‘വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന് ജീവന്റെ വില; അവയവദാനം മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃക’
Mail This Article
കോഴിക്കോട് ∙ വെറ്റ് ലീസ് വ്യവസ്ഥയിൽ കേരള പൊലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന് ജീവന്റെ വിലയാണുള്ളതെന്ന് ആവർത്തിച്ചുറപ്പിച്ച സംഭവമാണ് ശനിയാഴ്ച നടന്നതെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ അവയവങ്ങൾ തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്ക് എത്തിച്ച സംഭവത്തേക്കുറിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മരണാനന്തര അവയവദാനം മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണെന്നും മരിച്ച സെൽവിൻ ശേഖറിന്റെ ഭാര്യയുടേയും കുടുംബത്തിന്റേയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. ആരോഗ്യ രക്ഷാ പ്രവർത്തനത്തിന് ഇടപെടൽ നടത്തിയ പൊലീസിനെയും ആരോഗ്യ വകുപ്പിനെയും ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
തമിഴ്‌നാട്ടിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു സെല്‍വിന്‍ ശേഖര്‍. ഭാര്യയും സ്റ്റാഫ് നഴ്‌സാണ്. കടുത്ത തലവേദനയെ തുടര്‍ന്ന് അവിടുത്തെ ആശുപത്രിയിലും നവംബര്‍ 21ന് കിംസിലും സെല്‍വിന്‍ ശേഖര്‍ ചികിത്സ തേടിയിരുന്നു. പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തി. ചികിത്സകള്‍ തുടരവേ നവംബര്‍ 24ന് മസ്തിഷ്‌ക മരണമടയുകയായിരുന്നു. അവയവദാനത്തിന്റെ പ്രാധാന്യമറിയുന്ന ഭാര്യയാണ് അവയവദാനത്തിനു സന്നദ്ധതയറിയിച്ചത്.
സെല്‍വിന്‍ ശേഖറിന്റെ ഹൃദയം, വൃക്കകള്‍, പാന്‍ക്രിയാസ്, കണ്ണുകള്‍ എന്നിവയാണു ദാനം നല്‍കിയത്. ഹൃദയം ലിസി ഹോസ്പിറ്റലിലെ രോഗിക്കും ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണു നല്‍കിയത്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ 2 രോഗികള്‍ക്കു നല്‍കി. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ സോട്ടോ വഴിയാണ് അവയവദാനം നിര്‍വഹിച്ചത്.