‘കുട്ടിയെ വീട്ടിലെത്തിച്ച് ഭക്ഷണം നൽകി, ലാപ്ടോപ്പിൽ കാർട്ടൂൺ കാണിച്ചു; ഷോക്ക് വിടുന്നതേയുളളൂ’
Mail This Article
കൊല്ലം ∙ ഓയൂരിൽനിന്ന് അബിഗേൽ സാറ റെജിയെന്ന ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ അക്രമി സംഘത്തിൽപ്പെട്ടവരെ ഉടൻ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്ന് എഡിജിപി എം.ആർ. അജിത് കുമാർ. പ്രതികൾ ഈ ഭാഗത്തുള്ളവർ തന്നെയാകാനാണ് സാധ്യതയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനു സ്ഥിരീകരണമില്ല. ഇന്നലെ രാത്രി കുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയ അക്രമികൾ, കുട്ടി കരയാൻ ശ്രമിച്ചപ്പോൾ വാപൊത്തുകയും കാറിന്റെ പിൻസീറ്റിൽ കിടത്തുകയും ചെയ്തു. ഒരു വലിയ വീട്ടിലെത്തിച്ച ശേഷം ഭക്ഷണം നൽകി ലാപ്ടോപ്പിൽ കാർട്ടൂണും കാണാൻ സമ്മതിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
‘‘കുട്ടിയെ സുരക്ഷിതമായി തിരിച്ചുകിട്ടിയതാണ് ഇതിലെ ഏറ്റവും സന്തോഷകരമായ കാര്യം. ഇന്നലെത്തന്നെ ഞങ്ങൾ സാധിക്കാവുന്നത്ര ക്യാമറകൾ പരിശോധിച്ചു. ഒടുവിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വാഹനം വൈകുന്നേരത്തോടെ കണ്ടെത്തി. കല്ലുവാതുക്കലായിരുന്നു അത്. അതേസമയം, ഒരു ഓട്ടോയിൽ വന്ന് പാരിപ്പള്ളിയിൽനിന്ന് കുറച്ചു സാധനങ്ങൾ വാങ്ങിക്കൊണ്ടു പോയതായി പറയുന്നുണ്ട്. അത് സ്ഥിരീകരിച്ചിട്ടില്ല. അവരു തന്നെയാണോയെന്നും വ്യക്തമല്ല.
‘‘കുട്ടി ഇപ്പോഴും സാധാരണ പോലെ സംസാരിക്കാവുന്ന നിലയിലായിട്ടില്ല. ആ ഷോക്കിൽനിന്ന് വിട്ടു വരുന്നതേയുള്ളൂ. ഇപ്പോഴും നിരീക്ഷണത്തിൽ തുടരുകയാണ്. എങ്കിലും കുട്ടിയുമായി പ്രാഥമികമായി സംസാരിച്ചതിൽനിന്നു മനസ്സിലാക്കുന്ന കാര്യങ്ങൾ ഇതാണ്; കുട്ടിയെ അവർ വാഹനത്തിൽ കയറ്റുകയും കരയാൻ തുടങ്ങിയപ്പോൾ വായ പൊത്തിപ്പിടിക്കുകയും ചെയ്തു. കുട്ടിയെ പിന്നിലെ സീറ്റിൽ കിടത്തിയാണ് കൊണ്ടുപോയത്.
‘‘പിന്നെ ഒരു വലിയ വീട്ടിലേക്കു കൊണ്ടുപോയി എന്നാണ് കുട്ടി പറഞ്ഞത്. അവിടെയെത്തിയപ്പോൾ വാഹനത്തിൽനിന്ന് ഇറക്കി ഒരു മുറിയിലേക്കു മാറ്റി. പിന്നെ അവർ വേറൊന്നും ചെയ്തില്ല. കുട്ടിക്ക് ആവശ്യമുള്ള ഭക്ഷണം വാങ്ങിക്കൊടുത്തു. കുട്ടിയെ ലാപ്ടോപ്പിൽ കാർട്ടൂൺ കാണാൻ സമ്മതിച്ചു. പിന്നെ കുട്ടി ഉറങ്ങി. രാവിലെ കുട്ടിയെ മറ്റൊരു വാഹനത്തിൽ ചിന്നക്കടയിലെത്തിച്ചു. അതൊരു നീല വാഹനമാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥിരീകരിച്ചിട്ടില്ല. അവിടെനിന്ന് ഓട്ടോറിക്ഷയിൽ കയറ്റി ആശ്രാമം മൈതാനത്ത് എത്തിക്കുകയും ചെയ്തു.
