തെരുവിൽ നേരിടുന്നതൊക്കെ കണ്ടതാണ്; പ്രത്യാഘാതം അനുഭവിക്കേണ്ടി വരും: പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി
Mail This Article
കണ്ണൂർ∙ നവകേരള ബസിനു മുന്നിൽ കരിങ്കൊടി പ്രതിഷേധവും തുടർന്ന് സംഘർഷവും അങ്ങേറിയതിനു പിന്നാലെ പ്രതിപക്ഷത്തെ താക്കീത് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. തെരുവിൽ നേരിടുമെന്ന കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പ്രസ്താവനയെയാണ് മുഖ്യമന്ത്രി വിമർശിച്ചത്. തെരുവിൽ നേരിടുന്നതൊക്കെ ഒരുപാട് കണ്ടതാണെന്നും അങ്ങനെ വന്നാൽ അതിന്റെ പ്രത്യാഘാതവും അനുഭവിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘‘ഒരു പ്രധാന നേതാവ് പറഞ്ഞത് ഞങ്ങൾ തെരുവിൽ നേരിടുമെന്നാണ്. തെരുവിൽ നേരിടുന്നതൊക്കെ നമ്മളെത്ര കണ്ടതാണ്. ഞങ്ങളെയല്ല തെരുവിൽ നേരിടുമെന്നു നിങ്ങൾ പറഞ്ഞത്. നിങ്ങൾ ജനങ്ങളെയാണു തെരുവിൽ നേരിടുമെന്നു പറയുന്നത്. അതു നിങ്ങൾ മനസ്സിലാക്കണം. അതിന്റെ കൃത്യമായ പ്രത്യാഘാതവും നിങ്ങൾ ശരിക്ക് ഉൾക്കൊള്ളണം’’– പിണറായി വിജയൻ പറഞ്ഞു. ധർമടം മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, പഴയങ്ങാടിയിൽ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചിരുന്നു. മന്ത്രിമാർ സഞ്ചരിച്ച ബസിനു മുന്നിലേക്ക് ചാടിയ കോൺഗ്രസ് പ്രവർത്തകരുടെ ജീവൻ രക്ഷിക്കാനാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ശ്രമിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ‘‘ആരെങ്കിലും ട്രെയിനിനു മുന്നിലേക്ക് ചാടുന്ന ഒരാളെ കണ്ടാൽ തള്ളിമാറ്റുകയല്ലേ ചെയ്യുക. വേറൊരു തരത്തിൽ എടുക്കേണ്ട’’– മുഖ്യമന്ത്രി പറഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകരുടെ നടപടി മാതൃകാപരമാണെന്നും ഇതു തുടരണമെന്നാണ് ആഗ്രഹമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.