന്നത്. സ്പാനിഷ് ഫുട്ബോൾ ക്ലബായ എഫ്‌സി ബാർസിലോനയുടെ മുൻ താരം ജെറാർദ് പീക്കെയുമായുള്ള ബന്ധം 2011ൽ പരസ്യമായതിന് ശേഷം ഷക്കീറ സ്‌പെയിനിലേക്ക് താമസം മാറിയെന്ന് അവർ പറയുന്നു. 2015 വരെ ബഹാമാസിൽ വസതിയുണ്ടായിരുന്നെന്നും പറയുന്നു.
സ്പെയിനിൽ നികുതി അടയ്ക്കാതിരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഷക്കീറ നീങ്ങിയതെന്ന് പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ ആരോപിച്ചു. താരത്തിന് എട്ടു വർഷവും രണ്ടു മാസവും തടവും ഏകദേശം 24 ദശലക്ഷം യൂറോ പിഴയും ചുമത്തണമെന്ന് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെടുന്നു. എന്നാൽ 2014 വരെ ഷക്കീറ ‘നാടോടി ജീവിതം’ ആണ് നയിച്ചിരുന്നതെന്നും രാജ്യാന്തര ടൂറുകളിൽനിന്നാണ് സമ്പാദ്യത്തിന്റെ ഭൂരിഭാഗവും നേടിയതെന്നും ഷക്കീറയുടെ അഭിഭാഷകർ വാദിച്ചു. 2015 ജനുവരിയിൽ രണ്ടാമത്തെ മകൻ ജനിക്കുന്നതിന് തൊട്ടുമുൻപാണ് താരം ബാർസിലോനയിലേക്ക് സ്ഥിരമായി താമസം മാറിയതെന്നും അവർ പറഞ്ഞു.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ സെലിബ്രിറ്റി ദമ്പതികളിൽ ഒന്നായിരുന്ന ഷക്കീറയും ജെറാർദ് പീക്കെയും 2022 ജൂണിലാണ് വേർപിരിഞ്ഞത്. മിലൻ, സാഷ എന്നീ രണ്ട് ആൺമക്കൾക്കൊപ്പം ഏപ്രിലിൽ ഷക്കീറ മയാമിയിലേക്ക് താമസം മാറി. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 10നു ഷക്കീറയുടെ കേസിൽ കോടതിയിൽ വിചാരണ ആരംഭിക്കും. ഡിസംബർ 14 വരെയാണ് വിചാരണ. ഏകദേശം 120 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തും. ആദ്യ ദിവസം ഷക്കീറ കോടതിയിലെത്തുമെന്നും പിന്നീട് ഹാജരാകാതിരിക്കാനുള്ള അപേക്ഷ നൽകുമെന്നുമാണ് റിപ്പോർട്ട്.