ബിജെപി 26 സീറ്റിലും ഷിൻഡെ-അജിത് വിഭാഗം 22 സീറ്റിലും മത്സരിച്ചേക്കും; 42 സീറ്റിൽ ജയസാധ്യത: ഫഡ്നാവിസ്
Mail This Article
മുംബൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ 26 ഇടത്ത് ബിജെപിയും ശേഷിക്കുന്ന 22 സീറ്റുകളിൽ സഖ്യകക്ഷികളായ ഷിൻഡെ വിഭാഗം ശിവസേനയും അജിത് പവാർ നേതൃത്വം നൽകുന്ന എൻസിപിയും ചേർന്നു മത്സരിച്ചേക്കുമെന്ന് മുതിർന്ന ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. ഏകദേശധാരണ ആയതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി 25 സീറ്റുകളിലും അവിഭക്ത ശിവസേന 23 സീറ്റുകളിലുമാണ് മത്സരിച്ചിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സംവരണത്തെ ചൊല്ലിയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
48 മണ്ഡലങ്ങളിലും സർവേ നടത്തി. നാൽപത്തിരണ്ടിലും വിജയസാധ്യതയുണ്ട്. സ്ഥാനാർഥികളെ സംബന്ധിച്ചും ഏകദേശ ധാരണയുണ്ട്. വിജയസാധ്യത മാത്രം പരിഗണിച്ചാകും സ്ഥാനാർഥികളെ നിശ്ചയിക്കുക. മുൻകാലങ്ങളെക്കാൾ മികച്ച പ്രകടനം സംസ്ഥാനത്ത് ബിജെപി നടത്തുമെന്ന് ഫഡ്നാവിസ് അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസം അമിത് ഷായെ ഡൽഹിയിൽ സന്ദർശിച്ചത് സീറ്റ് വിഭജനത്തെക്കുറിച്ച് ചർച്ച ചെയ്യാനാണെന്ന് അജിത് പവാർ വ്യക്തമാക്കിയിരുന്നു.