‘‘കുട്ടി ഷോക്കിൽനിന്ന് മാറി സാധാരണ രീതികളിലേക്കു മാറുന്നതിന് അനുസരിച്ചു മാത്രമേ നമുക്കു കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാകൂ. കേസുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും നമ്മൾ പരിശോധിക്കുന്നുണ്ട്. സംശയിക്കുന്നവരുടെ പട്ടിക തയാറാക്കി പ്രത്യേകം പരിശോധന നടത്തുന്നുണ്ട്. അന്വേഷണം ഇപ്പോൾ പ്രാരംഭ ഘട്ടത്തിൽ മാത്രമാണ്. കുട്ടിയെ കണ്ടെത്തുക എന്നതായിരുന്നു പ്രധാനപ്പെട്ട ലക്ഷ്യം. കുഴപ്പമൊന്നും കൂടാതെ കുട്ടിയെ നമുക്കു തിരികെ കിട്ടി. ഉറപ്പായിട്ടും പ്രതികളെ അധികം താമസമില്ലാതെ പിടികൂടാനാകും എന്നാണു ഞങ്ങളുടെ വിശ്വാസം.
‘‘കുട്ടിയെ തിരിച്ചുകിട്ടാനായി നാട്ടുകാരും മാധ്യമപ്രവർത്തകരും സാധാരണ പൊലീസ് കോൺഗ്രസ്റ്റബിൾ മുതൽ എസ്പി വരെയുള്ള ഈ ഭാഗത്തുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും അധ്വാനിച്ചിട്ടുണ്ട്. എസ്പി, ഡിഐജി നിശാന്തിനി, ഐജി സ്പർജൻ കുമാർ, അഡീഷണനൽ എസ്പി പ്രതാപൻ നായർ തുടങ്ങിയവരെല്ലാം ഇന്നലെ രാത്രി മുഴുവൻ ഉറങ്ങാതിരുന്നു പൊലീസ് നടപടികൾ ഏകോപിപ്പിച്ചു. എല്ലാ സ്ഥലങ്ങളിലും പൊലീസിന്റെ നിരീക്ഷണം വർധിപ്പിച്ചിരുന്നു. തെക്കൻ കേരളം ഒട്ടാകെ തന്നെ വാഹന പരിശോധന മാത്രമല്ല, അക്രമികൾ ഒളിവിൽ താമസിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ, ക്വാറികൾ, റബർ തോട്ടങ്ങൾ, ഹോട്ടലുകൾ ഉൾപ്പെടെ എല്ലാം പരിശോധിച്ചിരുന്നു. ഈ ഭാഗം വിട്ട് അവർ പുറത്തുപോകാൻ സാധ്യതയില്ലെന്ന് ഇന്നലെ രാത്രി തന്നെ ഞങ്ങൾ ഉറപ്പിച്ചിരുന്നു. ഇന്നു രാവിലെ തന്നെ അവരെ തിരഞ്ഞു കണ്ടുപിടിക്കാമെന്നായിരുന്നു വിശ്വാസം.
‘‘പൊലീസ് നൽകിയ കടുത്ത സമ്മർദ്ദവും മാധ്യമങ്ങൾ കാണിച്ച ശുഷ്കാന്തിയുമെല്ലാം ചേർന്ന് ഈ നാട്ടിലെ മൂന്നരക്കോടി ജനങ്ങൾ തിരച്ചിലിന് ഇറങ്ങിയതു പോലെയായിരുന്നു. ഈ സമ്മർദങ്ങളെല്ലാം ചേർന്നപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയവർക്ക് വേറെ വഴിയില്ലാതെ കുട്ടിയെ സുരക്ഷിതമായി ആശ്രാമം മൈതാത്ത് കൊണ്ടുവന്നു വിടേണ്ടി വന്നത്. അവിടെയുണ്ടായിരുന്നവർ കുട്ടിയുടെ സഹായത്തോടെ അമ്മയുടെ ഫോണിലേക്കു വിളിച്ച് വിവരം പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കൾ എനിക്കൊപ്പം ഉണ്ടായിരുന്ന സമയത്താണ് വിളി വന്നത്. അപ്പോൾത്തന്നെ പൊലീസ് സംഘം കുട്ടിയുടെ അടുത്തെത്തി സ്റ്റേഷനിലേക്കു മാറ്റി.
‘‘കഴിഞ്ഞ 24 മണിക്കൂർ നമ്മൾ പുറത്തെടുത്ത അധ്വാനം പ്രധാനമാണ്. മുഖ്യമന്ത്രിയും മറ്റു രാഷ്ട്രീയ നേതാക്കളും പ്രതിപക്ഷ നേതാക്കളും ഉൾപ്പെടെ ഞങ്ങളെ ബന്ധപ്പെട്ട് കാര്യങ്ങൾ തിരക്കുന്നുണ്ടായിരുന്നു. അതിനൊപ്പം പൊലീസിന്റെ സമ്മർദ്ദവും മാധ്യമങ്ങളുടെ സഹായവും ചേർന്നപ്പോഴാണ് തട്ടിക്കൊണ്ടു പോയവർക്ക് കുട്ടിയെ സുരക്ഷിതയായി ഉപേക്ഷിക്കേണ്ടി വന്നതെന്നാണ് ഞങ്ങളുടെ വിശ്വാസം.’ – എഡിജിപി പറഞ്ഞു.