ADVERTISEMENT

വാഷിങ്ടൻ∙ ഖലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുവിനെ അമേരിക്കയിൽവച്ച് വധിക്കാനുള്ള ഗൂഢാലോചന യുഎസ് അധികൃതർ പരാജയപ്പെടുത്തിയതായി റിപ്പോർട്ട്. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന നിഗമനത്തിൽ ഇന്ത്യയ്ക്ക് യുഎസ് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്. യുഎസ് ആസ്ഥാനമായുള്ള നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ (എസ്‌എഫ്‌ജെ) തലവനാണ് ഗുർപട്‌വന്ത് സിങ് പന്നു.

ഇന്ത്യയെ യുഎസ് പ്രതിഷേധം അറിയിച്ചതാണോ പന്നുവിനെ വധിക്കാനുള്ള ഗൂഢാലോചന ഉപേക്ഷിക്കാൻ കാരണം അഥവാ എഫ്ബിഐ ഇടപെട്ട് ഗൂഢലോചന തകർക്കുകയായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ജൂണിൽ വാൻകൂവറിൽ കൊല്ലപ്പെട്ട കനേഡിയൻ സിഖ് വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തെ തുടർന്നാണ് അമേരിക്കയിൽവച്ചു നടന്ന ഗൂഢാലോചനയെക്കുറിച്ച് യുഎസ് ചില സഖ്യകക്ഷികളെ അറിയിച്ചത്. സെപ്റ്റംബറിൽ നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുള്ളതിനു തെളിവുണ്ടെന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞതിനു പിന്നിൽ ഇതോണോ എന്നു സംശയമുയരുന്നുണ്ട്.

കഴിഞ്ഞ ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടനിൽ എത്തിയപ്പോഴാണ് യുഎസ് പ്രതിഷേധം അറിയിച്ചതെന്നാണ് രാജ്യാന്തര മാധ്യമമായ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തത്. ഇതു കൂടാതെ, ഗൂഢാലോചനയ്ക്കെതിരെ യു‌എസ് ഫെഡറൽ പ്രോസിക്യൂട്ടർമാർ ന്യൂയോർക്കിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതായും അവർ റിപ്പോർട്ടു ചെയ്തു. കുറ്റപത്രത്തിലെ ആരോപണങ്ങൾ പരസ്യമാക്കണോ അതോ നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കാനഡ അന്വേഷണം പൂർത്തിയാകുന്നതുവരെ കാത്തിരിക്കണോ എന്ന് യുഎസ് നീതിന്യായ വകുപ്പ് ചർച്ച ചെയ്യുന്നു. കുറ്റപത്രത്തിൽ പ്രതിച്ചേർക്കപ്പെട്ടയാൾ യുഎസ് വിട്ടതായും റിപ്പോർട്ടുണ്ട്.

ഖലിസ്ഥാൻ ഭീകരവാദത്തിന്റെ സൈബർ മുഖമായാണു പന്നു അറിയപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾക്കെതിരെ ഭീഷണി വിഡിയോകൾ പുറത്തിറക്കി കുപ്രസിദ്ധനായ പന്നു ജൂലൈയിൽ റോഡപകടത്തിൽ കൊല്ലപ്പെട്ടുവെന്നു സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി മുഴക്കിക്കൊണ്ട് ഏതാനും ദിവസങ്ങൾക്കകം പന്നുവിന്റെ പുതിയ വിഡിയോ പ്രത്യക്ഷപ്പെട്ടു. പന്നുവിന്റെ ഇന്ത്യയിലെ സ്വത്തുക്കൾ എൻഐഎ സെപ്റ്റംബറിൽ കണ്ടുകെട്ടിയിരുന്നു.

എയർ ഇന്ത്യ വിമാനങ്ങൾക്കും നേരെ ഭീഷണിയുയർത്തിയ പന്നുവിനെതിരെ കഴിഞ്ഞ ദിവസം എൻഐഎ കേസ് റജിസ്റ്റർ ചെയ്തിരുന്നു. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. നവംബർ 19ന് എയർ ഇന്ത്യ വിമാനങ്ങൾ പറക്കാൻ അനുവദിക്കില്ലെന്നായിരുന്നു വിഡിയോ വഴിയുള്ള ഭീഷണി. ഡൽഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളം 19ന് അടച്ചിടുമെന്നും അതിന്റെ പേരു മാറ്റുമെന്നും പറഞ്ഞിരുന്നു.

English Summary:

US thwarted conspiracy to assassinate Sikh separatist, issued warning to India: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com