ദൈവം ഞങ്ങളുടെ എല്ലാവരുടെയും പ്രാർഥന കേട്ടു; വല്യ സന്തോഷം, നന്ദി: അബിഗേലിന്റെ അമ്മ
Mail This Article
കൊല്ലം∙ മകളെ തിരിച്ചുകിട്ടിയതിൽ എല്ലാവരോടും നന്ദി പറഞ്ഞ് അബിഗേലിന്റെ അമ്മ സിജി. ദൈവം പ്രാർഥന കേട്ടുവെന്നും എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നുവെന്നും അവർ പ്രതികരിച്ചു. മകളെ കാണാതായതിനു പിന്നാലെ പ്രാർഥനയിലായിരുന്നു കുടുംബം.
‘‘വല്യ സന്തോഷം. ദൈവം ഞങ്ങളുടെ എല്ലാവരുടെയും പ്രാർഥന കേട്ടു. കേരളത്തിലുള്ളവരുടെയും കേരളത്തിനു പുറത്തുള്ളവരുടെയും എല്ലാവരുടെയും പ്രാർഥന ദൈവം കേട്ടു. എന്റെ കുഞ്ഞിന് ഒരു കുഴപ്പവും ഉണ്ടാവാതെ ദൈവം തിരിച്ചുതന്നു. എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. അതിനുവേണ്ടി രാപ്പകൽ കഷ്ടപ്പെട്ട മാധ്യമപ്രവർത്തകർ, രാഷ്ട്രീയപ്രവർത്തകർ, പൊലീസുകാർ, നാട്ടുകാർ, ബന്ധുക്കൾക്കും എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. രാത്രിയും രാവിലെയും ആയപ്പോൾ ടെൻഷൻ അടിച്ചു. എന്റെ കുഞ്ഞിന് ഒന്നും വരുത്തല്ലേ എന്ന്’’– അവർ പറഞ്ഞു. സഹോദരിയെ തിരിച്ചുകിട്ടയതിൽ സന്തോഷമെന്ന് സഹോദരൻ ജോനാഥൻ പറഞ്ഞു.
ഇന്നലെ വൈകിട്ട് കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ഓയൂർ കാറ്റാടി ഓട്ടുമല റെജി ഭവനിൽ റെജിയുടെ മകൾ അബിഗേൽ റെജിയെ ഇന്നു ഉച്ചയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്തു നിന്ന് കണ്ടെത്തിയത്. 20 മണിക്കൂറോളം നീണ്ട തിരച്ചിലൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. എസ്എൻ കോളജിലെ വിദ്യാർഥികളാണ് കുട്ടിയെ ആദ്യം കണ്ടത്. ആദ്യം കണ്ടപ്പോൾ ഒരു സ്ത്രീയും ഒപ്പമുണ്ടായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു.
കൊല്ലം ഈസ്റ്റ് പൊലീസിന്റെ സംരക്ഷണയിലായിരുന്ന കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. വൈദ്യപരിശോധനയ്ക്കുശേഷം കുട്ടിയെ വീട്ടിലെത്തിക്കും. എആർ ക്യാപിലാണ് അബിഗേല്‍ ഇപ്പോഴുള്ളത്. അബിഗേല്‍ അമ്മയുമായി വിഡിയോ കോളിൽ സംസാരിച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയവർക്കായി തിരച്ചിൽ തുടരുന്നു. കുട്ടിയെ ഉപേക്ഷിച്ചശേഷം ഇവർ കടന്നുകളഞ്ഞുവെന്നാണ് വിവരം.
സ്കൂളിൽനിന്നെത്തിയതിനുശേഷം അബിഗേലും ജ്യേഷ്ഠൻ നാലാം ക്ലാസുകാരൻ ജോനാഥനും വീട്ടിൽനിന്ന് 100 മീറ്റർ അപ്പുറത്തുള്ള വീട്ടിലേക്കു ട്യൂഷനു പോകുമ്പോഴാണു സംഭവമുണ്ടായത്. കാറിൽ എത്തിയവർ ഒരു നോട്ടിസ് നൽകി, അത് അമ്മയെ ഏൽപിക്കണം എന്നു പറഞ്ഞു ജോനാഥന്റെ ശ്രദ്ധയകറ്റിയ ശേഷം അബിഗേലിനെ കയ്യിൽ പിടിച്ചു കാറിലേക്കു വലിച്ചു കയറ്റുകയായിരുന്നു. ജോനാഥൻ കയ്യിലിരുന്ന വടിയെടുത്ത് തടയാൻ ശ്രമിച്ചു.
കാർ നീങ്ങിയപ്പോൾ ജോനാഥൻ ഡോറിൽ തൂങ്ങിക്കിടന്നു. കാറിലുള്ളവർ ജോനാഥാന്റെ കൈ തട്ടിയകറ്റി. റോഡിലേക്കു വീണ ജോനാഥന്റെ മുട്ടിനു പരുക്കേറ്റു. അങ്കണവാടി അധ്യാപികയായ സുനു സോമരാജൻ ഇതുകണ്ട് ഓടിയെത്തിയപ്പോഴേക്കും കാർ വിട്ടു പോയിരുന്നു. ജോനാഥന്റെ കരച്ചിൽ കേട്ടു പുറത്തിറങ്ങിയ അയൽവാസികൾ അന്വേഷിച്ചപ്പോഴാണു കുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയെന്നു നാട്ടുകാർക്കു മനസ്സിലായത്. ആദ്യം 5 ലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയും ആവശ്യപ്പെട്ട് സിജിയുടെ ഫോണിൽ 2 തവണ കോൾ വന്നിരുന്നു.